പുത്തൻ ലക്ഷ്വറി കാർ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലി. ബിഎംഡബ്ല്യുവിന്റെ ന്യൂ മോഡലായ 730LD എം മോഡൽ ആണ് ആസിഫ് വാങ്ങിയിരിക്കുന്നത്.ഇന്ത്യൻ സെലിബ്രിറ്റികൾക്കിടയിൽ ഏറെ ജനപ്രിയമായ ബ്രാൻഡാണ് ബിഎംഡബ്ല്യു. ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ മോഡലായ 730LD എം സ്വന്തമാക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ആസിഫ് അലി. ഭാര്യ സമയ്ക്കും മക്കളായ ആദം, ഹയ എന്നിവർക്കൊപ്പമെത്തിയാണ് ആസിഫ് വാഹനം ഏറ്റുവാങ്ങിയത്.
ഈ കഴിഞ്ഞ ജനുവരിയിലാണ് ബിഎംഡബ്ല്യു ഇന്ത്യ, 2023 ബിഎംഡബ്ല്യു 7 സീരീസും ആദ്യത്തെ ബിഎംഡബ്ല്യു i7 ഇലക്ട്രിക് സെഡാനും അവതരിപ്പിച്ചത്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ബിഎംഡബ്ല്യു 7 സീരീസ് മൂന്ന് ഡീസൽ വേരിയന്റുകളിൽ ലഭ്യമാണ്. 730Ld DPE Signature, 730Ld M Sport Edition, 730Ld BMW Individual M Sport Edition എന്നിവയാണ് അവ. ഒപ്പം 740Li M Sport Edition, 740Li BMW Individual M Sport Edition എന്നിങ്ങനെ രണ്ടു പെട്രോൾ വേരിയന്റുകളും ലഭ്യമാണ്. ഇതിൽ 730Ld M സ്പോർട് എഡിഷനിൽ വരുന്ന വാഹനമാണ് ആസിഫ് സ്വന്തമാക്കിയിരിക്കുന്നത്. ഒന്നര കോടി രൂപയ്ക്കു മുകളിലാണ് ഈ വാഹനത്തിന് വില.
ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കാപ്പ’, സേതു സംവിധാനം ചെയ്ത ‘മഹേഷും മാരുതിയും’ എന്നീ ചിത്രങ്ങളാണ് അവസാനമായി തിയേറ്ററിലെത്തിയ ആസിഫ് ചിത്രങ്ങൾ. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ മഹേഷും മാരുതിയും സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്.
മലയാളത്തിലെ രണ്ടു നടന്മാരാണ് ഇന്ന് പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. യുവനടൻ അർജുൻ അശോകനും പുതിയ മിനി കൂപ്പർ സ്വന്തമാക്കിയിരുന്നു. ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ ലക്ഷ്വറി ഹാച്ച് കൂപ്പർ എസ് ജെസിഡബ്ല്യു ആണ് അർജുന്റെ പുതിയ വാഹനം. 47.70 ലക്ഷം രൂപ മുതലാണ് മിനി എസ് ജെസിഡബ്ല്യുവിന് വില വരുന്നത്.