വാമികയുടെ അമ്മയായി മാറിയതോടെ താൻ ജീവിതത്തിൽ കൂടുതൽ ആത്മവിശ്വാസവും ധൈര്യവുമുള്ളവളുമായി മാറിയെന്ന് അനുഷ്ക ശർമ്മ വിശ്വസിക്കുന്നു. 2021ലാണ് അനുഷ്കയ്ക്കും വിരാട് കോഹ്ലിയ്ക്കും മകൾ ജനിക്കുന്നത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ, അമ്മയായത് മുതൽ തന്റെ മുൻഗണനകൾ മാറിയിട്ടുണ്ടെന്നും ഇപ്പോൾ പുറത്ത് നിന്ന് സാധൂകരണം തേടുന്നില്ലെന്നും അനുഷ്ക പറഞ്ഞു.
വിരാടിനേക്കാൾ ഈ സമയത്ത് വാമികയ്ക്ക് തന്നെയാണ് കൂടുതൽ ആവശ്യമെന്നും അനുഷ്ക പറയുന്നു. ബാംഗ്ലൂരിൽ പ്യൂമയുടെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അനുഷ്ക. “എന്റെ മകൾക്ക് എന്നെ ഏറ്റവും കൂടുതൽ ആവശ്യമുള്ള പ്രായമാണിത്. വിരാട് ഒരു മികച്ച പിതാവാണ്. ഒരു രക്ഷിതാവ് എന്ന നിലയിൽ വിരാടും പാരന്റിംഗിൽ ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ട്. പക്ഷേ അവൾ ആ പ്രായത്തിലാണുള്ളത്, അവൾക്ക് എന്നെ കൂടുതൽ ആവശ്യമുണ്ട്. ഞങ്ങൾ അത് തിരിച്ചറിയുന്നു. അതിനാൽ, അതിനനുസരിച്ച് മുന്നോട്ടു പോവുന്നു.”
ഇനി മുതൽ വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യൂ എന്ന് തീരുമാനിച്ചിരിക്കുകയാണ് താരം. “ഞാൻ അഭിനയം ആസ്വദിക്കുന്നു. പക്ഷേ മുൻപ് ചെയ്തതുപോലെ കൂടുതൽ സിനിമകൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വർഷത്തിൽ ഒരു സിനിമ ചെയ്യണം, എനിക്ക് ഇഷ്ടമുള്ള അഭിനയമെന്ന പ്രക്രിയ ആസ്വദിക്കണം, ജീവിതത്തെ സന്തുലിതമാക്കണം, കുടുംബത്തിന് സമയം നൽകണം,” അനുഷ്ക പറയുന്നു. ഇത്ര തിരക്കുള്ള വിരാട് പോലും കുടുംബത്തിന് വേണ്ടി സമയം മാറ്റിവയ്ക്കാറുണ്ടെന്നും അനുഷ്ക കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കാൻ ഫിലിം ഫെസ്റ്റിവലിലും ആദ്യമായി അനുഷ്ക അരങ്ങേറ്റം കുറിച്ചിരുന്നു. തന്റെ നിലവിലെ ജീവതത്തിൽ താനേറെ സംതൃപ്തയാണെന്നാണ് അനുഷ്ക പറയുന്നത്. “ഞാൻ എന്റെ ജീവിതം നയിക്കുന്ന രീതി എന്നെ സന്തോഷിപ്പിക്കുന്നു, ആത്യന്തികമായി അഭിനേതാവെന്ന നിലയിൽ, ഒരു പബ്ലിക് ഫിഗറെന്ന നിലയിൽ, അമ്മയെന്ന നിലയിൽ, ഭാര്യ എന്ന നിലയിൽ ആരെയും ഒരു കാര്യവും എനിക്ക് തെളിയിക്കാനില്ല. എന്നെ സന്തോഷിപ്പിക്കുന്നതും എനിക്ക് അർത്ഥവത്തായി തോന്നുന്നതുമായ കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ഞാൻ ചെയ്യുന്നത്. മറ്റുള്ളവരുടെ സാധൂകരണം ഞാൻ നോക്കുന്നില്ല.”
അമ്മയായതിന് ശേഷമാണ് ഈ ധൈര്യം തനിക്ക് വന്നതെന്ന് അനുഷ്ക കരുതുന്നു. “മാതൃത്വമാണ് എനിക്ക് ഈ ധൈര്യം നൽകിയത്. കാര്യങ്ങൾ തനിയെ ചെയ്യാൻ കഴിവില്ലാത്ത കുഞ്ഞിനായി കൂടി നിങ്ങൾ തീരുമാനങ്ങൾ എടുക്കുന്നതുകൊണ്ടു തന്നെ ഒരു രക്ഷിതാവെന്ന നിലയിൽ, ഒരു അമ്മയെന്ന നിലയിൽ നിങ്ങൾ സ്വയം വിശ്വസിക്കേണ്ടതുണ്ട്. അതിനാൽ, നിങ്ങൾ വളരെ ധൈര്യശാലിയായി മാറുകയും സ്വയം കൂടുതൽ വിശ്വസിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഞാൻ മുമ്പത്തേക്കാൾ ധൈര്യശാലിയാണെന്ന് ഞാൻ കരുതുന്നു. മുൻപു എടുക്കാത്ത തീരുമാനങ്ങൾ ഞാൻ എടുക്കുന്നു. ഞാനിപ്പോൾ കൂടുതൽ നിർഭയയാണ്.”
അതേസമയം, അനുഷ്ക അഭിനയിക്കുന്ന, ക്രിക്കറ്റ് താരം ജുലൻ ഗോസ്വാമിയുടെ ജീവിതം പറയുന്ന ചക്ദ എക്‌സ്പ്രസ് എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അനുഷ്ക ആരാധകർ. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.