തമിഴകത്തിന്റെ പ്രിയതാരദമ്പതികളായ ആര്യയ്ക്കും സയേഷയ്ക്കും പെൺകുഞ്ഞ് പിറന്നു. ഇന്നലെയാണ് സയേഷ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആര്യയുടെ സുഹൃത്തും നടനുമായ വിശാൽ ആണ് ഈ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്.
അമ്മയാവാൻ ഒരുങ്ങുന്ന കാര്യം സയേഷയോ ആര്യയോ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നില്ല. അതിനാൽ തന്നെ ആരാധകർക്ക് സർപ്രൈസാവുകയാണ് ഈ വാർത്ത.
2019 മാർച്ച് ഒമ്പതിനായിരുന്നു ഇരുവരുടെയും വിവാഹം. ‘ഗജിനികാന്ത്’ (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്.
തെലുങ്ക് ചിത്രം ‘അഖില്‍’ ആയിരുന്നു സയേഷയുടെ അരങ്ങേറ്റചിത്രം. 2017 ല്‍ അജയ് ദേവ്ഗണിന്റെ ‘ശിവായ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരുന്നു. മുന്‍പ് പരിചയമുണ്ടെങ്കിലും സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ല, അറേഞ്ച്ഡ് മാര്യേജ് ആണെന്ന് ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിൽ ഇരുവരും ഒന്നിച്ചെത്തിയ ചിത്രം സൂര്യ നായകനായ ‘കാപ്പാൻ’ ആയിരുന്നു.
ആര്യ നായകനായ പുതിയ ചിത്രം ‘സര്‍പാട്ട പരമ്പരൈ’ രണ്ടു ദിവസം മുൻപാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.