അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ സിനിമയ്ക്ക് തിയേറ്ററുകളിൽനിന്നും വേണ്ടത്ര പ്രതികരണം ലഭിക്കാത്തതിൽ നിരാശനായി നടൻ ആസിഫ് അലി. അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ റിലീസായി, ഈ സിനിമയുടെ സംവിധാകൻ രോഹിത്ത് ഒരു പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. വേഗം പോയി സിനിമ കാണൂ അല്ലെങ്കിൽ ചിത്രം തിയറ്ററിൽ നിന്നും പോകുമെന്ന്. അതുതന്നെയാണ് എനിക്കും പറയാനുള്ളതെന്ന് ആസിഫ് ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പറഞ്ഞു.

ഒരുപാട് പേരുടെ കഷ്ടപ്പാടുണ്ട് ഈ സിനിമയിൽ. രണ്ടുവർഷം മുമ്പേ ഈ സിനിമയുടെ ഷൂട്ട് തുടങ്ങിയതാണ്. അന്നുമുതലേ ഓമനക്കുട്ടന്റെ വിശേഷങ്ങൾ നിങ്ങൾ അറിയുന്നുണ്ടായിരുന്നു. പിന്നീട് ഒരുപാട് പേർ ചോദിച്ചിരുന്നു എന്താണ് ആ സിനിമയ്ക്ക് പറ്റിയത്. എന്തുകൊണ്ട് റിലീസ് ആകുന്നില്ല. പക്ഷേ അതിനെയെല്ലാം തരണം ചെയ്ത് ചിത്രം റിലീസിനെത്തി. എന്നാൽ ഞങ്ങൾ വിചാരിച്ചതുപോലെ നല്ല തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനോ പബ്ലിസിറ്റി കൊടുക്കാനോ സാധിച്ചില്ല. ചിത്രം റിലീസ് ആയെന്ന് അറിയാത്തവരും ഒരുപാടുണ്ട്.

ഇതിനിടെ മറ്റൊരു വാർത്ത കൂടി ഞാൻ കേട്ടു. ആസിഫ് അലി എന്തുകൊണ്ട് സിനിമ പ്രമോട്ട് ചെയ്തില്ലെന്ന്. അങ്ങനെ പറയരുത്, ഇതെന്റെ സിനിമയാണ്. ഞാൻ ആദ്യമായാണ് ഒരു ക്യാരക്ടർ റോളിൽ അഭിനയിക്കുന്നത്. എന്റെ പ്രിയപ്പെട്ടവരാണ് സിനിമയുടെ പിന്നിലുള്ളവരെല്ലാം. അതൊരു വാർത്ത ആക്കേണ്ട കാര്യമില്ല. രോഹിത്ത് ആണ് അങ്ങനെയൊരു വാർത്ത അയച്ചുതന്നത്. പ്രമോഷൻ എന്നിൽ മാത്രം ഒതുങ്ങുന്നതല്ല.

പോസ്റ്റേഴ്സും ഫ്ലക്സും ഹൈപ്പും ഒക്കെ കൊണ്ടുവന്നാലേ ആളുകൾ വരൂ. അല്ലാതെ ഞാൻ പല ചാനലുകളിൽ പോയി പ്രമോട്ട് ചെയ്താലും ആളുകൾ വരണമെന്നില്ല. ഹണീ ബീ 2വിന് വരെ എന്നെക്കൊണ്ടു പറ്റുന്ന രീതിയിൽ പ്രമോഷൻ ചെയ്തിരുന്നു. അതുപോലെ എല്ലാ സിനിമകളും.

ഇതൊരു ടീം വർക്കിന്റെ വിജയമാണ്. ഭാവനയുടെ ശക്തമായ പിന്തുണ ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു. ഒരുപാട് പ്രശ്നങ്ങളുടെ ഇടയ്ക്കാണ് ഭാവന ഷൂട്ടിങ്ങിനു വന്നത്. ഷൂട്ടിങ്ങിനിടയിൽ ഭാവനയുടെ അച്ഛൻ മരിച്ചു. പക്ഷേ എന്നിട്ടും പെട്ടെന്ന് തന്നെ ഭാവന ഷൂട്ടിങ്ങിൽ പങ്കുചേർന്നു. ഒരുപാട് പേരുടെ കഷ്ടപ്പാടാണ് ഈ സിനിമയെന്നും ആസിഫ് അലി പറയുന്നു.

ആസിഫ് അലിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
Adventures of Omanakuttan ഞാനും കൂടി ഭാഗമായ, പ്രധാന റോളില്‍ അഭിനയിച്ച സിനിമയാണ്. ഈ സിനിമയുടെ മേക്കിങ്ങ് സമയത്തുതന്നെ എനിക്ക് തോന്നിയിരുന്ന ഒരു കാര്യം, ഈ സിനിമ നമ്മള്‍ സാധാരണ കാണുന്ന രീതിയില്‍ നിന്ന് മാറി, എന്തൊക്കെയോ പ്രത്യേകതകളുള്ള, സുഖകരമായ ഒരു ദൃശ്യാനുഭവമായിരിക്കും എന്നാണ്. ഒരു പുതുമുഖ സംവിധായകനാണെങ്കിലും ഈ സിനിമയെ എങ്ങനെ ആസ്വാദ്യകരമാക്കണം എന്ന് നല്ല ബോധ്യമുണ്ടായിരുന്നു റോഹിത്തിന് എന്ന് എനിക്ക് തോന്നിയിരുന്നു.

ഒടുവില്‍ ഈ സിനിമ പൂര്‍ത്തിയായി നിങ്ങളിലേയ്ക്ക് എത്തിയപ്പോള്‍, പ്രേക്ഷകരില്‍ നിന്ന് കിട്ടിയ പ്രതികരണങ്ങളും വളരെ പോസിറ്റീവായിരുന്നു. എന്‍റെ അഭിനയത്തെക്കുറിച്ചും സിനിമയുടെ രീതിയെക്കുറിച്ചും വ്യത്യസ്തതകളെക്കുറിച്ചും കിട്ടിയ അഭിപ്രായങ്ങള്‍ ശരിക്കും ത്രില്ലടിപ്പിച്ചു. പക്ഷേ, ഈ സിനിമയുടെ ഡിസ്ട്രിബ്യൂഷന്‍ വേണ്ടത്ര രീതിയില്‍ നടന്നില്ല എന്നാണ് എനിക്കിപ്പോള്‍ മനസ്സിലാക്കുന്നത്. അത് എന്നെ ശരിക്കും ഞെട്ടിച്ചു. ഈ സിനിമ തിയേറ്ററുകളില്‍ നിന്ന് പുറത്താകുന്ന അവസ്ഥയാണെന്നാണ് അറിയുന്നത്. പ്രേക്ഷകരുടെ മോശം പ്രതികരണം കൊണ്ട് ഒരു സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം. പക്ഷേ, കണ്ടവര്‍ നല്ല അഭിപ്രായം പറയുന്ന ഒരു സിനിമ,പ്രേക്ഷകരിലേയ്ക്ക് വേണ്ട രീതിയില്‍ എത്തിക്കാന്‍ കഴിയാതെയും, വേണ്ടത്ര പ്രദര്‍ശനങ്ങള്‍ കിട്ടാത്തതിനാലും വാഷ് ഔട്ട് ആകുക എന്നത് ഭയങ്കര വിഷമം തോന്നിക്കുന്നു. ഓമനക്കുട്ടന്‍റെ വിധി ഇതാവരുത്.

സിനിമാരംഗത്ത് തന്നെയുള്ള നിരവധി പേര്‍ (ഗോധ സിനിമയുടെ ഡയറക്ടര്‍ ബേസില്‍,ആഷിക് അബു, റിമ അങ്ങനെ പലരും) ഈ ചിത്രം കണ്ട് നല്ല അഭിപ്രയങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെയും മറ്റും പ്രകടിപ്പിച്ച് ഈ സിനിമയ്ക്ക് പിന്തുണ നല്‍കുന്നുണ്ട്. അത് വെറുതേ ഒരു പ്രൊമോഷന്‍ അല്ല, മറിച്ച് നല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടാതെ പോകരുത് എന്ന ഉദ്ദേശത്തോടെയാണെന്ന് മനസ്സിലാക്കുമ്പോള്‍ നിങ്ങളോട് എല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.

ഇത് വരെ ഓമനക്കുട്ടന്‍ കണ്ടവര്‍ക്കും അഭിപ്രായം പ്രകടിപ്പിച്ചവര്‍ക്കും ഒരുപാട് നന്ദി, ഇതൊരു ബ്രില്ല്യന്‍റ് എക്സ്റ്റ്രാ ഓര്‍ഡിനറി സിനിമയാണെന്നൊന്നും ഞാന്‍ അവകാശപ്പെടുന്നില്ല. പക്ഷേ, ഈ സിനിമയ്ക്ക് നിങ്ങളിലെ സിനിമാ ആസ്വാദനത്തെ അല്‍പമെങ്കിലും സ്വാധീനിക്കാന്‍ പറ്റും എനെനിക്ക് ഉറപ്പുണ്ട്ഈ സിനിമ കാണാത്തവര്‍ തീയ്യറ്ററില്‍ പോയി ഈ സിനിമ കണ്ട് അഭിപ്രായങ്ങള്‍ പറയണം,അങ്ങനെ Adventures of Omanakuttan എന്ന ഈ സിനിമയ്ക്ക് അത് അര്‍ഹിക്കുന്ന ഒരു സ്ഥാനം നല്‍കണമെന്ന് സ്നേഹത്തോടെ അഭ്യര്‍ത്ഥിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ