നടനും തിരക്കഥാകൃത്തുമൊക്കെയായ അനൂപ് മേനോൻ സംവിധായകന്റെ വേഷത്തിലെത്തുന്നു. ‘കിങ് ഫിഷ്’ എന്ന ചിത്രത്തിലൂടെ അഭിനയത്തിനൊപ്പം സംവിധാനത്തിലും കയ്യൊപ്പു ചാർത്താൻ ഒരുങ്ങുകയാണ് അനൂപ് മേനോൻ. വളരെ ആകസ്മികമായാണ് ഈ ദൗത്യം ഏറ്റെടുക്കേണ്ടി വന്നതെന്നാണ് താരം പറയുന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിശേഷം അനൂപ് മേനോൻ പങ്കുവെച്ചത്.

മുൻപ് ‘കിങ് ഫിഷ്’ വി.കെ. പ്രകാശ് സംവിധാനം ചെയ്യുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ മറ്റൊരു സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് വികെ പ്രകാശ് തിരക്കായതോടെ സംവിധായകന്റെ വേഷം കൂടി അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. സംവിധായകൻ രഞ്ജിത്തും ഒരു പ്രധാന റോളിൽ ചിത്രത്തിലുണ്ട്. ഒരു മുഴുനീള കഥാപാത്രമായാണ് രഞ്ജിത്ത് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റ് മുൻപ് റിലീസ് ചെയ്തിരുന്നു. ദശരഥ വർമ എന്ന കഥാപാത്രത്തെ രഞ്ജിത്തും നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വർമയെന്ന കഥാപാത്രത്തെ അനൂപ് മേനോനും അവതരിപ്പിക്കും.

മഹാദേവൻ തമ്പി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ ദുർഗ കൃഷ്ണയാണ് നായിക. ധനേഷ് ആനന്ദ്, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റാന്നി, കുട്ടിക്കാനം, എറണാകുളം , ബെഗളൂരു, ദുബായ് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകൾ. സംഗീതം രതീഷ് വേഗയും കലാസംവിധാനം ദുന്ദുവും നിർവ്വഹിക്കും. ചിത്രത്തിലെ ഗാനങ്ങളുടെ റേക്കോർഡിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

‘എന്റെ മെഴുകുതിരി അത്താഴങ്ങൾ’, ‘നീലി’ എന്നീ ചിത്രങ്ങളായിരുന്നു അനൂപ് മേനോന്റെ ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. ‘എന്റെ മെഴുകുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും അനൂപ് മേനോൻ ആയിരുന്നു.

Read more: പ്രണയവും സൗഹൃദവും തേടിയുള്ള അനൂപ് മേനോന്റെ ‘മെഴുകുതിരി അത്താഴങ്ങള്‍’

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ