മുൻ കാമുകൻ തന്നെ അതിഭീകരമായി ഉപദ്രവിച്ചെന്ന് തുറന്നു പറഞ്ഞ് നടി അനിഖ വിക്രമൻ. സോഷ്യൽ മീഡിയയിലൂടെ പരിക്കേറ്റതിന്റെ ചിത്രങ്ങളും താരം പങ്കുവച്ചു.
താൻ കടന്നു പോയ ദുരവസ്ഥകളെ ഓർത്ത് കുറിപ്പും അനിഖ ഷെയർ ചെയ്തിട്ടുണ്ട്. അനുഭവിക്കേണ്ടി വന്ന പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇപ്പോഴും തനിക്ക് ഭീഷണി നിറഞ്ഞ ഫോൺകോളുകൾ വരുന്നുണ്ടെന്നും അനിഖ പറയുന്നു.
“ഞാനും കുടുംബവും നിരന്തരമായി വേട്ടയാട്ടപ്പെടുകയാണ്. എന്റെ മുൻ കാമുകൻ ഉപദ്രവിക്കുന്നതിനു മുൻപുള്ള ചിത്രവും ഞാനിവിടെ പങ്കുവയ്ക്കുന്നു. പുതിയ ഹെയർ സ്റ്റൈൽ ചെയ്തതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. ഈ ആഴ്ച മുതൽ പുതിയ ചിത്രങ്ങൾ ഞാൻ പങ്കുവച്ച് തുടങ്ങും. പരിക്കുകളിൽ നിന്ന് ഞാൻ കരകയറുകയാണ്, ഉടൻ തന്നെ എല്ലാം പഴയ സ്ഥിതിയിലാകും” അനിഖ കുറിച്ചു.
അനൂപ് പിള്ള എന്ന വ്യക്തിയുമായി താൻ പ്രണയത്തിലായിരുന്നെന്നും അയാൾ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നുള്ള ആരോപണം ഉന്നയിച്ച് അനിഖ പോസ്റ്റ് പങ്കുവച്ചിരുന്നു.
“ഇങ്ങനെയൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. ഇത്രയൊക്കെ എന്നോട് ചെയ്തിട്ട് വീണ്ടും അയാൾ എന്നെ ഭീഷണിപ്പെടുത്തുകയാണ്. ബെംഗളൂരു പൊലീസിൽ ഇയാൾ എന്നെ തല്ലിയെന്ന് പറഞ്ഞുള്ള പരാതി ഞാൻ നൽകിയിരുന്നു. ആദ്യം ചെന്നൈയിൽ വച്ച് അയാൾ എന്നെ ഉപദ്രവിച്ചു, അന്ന് കാലിൽ വീണ് മാപ്പു പറഞ്ഞതു കൊണ്ടാണ് ഞാൻ പരാതി നൽകാതിരുന്നത്” അനിഖ കുറിച്ചു.
“അന്ന് ചെന്നൈയിൽ വച്ച് അയാളെന്നെ ഉപദ്രവിച്ചപ്പോൾ വെറുതെ വിട്ടത് എന്റെ മണ്ടത്തരമായി പോയി. പിന്നീട് അയാളിത് തുടർന്നപ്പോഴാണ് ഞാൻ പരാതി നൽകിയത്. എന്നാൽ പൊലീസിനു കൈകൂലി നൽകി അയാൾ എന്നെ കുടുക്കി” അനിഖ കുട്ടിച്ചേർത്തു.
“ഒരുപാട് വർഷങ്ങളായി അയാൾ എന്നെ വഞ്ചിക്കാൻ തുടങ്ങിയിട്ട്. അതുകൊണ്ട് ഞാൻ അയാളിൽ നിന്ന് അകലാൻ തീരുമാനിച്ചു. പക്ഷെ എന്നെ അയാൾ പിന്തുടർന്നു കൊണ്ടിരുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു, അതിനൊരു സംശയവുമില്ല. എന്റെ ഫോൺ അയാൾ പൊട്ടിച്ചതു കൊണ്ട് ഷൂട്ടിനു പോകാൻ പോലും സാധിച്ചില്ല. എന്റെ അറിവോടെയല്ലാതെ വാട്സ് അപ്പ് മെസേജുകൾ വരെ അയാൾ നോക്കി” അനിഖ പറയുന്നു.
പരാതി നൽകിയതിനു പിന്നാലെ അയാൾ ന്യൂയോർക്കിലേക്ക് കടന്നു കളഞ്ഞെന്നാണ് അനിഖ പറയുന്നത്. “എനിക്കു നേരെ വരുന്ന ഭീഷണികൾ കാരണമാണ് ഇന്നീ കാര്യങ്ങൾ നിങ്ങളോടു പങ്കുവയ്ക്കുന്നത്. എന്നെ കുറിച്ച് അയാൾ മോശമായി സംസാരിച്ച വ്യക്തികളിൽ നിന്ന് എനിക്ക് കോളുകൾ വരുന്നുണ്ട്. ഇപ്പോൾ ഞാൻ പൂർണ ആരോഗ്യവതിയാണ്” അനിഖയുടെ വാക്കുകൾ അവസാനിക്കുന്നതിങ്ങനെ.