scorecardresearch
Latest News

ജൂഡിനെതിരെ എന്റെ അമ്മ പൊലീസിൽ കേസ് കൊടുത്തിട്ടുണ്ട്: ആന്റണി പെപ്പെ

ജൂഡ് പക പോക്കാൻ കാത്തിരിക്കുകയായിരുന്നോ എന്ന ചോദ്യത്തിന് സാധാരണ പാമ്പും ആനയുമൊക്കെയാണ് ഇങ്ങനെ കാത്തിരുന്ന് പ്രതികാരം വീട്ടുക എന്നായിരുന്നു പെപ്പെയുടെ മറുപടി

Antony Varghese Pepe, Jude Anthany Joseph, Antony Varghese Pepe latest news, Antony Varghese Pepe against Jude

കഴിഞ്ഞ ദിവസമാണ് നടൻ ആന്റണി വർഗീസ് പെപ്പെയ്ക്ക് എതിരെ ചില ഗുരുതരമായ ആരോപണങ്ങളുമായി സംവിധായകൻ ജൂഡ് ആന്റണി എത്തിയത്. ‘എല്ലാവരും ഷെയ്നെയും ഭാസിയെയും ഒക്കെ കുറ്റം പറയുമ്പോഴും യഥാർത്ഥ വില്ലൻ ആന്റണി വർഗീസ് എന്ന പെപ്പെയാണ്, അവൻ ഇവിടെ ഒളിച്ചിരിക്കുകയാണ്, ഉഡായിപ്പിന്റെ ഉസ്‍താദ് ആണ് പെപ്പെ, പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി സഹോദരിയുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് പിന്മാറി ‘ എന്നൊക്കെയാണ് പെപ്പെയ്ക്ക് എതിരെ ജൂഡ് ഉന്നയിച്ച ആരോപണങ്ങൾ.

ജൂഡ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പെപ്പെ ഇപ്പോൾ. ജൂഡ് നടത്തിയ ആരോപണങ്ങൾക്കെതിരെ തന്റെ അമ്മ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പെപ്പെ വ്യക്തമാക്കി. “എന്റെ അമ്മ ജൂഡ് എട്ടനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. അമ്മയ്ക്ക് വിഷമമാവില്ലേ, സ്വന്തം മകളുടെ വിവാഹത്തെ കുറിച്ചൊക്കെ ഇങ്ങനെ പറയുമ്പോൾ. അവരുടെ സ്വപ്നമല്ലേ മകളുടെ വിവാഹം നടത്തുക എന്നത്. അമ്മയ്ക്ക് വിഷമയായതുകൊണ്ട് അമ്മ കേസു കൊടുത്തു.”

സിനിമയിൽ നിന്നും പിന്മാറിയപ്പോൾ അഡ്വാൻസ് തുക സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ തിരികെ നൽകിയതാണെന്നും കൈകൊടുത്താണ് പിരിഞ്ഞതെന്നും ആന്റണി പെപ്പെ വ്യക്തമാക്കി. “കഥ കേട്ട് അഡ്വാൻസ് വാങ്ങിയത് സത്യമാണ്. ജൂഡ് ചേട്ടൻ എടുക്കുന്ന സിനിമകളെ കുറിച്ച് നമുക്ക് അറിയാമല്ലോ, നല്ല സിനിമകളല്ലേ, അദ്ദേഹത്തിന്റെ ഗൈഡൻസിലാവും ഈ സിനിമയും പോവുക, നല്ല പടമായിരിക്കും എന്നൊരു ആത്മവിശ്വാസമുണ്ടായിരുന്നു. ഞാൻ പുതിയ ആളാണ്, അവരെയൊക്കെ വിശ്വസിക്കുകയാണ്, അവർ ചതിക്കില്ലെന്നു കരുതിയാണ് ഒപ്പിട്ടു കൊടുത്തത്. പക്ഷേ സ്ക്രിപ്റ്റ് വായിച്ചപ്പോൾ എനിക്കു കൺഫ്യൂഷൻ തോന്നി. ഞാനത് സംസാരിച്ചപ്പോൾ അത് ചർച്ച ചെയ്യാൻ അവർ തയ്യാറായില്ല, എന്നോട് ഷൗട്ട് ചെയ്തു. അങ്ങനെയാണ് പിന്മാറിയത്. നിർമാതാവ് ബാദുഷ, നടൻ ഇടവേള ബാബു എന്നിവരുടെ സാന്നിധ്യത്തിൽ അഡ്വാൻസ് പണം തിരികെ നൽകി കൈകൊടുത്താണ് പിരിഞ്ഞത്. ഇതൊക്കെ മൂന്നു വർഷം മുൻപു നടന്ന കാര്യമാണ്. മൂന്നു വർഷം കഴിഞ്ഞാണ് ഇപ്പോൾ ഈ ആരോപണം,” പെപ്പെ പറയുന്നു.

ജൂഡ് പക പോക്കാൻ കാത്തിരിക്കുകയായിരുന്നു എന്നു തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് സാധാരണ പാമ്പും ആനയുമൊക്കെയാണ് ഇങ്ങനെ കാത്തിരുന്ന് പ്രതികാരം വീട്ടുക എന്നു കേട്ടിട്ടുണ്ട് എന്നായിരുന്നു ആന്റണി വർഗീസ് പെപ്പെയുടെ മറുപടി.

‘എന്നെ പറഞ്ഞതിൽ കുഴപ്പമില്ല. ഞാൻ പുള്ളിയുടെ കാഷ് വാങ്ങിയിട്ടാണ് സഹോദരിയുടെ കല്യാണം നടത്തിയത് എന്ന ആരോപണം കടുത്തുപോയി. അനിയത്തിയും അമ്മയും ഭാര്യയുമൊക്കെ വിഷമത്തിലാണ്,’ പെപ്പെ കൂട്ടിച്ചേർത്തു.

2018 ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടയിലാണ് അർഹതയില്ലാത്തവർ മലയാള സിനിമയിൽ ഉണ്ടെന്ന മുഖവുരയോടെ പെപ്പെയ്ക്ക് എതിരെ സംവിധായകൻ ജൂഡ് ആന്റണി ആരോപണങ്ങൾ ഉന്നയിച്ചത്.

ജൂഡിന്റെ വാക്കുകൾ ഇങ്ങനെ:

“ഇപ്പോൾ ഷെയ്ൻ നിഗം, ഭാസി എന്നിവർക്കൊക്കെ എതിരെ വരുന്ന കുറ്റം അവർ ലഹരിമരുന്ന് അടിച്ചു, കഞ്ചാവിന് അടിമയാണ് എന്നൊക്കെയാണ്. ഇതൊന്നുമില്ലാതെ പച്ചയ്ക്ക് സാധാരണ മനുഷ്യനായി ഒരുത്തനുണ്ട് പെപ്പെ എന്നു വിളിക്കുന്ന ആന്റണി വർഗീസ്. അയാളെ എല്ലാവരും നല്ലവൻ എന്നു വിചാരിച്ച് ഇരിക്കുകയാണ്. ഞാൻ നിർമ്മിക്കാൻ കരുതിയിരുന്ന ഒരു സിനിമയുണ്ട്. എന്റെ കൈയ്യിൽ കാശ് ഒരുപാട് ഉണ്ടായിട്ടല്ല. ആ സമയത്ത് എന്റെ സിനിമ ചെയ്യാൻ വന്ന അരവിന്ദ് എന്ന ഒരു നിർമ്മാതാവിനടുത്തുനിന്ന് പെപ്പെ പത്ത് ലക്ഷം രൂപ അഡ്വാൻസ് വാങ്ങി, അവന്റെ സഹോദരിയുടെ കല്യാണം നടത്തി. അതിന് ശേഷം സിനിമ തുടങ്ങുന്നതിന് 18 ദിവസം മുൻപ് പിന്മാറി.അങ്ങനെ ഒരുത്തൻ ആണ് അവൻ. ഞാൻ മിണ്ടാതിരുന്നത് എന്റെ അസോസിയേറ്റ് ആയിരുന്ന ആളുടെ സിനിമയാണ്, അവന് ചീത്തപ്പേര് ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ മിണ്ടാതിരുന്നത്. കഞ്ചാവും ലഹരിയുമൊന്നുമല്ല വിഷയം മനുഷ്യത്വം ഇല്ലാതിരിക്കുക, വൃത്തികേട് കാണിക്കാനുള്ള ചങ്കൂറ്റം ഇതൊക്കെയാണ് ഏറ്റവും വലിയ പ്രശ്നം. ഇങ്ങനെയുള്ളവർ സിനിമയിൽ ഉള്ളതുകൊണ്ടാണ് പ്രശ്നം. ആ നിർമ്മാതാവും ഭാര്യയും എന്നോട് ഇതേക്കുറിച്ച് പറഞ്ഞ് കരഞ്ഞിട്ടുണ്ട്,” ജൂഡ് പറഞ്ഞു.

“ഇതെല്ലാം ചെയ്തിട്ട് ‘ആരവം’ എന്നൊരു സിനിമ പെപ്പെ ചെയ്തു. ഇപ്പോൾ ‘ആർ ഡി എക്സ്’ ചെയ്യുന്ന നിഹാസിന്റെ ആദ്യ സിനിമയാണ് അത്. ആ സിനിമ പിന്നീട് വേണ്ടെന്നുവച്ചു, ശാപമാണ്, കട്ട ശാപമാണ് അതൊക്കെ. ഇതുപോലെ യോഗ്യതയില്ലാത്ത ഒരുപാടുപേർ ഇൻഡസ്ട്രയിൽ ഇപ്പോൾ വന്നിട്ടുണ്ട്. ഈ പെപ്പെ ഒക്കെ പെല്ലിശ്ശേരിയില്ലെങ്കിൽ ജീവിക്കാനുള്ള വകുപ്പ് പോലും കൊടുക്കേണ്ട ആവശ്യമില്ല. ഇത്തരത്തിൽ നന്ദിയില്ലാത്ത ഒരുപാട് ആളുകൾ ഉള്ള ഇന്ഡസ്ട്രിയാണ്. നമ്മൾ വന്ന വഴി മറക്കാൻ നിക്കരുത്,”ജൂഡ് കൂട്ടിച്ചേർത്തു.

‘എന്റെ അസിസ്റ്റന്റായ നിധീഷിന്റെ സിനിമ പൂർത്തിയായി. ബേസിലിനെ വച്ച് അത് പൂർത്തിയാക്കാനായി. എന്നാലും ഇത്തരത്തിൽ ഉള്ള നന്ദി കേടുകൾ വിട്ടുപോകരുത്. സിനിമ പൂർത്തിയാവാൻ കാത്തിരിക്കുകയായിരുന്നു ഞാൻ, എന്റെ കൈയ്യിൽ വോയിസ് ക്ലിപ്പുകൾ ഉണ്ട്. ഷെയ്നെയും ഭാസിയെയും ഒക്കെ എല്ലാവരും കുറ്റം പറയുന്നു, യഥാർത്ഥ വില്ലൻ അവിടെ ഒളിച്ചിരിക്കുകയാണ്. അവൻ ഉഡായിപ്പിന്റെ ഉസ്‍താദ് ആണ്. തിരക്കഥ ഇഷ്‍ടപ്പെട്ടില്ല എന്നാണ് അവൻ സിനിമയില്‍ നിന്ന് പിൻമാറിയതിന് കാരണമായി ചൂണ്ടിക്കാട്ടിയത്,” ജൂഡ് അഭിമുഖത്തില്‍ പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor antony varghese reacts to director jude anthanys accusation