ഗോസിപ്പുകൾ ആരെ പറ്റിയാണ് ഇല്ലാത്തത്, ചോദിക്കുന്നത് യുവനടൻ ആര്യയാണ്. ഗ്രേറ്റ് ഫാദർ, നാൻ കടവുൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന പ്രിയ നായകൻ. വനിത മാഗസിന് വേണ്ടി ശ്യാമയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ആര്യ തന്നെ കുറിച്ച് കേൾക്കുന്ന ഗോസിപ്പുകളോട് പ്രതികരിച്ചത്.

കേൾക്കുന്ന ഗോസിപ്പുകൾക്കൊന്നും ചെവി കൊടുക്കുന്നില്ലെന്നും ഒരു റിലേഷൻഷിപ്പിലായാൽ തുറന്ന് പറയുമെന്നും ആര്യ പറയുന്നു. എന്നാൽ ഇല്ലാത്ത ഒരാൾ ഉണ്ടെന്നൊട്ട് പറയാനും താൻ തയ്യാറല്ലെന്നും ആര്യ കൂട്ടിച്ചേർക്കുന്നു.

“ഗോസിപ്പുകൾ ആരെ പറ്റിയാണ് ഇല്ലാത്തത്? ഗോസിപ്പുകളെല്ലാം അതിന്റെ വഴിക്ക് പോവും. എല്ലാ പ്രൊഫഷനിലും ആണും പെണ്ണും ഒരുമിച്ച് ജോലി ചെയ്യുന്നുണ്ട്. അവിടെയൊക്കെ പ്രൊഫഷനലിസവും സൗഹൃദവും ഉണ്ട്. അതു പോലെ തന്നെയാണ് സിനിമയിലും. ഇതിൽ ഒരുമിച്ചഭിനയിക്കുന്നവർ നല്ല സുഹൃത്തുക്കളുമാകാം, പ്രണയിതാക്കൾ മാത്രമല്ല ” ആര്യ അഭിമുഖത്തിൽ പറയുന്നു.

പ്രണയവും വിവാഹവും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ലെന്നാണ് ആര്യയുടെ പക്ഷം. ഒരാളുമായി കമ്മിറ്റഡ് ആവുകയെന്നാൽ അയാളെ അത്രയധികം സ്‌നേഹിക്കുകയെന്നാണെന്നും ആര്യ അഭിമുഖത്തിൽ പറയുന്നു.

വളരെ നല്ല ഒരു മാറ്റത്തിലൂടെയാണ് സിനിമാ ലോകം ഇന്ന് കടന്ന് പോവുന്നതെന്നും ആര്യയുടെ വാക്കുകൾ. സിനിമ നന്നായാൽ അതേകുറിച്ച് നല്ലതെന്ന് പറയുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്യുന്നുണ്ട് ഇന്നത്തെ നടന്മാർ. അവരുടെ ഒരു കമ്മ്യൂണിറ്റി ഉണ്ടാവുന്നു. പരസ്‌പരം സഹായിക്കാനും, ഒരാൾക്ക് ഒരപകടം പറ്റിയാൽ താങ്ങി നിർത്താനും സിനിമാ കുടുംബമുണ്ടാവുമെന്നും ആര്യ പറഞ്ഞ് നിർത്തുന്നു.

ദി ഗ്രേറ്റ് ഫാദറാണ് ആര്യയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. കാടിനെ പ്രമേയമാക്കിയൊരുങ്ങുന്ന കടമ്പനാണ് പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചലച്ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ