ദിലീപിനെ പുറത്താക്കുന്ന വിഷയത്തില്‍ താരസംഘടനയായ എഎംഎംഎ അന്തിമ തീരുമാനമെടുത്തേ പറ്റുവെന്ന് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ കൂടിയായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരം കൊച്ചിയില്‍ നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍, ഈ ആവശ്യം ഉന്നയിച്ച് നടിമാര്‍ നല്‍കിയ കത്ത് ചര്‍ച്ചയായേക്കും.

തങ്ങള്‍ സംഘടനയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്തു നല്‍കിയത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ദിലീപ് വിഷയം ഉള്‍പ്പെടെ നടിമാര്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. മോഹന്‍ലാലിന്റെ മറുടി സ്വാഗതാര്‍ഹമാണെന്ന് നടി രേവതി പ്രതികരിച്ചു.

ദിലീപ് വിഷയം കൂടാതെ സംഘടനിയിൽ വനിതാ സെൽ രൂപീകരിക്കുക, തുല്യ വേതനം ഉറപ്പുവരുത്തുക, ഷൂട്ടിങ് സെറ്റുകളിൽ സ്ത്രീകൾക്ക് ടോയ്ലറ്റ് സംവിധാനങ്ങൾ ഒരുക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ നടിമാർ മുന്നോട്ടു വച്ചിരുന്നു.

Read More: എഎംഎംഎ നിര്‍വാഹകസമിതി യോഗം ഇന്ന്; ദിലീപിനെതിരായ നടപടി ചര്‍ച്ചയ്ക്ക്

നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ താരസംഘടന നടത്തിയ ശ്രമങ്ങളില്‍ പ്രതിഷേധിച്ച് അതിക്രമത്തിന് ഇരയായ നടി ഉള്‍പ്പെടെ നാലുപേര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്. എന്നാല്‍ സംഘടനയില്‍ തുടര്‍ന്നുകൊണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് രേവതി, പാര്‍വ്വതി പത്മപ്രിയ എന്നിവര്‍ തീരുമാനിച്ചത്.

ദിലിപീനെ സംഘടനയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയം വീണ്ടും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു വനിതാ സംഘടന അംഗങ്ങള്‍ കൂടിയായ പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിവര്‍ താരസംഘടയ്ക്ക് കത്തു നല്‍കിയത്. ജൂണ്‍ 24 ന് നടന്ന ‘എ എം എം എ’ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അജണ്ടയില്‍ ഇല്ലാതിരുന്ന വിഷയം എടുത്തു ചര്‍ച്ച ചെയ്തതിന്റെ അനൗചിത്യം ചൂണ്ടി കാണിച്ചു കൊണ്ടാണ് നടിമാര്‍ ‘എ എം എം എ’യ്ക്ക് കത്ത് കൈമാറിയത്. ഇതിനു മറുപടിയായി ചര്‍ച്ചയ്ക്കു തയ്യാറെന്ന് നടി രേവതിക്കു നല്‍കിയ കത്തില്‍ ‘എ എം എം എ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓഗസ്റ്റ് ഏഴിന് ചര്‍ച്ച നടന്നത്.

ഈ ചര്‍ച്ചയ്ക്ക് മുന്നോടിയായി കൊച്ചിയില്‍ എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ദിലീപ് ഇപ്പോളും സംഘടനയ്ക്ക് പുറത്ത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Read More: ‘അമ്മ’ അറിയാന്‍: പാര്‍വ്വതി, പദ്മപ്രിയ എന്നിവര്‍ എഴുതുന്നത്‌

ഈ ചര്‍ച്ചയ്ക്ക് മുന്നോടിയായി കൊച്ചിയില്‍ എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, ദിലീപ് ഇപ്പോളും സംഘടനയ്ക്ക് പുറത്ത് തന്നെയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ചര്‍ച്ചയ്ക്കു ശേഷം തീരുമാനം ആരാഞ്ഞുകൊണ്ട് ഓഗസ്റ്റ് 11ന് നടിമാര്‍ കത്തു നല്‍കി. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പേമാരിയും തുടര്‍ന്നുണ്ടായ പ്രളയവും മൂലം വിഷയത്തില്‍ തീരുമാനമാകാതെ നീണ്ടു പോകുകയായിരുന്നു.

പിന്നീട് ഓഗസ്റ്റ് 21ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേളബാബുവുമായി നടിമാര്‍ ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ അന്നും വിഷയത്തില്‍ കൃത്യമായൊരു നിലപാടെടുക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞില്ല. പിന്നീട് സെപ്റ്റംബര്‍ 15ന് അടുത്ത കത്ത് നല്‍കി. ഇതിലും വ്യക്തമായ മറുപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് നടിമാര്‍ മൂന്നാമത്തെ കത്ത് നല്‍കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook