തമിഴ്‌നടന്‍ ആര്യക്ക് ‘വിവാഹപ്രായ’മായി. താന്‍ കല്യാണം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയെ തേടുന്നുവെന്നു പറഞ്ഞ് ഫെയ്‌സ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് നടന്‍.

മാട്രി മോണിയല്‍ സൈറ്റുകളില്‍ പരസ്യം കൊടുക്കാനും, വീട്ടുകാരും കുടുംബക്കാരും പോയി പെണ്ണു കണ്ട് വിവാഹം ഉറപ്പിക്കാനുമൊന്നും നില്‍ക്കേണ്ട എന്നതാണ് നടന്റെ നിലപാട്. ‘ഞാന്‍ നിങ്ങള്‍ക്കൊരു നല്ല ജീവിത പങ്കാളിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍, എന്നെ നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ’ എന്നാണ് ആര്യ പറയുന്നത്.

“കഴിഞ്ഞയാഴ്ച ഞാന്‍ ജിമ്മില്‍ കല്ല്യാണം കഴിക്കുന്ന കാര്യം സംസാരിക്കുന്ന ഒരു വീഡിയോ ലീക്കായിരുന്നു. ഞാനറിയാതെ എന്റെ സുഹൃത്തുക്കള്‍ ചെയ്തതായിരുന്നു അത്. എന്നാല്‍, വീഡിയോയിൽ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. ഞാന്‍ കല്ല്യാണത്തിനുവേണ്ടി വധുവിനെ തേടിക്കൊണ്ടിരിക്കുകയാണ്. സാധാരണ എല്ലാവരും ജോലിസ്ഥലത്തോ, സുഹൃത്തക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ മുഖേനയോ അല്ലെങ്കില്‍ മാട്രിമോണിയല്‍ വെബ്സൈറ്റുകള്‍ വഴിയോ ആണ് പെണ്ണിന് തേടുക. എന്നാല്‍, എനിക്കതിൽ താത്പര്യമില്ല. എനിക്ക് വലിയ ഡിമാന്റുകളോ നിബന്ധനകളോ ഇല്ല. നിങ്ങള്‍ക്ക് എന്നെ ഇഷ്ടപ്പെട്ടാല്‍, ഞാന്‍ നിങ്ങള്‍ക്കൊരു ജീവിതപങ്കാളിയാവുമെന്ന നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ 73301-73301 എന്ന നമ്പറില്‍ വിളിക്കുക. ഇത് ആള്‍ക്കാരെ കളിപ്പിക്കാനുള്ള ഒരു തമാശ വീഡിയോയാണെന്ന് വിചാരിക്കരുത്. ഇതെന്റെ ജീവിതത്തിന്റെ പ്രശ്നമാണ്. ദയവു ചെയ്ത് ഈ നമ്പറില്‍ വിളിക്കുക. ഞാന്‍ നിങ്ങളുടെ വിളിക്കായി കാത്തിരിക്കുന്നു.” വീഡിയോയിൽ ആര്യ പറയുന്നു

വിഡിയോയിൽ കാണുന്ന നമ്പറിൽ വിളിക്കുമ്പോൾ, ഫോണിലേക്ക് //www.mapillaiarya.com/ എന്ന വെബ്സൈറ്റ് വിലാസം ലഭിക്കും. അതിലാണ് പേരും വിവരങ്ങളും റജിസ്റ്റർ ചെയ്യേണ്ടത്. മതം, ജാതി, ജാതകം തുടങ്ങിയ കാര്യങ്ങളൊന്നും ചോദിക്കുന്നില്ല എന്നതാണ് ശ്രദ്ധേം.

ആര്യയുടെ വിവാഹ വെബ്സൈറ്റ്

വീട്ടുകാരുടെയോ സമൂഹത്തിന്റെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി വിവാഹം കഴിച്ച് ഡിവോഴ്‌സാകാന്‍ തനിക്ക് താത്പര്യമില്ലെന്നും തന്റേത് നൂറ് ശതമാനം പ്രണയവിവാഹമായിരിക്കുമെന്നും നേരത്തേ വിവാഹ വാർത്തകൾ പ്രചരിച്ചിരുന്ന സമയത്ത് ആര്യ പറഞ്ഞിരുന്നു.

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ ജനിച്ച ജംഷാദ്‌ സീതിരകത്ത് എന്ന ആര്യ 2005-ൽ ‘ഉള്ളം കേക്കുമേ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത്‌ അരങ്ങേറ്റം കുറിച്ചു. ‘അറിന്തും അറിയാമലും’ ആണ്‌ ആദ്യം റിലീസായ ചിത്രം. ഇരുപതിലധികം തമിഴ്‌ ചിത്രങ്ങളിൽ അഭിനയിച്ചു. ഉറുമി, ഡബിള്‍ ബാരല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ദ ഗ്രേറ്റ് ഫാദര്‍ എന്നീ മലയാളം ചിത്രങ്ങളിലും ആര്യ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ