ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ ചാനല്‍ റിയാലിറ്റി ഷോ നടത്തുന്ന തമിഴ്‌നടന്‍ ആര്യയ്ക്ക് നേരെ കടുത്ത വിമര്‍ശനം. ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന പേരില്‍ കളേഴ്‌സ് ടിവി എന്ന തമിഴ് ചാനലിലാണ് ആര്യ ഷോ നടത്തുന്നത്. വിവാഹം പോലെ പ്രാധാന്യമുള്ള ഒരു കാര്യത്തില്‍ തീരുമാനമെടുക്കാന്‍ റിയാലിറ്റി ഷോയെ ആശ്രയിക്കുന്നത് ശരിയല്ലെന്നാണ് വിമര്‍ശനം.
കുറച്ചുനാള്‍ മുമ്പാണ് ആര്യ ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് തനിക്കൊരു ജീവിത പങ്കാളിയെ വേണമെന്നാവശ്യപ്പെട്ടത്. മാട്രി മോണിയല്‍ സൈറ്റുകളില്‍ പരസ്യം കൊടുക്കാനും, വീട്ടുകാരും കുടുംബക്കാരും പോയി പെണ്ണു കണ്ട് വിവാഹം ഉറപ്പിക്കാനുമൊന്നും നില്‍ക്കേണ്ട എന്നതാണ് നടന്റെ നിലപാട്. ‘ഞാന്‍ നിങ്ങള്‍ക്കൊരു നല്ല ജീവിത പങ്കാളിയാണെന്ന് തോന്നുന്നുണ്ടെങ്കില്‍, എന്നെ നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഈ നമ്പറില്‍ വിളിക്കൂ’ എന്നു പറഞ്ഞ ആര്യ ഒരു ഫോണ്‍ നമ്പറും തന്നിരുന്നു.
ഭാവി വധുവിനെക്കുറിച്ച് തനിക്ക് നിബന്ധനകള്‍ ഇല്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ആളാകണമെന്ന് മാത്രമേ ആഗ്രഹമുള്ളുവെന്നും ആര്യ പറഞ്ഞിരുന്നു.
ഇതേതുടര്‍ന്ന് ആര്യയെ തേടിയെത്തിയത് ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷത്തോളം ഫോണ്‍കോളുകളുമായിരുന്നു. അതില്‍ നിന്ന് 16 പെണ്‍കുട്ടികളെ തിരഞ്ഞെടുത്താണ് ഷോ നടക്കുന്നത്. രണ്ട് മലയാളി പെണ്‍കുട്ടികളും മൽസരിക്കാനുണ്ട്.
ആര്യയുടെ ലൈവിനെ എല്ലാവരും കൈയ്യടിച്ചു സ്വീകരിച്ചുവെങ്കിലും ഇപ്പോള്‍ റിയാലിറ്റി ഷോയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലും മറ്റും ഉയരുന്നത്. ‘ഭാവി വധുവിനെ കണ്ടു പിടിക്കേണ്ടത് ഇങ്ങനെയല്ല എന്നും പെണ്‍കുട്ടികളുടെ മനസ്സ് വച്ച് കളിക്കരുതെന്നും’ ചിലര്‍ അഭിപ്രായപ്പെടുന്നു.