സിഐഡി മൂസ, ചെസ്, ബാച്ചിലർ പാർട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ തെന്നിന്ത്യൻ താരമാണ് ആശിഷ് വിദ്യാർത്ഥി. അറുപതു വയസ്സുകാരനായ താരം വീണ്ടും വിവാഹിതനായി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അസം ഗുവാഹട്ടി സ്വദേശിയും ഫാഷൻ ഡിസൈനറുമായ രൂപാലി ബറുവയാണ് വധു.
കോർട്ട് മാര്യേജിനു ശേഷം താരം അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി പ്രത്യേക റിസപ്ഷനും സംഘടിപ്പിച്ചു. ആശിഷിന്റെ വിവാഹ ഫോട്ടോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാവുന്നത്. ചിത്രത്തിൽ, വധൂവരന്മാർ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞിരിക്കുന്നു. സ്വർണ്ണ ബോർഡറുള്ള പരമ്പരാഗത അസമീസ് വെള്ള സാരിയാണ് വധു രൂപാലിയുടെ വേഷം.
“എന്റെ ജീവിതത്തിന്റെ ഈ ഘട്ടത്തിൽ, രൂപാലിയെ വിവാഹം കഴിക്കുന്നത് അസാധാരണമായ ഒരു വികാരമാണ്. ഞങ്ങൾ രാവിലെ ഒരു കോടതി വിവാഹവും വൈകുന്നേരം ഒരു ഗെറ്റ് റ്റുഗദറും നടത്തി,” ജീവിതത്തിൽ വീണ്ടും പ്രണയം കണ്ടെത്തിയതിനെ കുറിച്ച് ആശിഷ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെല്ലാം ഏറെ സജീവമാണ് ആശിഷ് വിദ്യാർത്ഥി. സോൾജിയർ, സിദ്ദി, ഹസീന മാൻ ജായേഗി, 1942: എ ലവ് സ്റ്റോറി, ഈസ് രാത് കി സുബഹ് നഹിൻ, കഹോ നാ പ്യാർ ഹേ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലും ആശിഷ് അഭിനയിച്ചിട്ടുണ്ട്. പിച്ചേഴ്‌സ് എസ് 2, റാണാ നായിഡു, ട്രയൽ ബൈ ഫയർ തുടങ്ങിയ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ അവാർഡ് നേടിയ നടൻ കൂടിയാണ് ആശിഷ്. 1994ൽ ദ്രോഹ്കാൽ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആശിഷ് ദേശീയ അവാർഡ് കരസ്ഥമാക്കിയത്.
മുൻകാല നടി ശകുന്തള ബറുവയുടെ മകളും നടിയുമായ രാജോഷി ബറുവയെയാണ് താരം നേരത്തെ വിവാഹം കഴിച്ചത്. ഈ ദമ്പതികൾക്ക് ഒരു മകനുണ്ട്.