/indian-express-malayalam/media/media_files/2025/12/20/sreenivasan-2025-12-20-09-06-17.jpg)
ശ്രീനിവാസൻ
കൊച്ചി: നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. ഡയാലിസിസിനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണ്ണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വച്ച് ഇന്നു രാവിലെ 8.30 ഓടെയായിരുന്നു അന്ത്യം.
ഇന്ന് ഉച്ചയ്ക്ക് ഒന്നുമുതൽ എറണാകുളം ടൗൺ ഹാളിൽ ശ്രീനിവാസന്റെ ഭൗതിക ശരീരം പൊതുദർശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും.
മലയാള സിനിമയിലെ അദ്വിതീയനായ പ്രതിഭയാണ് ശ്രീനിവാസൻ. 48 വർഷമാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം നീണ്ടുനിന്നത്. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം, സാധാരണക്കാരന്റെ ജീവിതത്തെ നർമ്മത്തിൽ ചാലിച്ച് വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ വിജയിച്ച കലാകാരനാണ്. നാല് പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു.
Also Read: ചിരിയും ചിന്തയും പകർന്ന ഇതിഹാസം: മലയാളത്തിന്റെ പ്രിയ 'ശ്രീനിയേട്ടന്' വിട
1977-ൽ പി.എ. ബക്കറുടെ 'മണിമുഴക്കം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ തിരക്കഥാകൃത്ത് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം ചേർന്ന് അദ്ദേഹം ഒരുക്കിയ ചിത്രങ്ങൾ ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്. 'നാടോടിക്കാറ്റ്', 'പട്ടണപ്രവേശം', 'വരവേൽപ്പ്', 'സന്ദേശം' തുടങ്ങിയ സിനിമകൾ കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വിമർശിച്ചവയാണ്.
Also Read: വെള്ളിത്തിരയിലെ 'സാധാരണക്കാരൻ'; ശ്രീനിവാസൻ എന്ന വിസ്മയം
ഒരു സംവിധായകൻ എന്ന നിലയിലും അദ്ദേഹം മികവ് തെളിയിച്ചു. 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' തുടങ്ങിയ ചിത്രങ്ങൾ മനുഷ്യസഹജമായ ബലഹീനതകളെയും കുടുംബബന്ധങ്ങളെയും ഗൗരവത്തോടെയും നർമ്മത്തോടെയും നോക്കിക്കണ്ടവയാണ്. ഈ ചിത്രങ്ങൾ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ (സംവിധായകൻ, അഭിനേതാവ്), ധ്യാൻ ശ്രീനിവാസൻ (അഭിനേതാവ്).
Also Read: സിനിമയുടെ ശ്രീനി, കേരളത്തിന്റേയും
മലയാള സിനിമയിൽ ആക്ഷേപഹാസ്യത്തിന്റെ പുതിയൊരു ലോകം തുറന്നുനൽകിയ പ്രതിഭയാണ് ശ്രീനിവാസൻ. പച്ചയായ ജീവിതസാഹചര്യങ്ങളെ നർമ്മത്തിൽ ചാലിച്ച് വെള്ളിത്തിരയിലെത്തിച്ച അദ്ദേഹം, മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും സമ്മാനിച്ചു. മലയാളികളുടെ സ്വീകരണമുറികളിൽ ഇന്നും പൊട്ടിച്ചിരികൾ പടർത്തുന്ന ശ്രീനിവാസന്റെ സംഭാഷണങ്ങൾ സിനിമയുള്ള കാലത്തോളം നിലനിൽക്കും.
Read More: "അദ്ദേഹം വികാരാധീനനായി എന്നെ ഏറെനേരം കെട്ടിപ്പിടിച്ചു": ശ്രീനിവാസൻ​ രജനീകാന്തിനെ കരയിച്ചപ്പോൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us