44 വർഷങ്ങൾക്കു മുൻപ് പത്മരാജന്റെ ‘പെരുവഴിയമ്പലം’ എന്ന ചിത്രത്തിലൂടെയായിരുന്നു അശോകൻ എന്ന പതിനേഴുകാരൻ സിനിമയുടെ ലോകത്തേക്ക് എത്തുന്നത്. മലയാള സിനിമ മമ്മൂട്ടി- മോഹൻലാൽ എന്ന അച്ചുതണ്ടിലേക്ക് മാറി കറങ്ങി തുടങ്ങുന്നതിനും മുൻപായിരുന്നു അത്. പ്രേംനസീർ, മധു, ജയൻ, എം ജി സോമൻ, സുകുമാരൻ എന്നീ താരങ്ങൾക്കിടയിൽ നിന്നും മമ്മൂട്ടിയും മോഹൻലാലും പ്രശസ്തിയിലേക്ക് കുതിച്ച കാലഘട്ടത്തിനെല്ലാം സാക്ഷിയായി, അവർക്കൊപ്പം സിനിമയിൽ സജീവമായി അശോകനുമുണ്ടായിരുന്നു. ആ താരോദയം വളരെ അടുത്തുനിന്നു കണ്ട അഭിനേതാക്കളിൽ ഒരാളെന്ന് അശോകനെ വിശേഷിപ്പിക്കാം.
അനുദിനമെന്ന പോലെ എത്രയോ അഭിനേതാക്കൾ വന്നും പോയുമിരിക്കുന്ന മലയാളസിനിമയിൽ മൂന്നര പതിറ്റാണ്ടിലേറെയായി സൂപ്പർസ്റ്റാറുകളായി തിളങ്ങുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വിജയരഹസ്യം എന്താണെന്ന് ചോദിച്ചാൽ തലയിലെഴുത്തും ഭാഗ്യവും നിരന്തരമായ കഠിനാധ്വാനവും മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനുള്ള മനസ്സുമാണെന്ന് പറയും അശോകൻ. ഇന്ത്യൻ എക്സ്‌പ്രസ്സിനു നൽകിയ അഭിമുഖത്തിനിടയിലാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പ്രത്യേക താരപദവിയെ കുറിച്ചുള്ള തന്റെ നിരീക്ഷണം അശോകൻ പങ്കുവച്ചത്.
“മോഹൻലാൽ 78ൽ സിനിമയിൽ വന്നെങ്കിലും 1980ൽ പുറത്തിറങ്ങിയ ‘മഞ്ഞിൽ വിരിഞ്ഞ പൂക്കളി’ലൂടെയാണ് പോപ്പുലറായത്. ഞങ്ങളൊന്നിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 84ൽ ആണ് ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. അതിനും മുൻപ് മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട്. അവരുടെ വളർച്ചയെ കുറിച്ച് പറഞ്ഞാൽ, അതിൽ ആദ്യത്തെ ഘടകം തലയിലെഴുത്താണ്. ഒരുപാട് കഷ്ടപ്പെട്ടതുകൊണ്ട് ഒരാൾ നല്ല നിലയിൽ വരണമെന്ന് നിയമമൊന്നുമില്ല. കഷ്ടപ്പെട്ടിട്ടും ഒന്നുമാവാത്ത എത്രയോ പേരുണ്ട്. ലോട്ടറിയടിച്ചാൽ പോലും രക്ഷപ്പെടുന്ന വളരെ ചുരുക്കം ആളുകളേയുള്ളൂ. അതാണ് പറഞ്ഞത് തലയിലെഴുത്ത് എന്നൊന്നുണ്ടെന്ന്, അതിനൊരു യോഗം വേണം. പിന്നെ അവർക്കുള്ളിലെ പ്രതിഭ, എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാനുള്ള മനോബലം…. എല്ലാം ആ സ്റ്റാർഡത്തിനു പിന്നിലുണ്ട്. ഉള്ളിലെ പ്രതിഭയെ അവരിപ്പോഴും തേച്ചുമിനുക്കുന്നുമുണ്ട്. സിനിമകളുടെ മാറ്റങ്ങൾക്ക് അനുസരിച്ച് സഞ്ചരിക്കാൻ തയ്യാറാവുന്നുണ്ട്. സ്റ്റാർഡം ഉണ്ടാക്കാൻ മാത്രമല്ല, അതു പരിപാലിച്ചുകൊണ്ടു പോവാനും അറിയണം. അവർക്ക് അതറിയാം. അതിനുമെല്ലാം ഉപരി പറയേണ്ടത്, അവരെ മലയാളസിനിമയ്ക്ക് ഇപ്പോഴും ആവശ്യമുണ്ട് എന്ന കാര്യമാണ്,” അശോകൻ പറഞ്ഞു.
“മലയാളസിനിമയിലെ ആദ്യകാല സൂപ്പർസ്റ്റാറുകൾ എന്നു പറയാവുന്നത്, ത്രിമൂർത്തികളായ സത്യൻ, പ്രേം നസീർ, മധു എന്നിവരാണ്. ഇടയ്ക്ക് സോമൻ, സുകുമാരൻ എന്നിവർ ജ്വലിച്ചുനിന്നു. അതിനിടയിൽ രവികുമാർ, ജോസ്, മോഹൻ, രാഘവൻ, വിൻസെന്റ് എന്നിവരും ഒരു കാലയളവിൽ തിളങ്ങി നിന്നു. ഇടയ്ക്ക് ജയൻ വന്ന് മലയാളസിനിമയെ ഇളക്കിമറിച്ച് ആളിക്കത്തി പോയി… മലയാളത്തിലെ എംജിആർ ആയിരുന്നു ജയൻ എന്നു പറയും ഞാൻ. പക്ഷേ ഇത്രയും കാലം സ്റ്റാർഡം അതുപോലെ നിലനിർത്തി കൊണ്ടുവരുന്നവർ മമ്മൂട്ടിയും മോഹൻലാലും തന്നെയാണ്,” അശോകൻ കൂട്ടിച്ചേർത്തു.

രണ്ടോ മൂന്നോ സൂപ്പർസ്റ്റാറുകളിലേക്ക് മാത്രമായി സിനിമ ഒതുങ്ങി നിൽക്കുന്ന ഒരു തലമുറ ഇനിയുണ്ടാവുമോ എന്ന കാര്യത്തിൽ സംശയമുണ്ടെന്നും അശോകൻ നിരീക്ഷിക്കുന്നു. “പലരും ചോദിക്കാറുണ്ട് ആരാവും അടുത്ത ജനറേഷനിലെ സൂപ്പർസ്റ്റാറുകൾ എന്ന്. ഇനിയങ്ങനെ ഒരു ജനറേഷൻ ഉണ്ടാവുക ബുദ്ധിമുട്ടായിരിക്കും എന്നു തോന്നുന്നു. ഇന്ന് രണ്ടുപേരിൽ നിൽക്കില്ലല്ലോ, ചുരുങ്ങിയത് 20 പേരെങ്കിലും കാണില്ലേ നായക വേഷങ്ങൾ ചെയ്യുന്നവരായിട്ട്. എല്ലാവരും നല്ല കഴിവുള്ളവരാണ്. രണ്ആരു നിലനിൽക്കും? കാലത്തിനൊപ്പം ഇവർക്ക് പിടിച്ചു നിൽക്കാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളൊക്കെ കണ്ടറിയണം. കാരണം സിനിമയും സിനിമരീതികളും അത്രയേറെ മാറിപ്പോയിട്ടുണ്ട്, നമുക്ക് പ്രവചിക്കാനാവില്ല. “