/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2019/05/alexander-prasanth-2.jpg)
Alexander Prasanth Interview: ഫേസ്ബുക്ക് മെസഞ്ചറിന്റെ ഫിൽറ്റേർഡ് മെസേജിൽ തന്റെ അഭിനയജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന വലിയൊരു അവസരം ഒളിഞ്ഞിരിപ്പുണ്ടെന്ന കാര്യം അലക്സാണ്ടർ പ്രശാന്ത് അറിഞ്ഞിരുന്നില്ല. ആ അവസരത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ കഴിയുമെന്നും പ്രശാന്ത് ഓർത്തിരുന്നില്ല.
'ആമിർ', 'നോ വൺ കിൽഡ് ജെസീക്ക', 'റെയ്ഡ്' തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾ സമ്മാനിച്ച സംവിധായകൻ രാജ് കുമാർ ഗുപ്തയുടെ 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ് അലക്സാണ്ടർ പ്രശാന്ത്. മെയ് 24 നാണ് ചിത്രം തിയേറ്ററുകളിലെത്താൻ ഒരുങ്ങുമ്പോൾ ഒരു നിമിത്തം പോലെ തന്നിലേക്ക് എത്തിച്ചേർന്ന ബോളിവുഡ് അവസരത്തെ കുറിച്ചും ചിത്രത്തിന്റെ വിശേഷങ്ങളെ കുറിച്ചും ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് പ്രശാന്ത്.
രാജ് കുമാർ ഗുപ്ത- അർജുൻ കപൂർ ചിത്രത്തിലൂടെ ബോളിവുഡിലേക്ക്... എങ്ങനെയാണ് 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്' എന്ന ചിത്രത്തിൽ എത്തിച്ചേർന്നത്?
അതിനെ ഡെസ്റ്റിനി എന്നു വിളിക്കണം. സുഹൃത്തുക്കൾക്കൊപ്പം മുൻപ് 'ഇര' എന്നൊരു പടം ചെയ്തിരുന്നു. എന്റെ സുഹൃത്തുക്കളാണ് അതിന്റെ സംവിധായകനും തിരക്കഥാകൃത്തും. ആ സിനിമയുടെ പണികൾ കഴിഞ്ഞപ്പോൾ ഒന്നു റിഫ്രെഷ് ആവാൻ ഞങ്ങൾ മൂന്നുപേരും ഒരു യാത്ര പുറപ്പെട്ടു. എറണാകുളത്തു നിന്നും തിരുവനന്തപുരം, അവിടെ നിന്ന് കൊടൈക്കനാൽ- അതായിരുന്നു പ്ലാൻ.
യാത്രയ്ക്കിടെ ഞാൻ വെറുതെ മൊബൈലിൽ സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് വണ്ടി വെട്ടിച്ചപ്പോൾ, ഫോൺ താഴെ പോയി. ഞാൻ ഫോൺ എടുത്ത് നോക്കിയപ്പോൾ മെസഞ്ചറിലെ ഫിൽറ്റേർഡ് മെസേജാണ് സ്ക്രീനിൽ കണ്ടത്. അങ്ങനെയൊരു സംഭവം ഫോണിലുള്ളതായി ഞാനതു വരെ ശ്രദ്ധിച്ചിട്ടു പോലുമില്ല. മെസേജുകൾ എടുത്ത് നോക്കിയപ്പോൾ 'ഇര'യിലെ പെർഫോമൻസ്, സിസിഎൽ ക്രിക്കറ്റിലെ പെർഫോമൻസിനെ കുറിച്ചൊക്കെ കുറേ മെസേജുകൾ കിടപ്പുണ്ടായിരുന്നു. അക്കൂട്ടത്തിൽ ഒരു നോർത്ത് ഇന്ത്യൻ പേരിൽ കണ്ണുടക്കി- അനിത് ബിഷ്ട്. അയാൾ എന്റെ നമ്പർ ചോദിച്ചിരിക്കുകയാണ്, ഇയാൾക്കെന്തിനാണ് എന്റെ നമ്പർ എന്നു വിചാരിച്ച് ആദ്യം കാര്യമാക്കിയില്ല. പക്ഷേ എന്നിട്ടും കുറച്ചു കഴിഞ്ഞ് ഞാൻ ആ പ്രൊഫൈൽ നോക്കി. കാസ്റ്റിംഗ് ബേ എന്ന ഏജൻസിയുടെ എക്സിക്യൂട്ടീവ് ആണ് കക്ഷി. കുറച്ചു പരസ്യങ്ങളിലൊക്കെ അഭിനയിച്ചിട്ടുമുണ്ട്. ഞാൻ നമ്പർ കൊടുത്തു, ഉടനെ തന്നെ അവരെന്നെ വിളിക്കുകയും ചെയ്തു.
രാജ് കുമാർ ഗുപ്തയുടെ പടത്തിലേക്കാണ്. അഭിനയിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ ഓഡിഷനുള്ള വീഡിയോ അയച്ചു തരാൻ പറഞ്ഞു. ഞാൻ യാത്രയിലാണ്, നോക്കട്ടെ എന്നൊക്കെ പറഞ്ഞ് ഫോൺ വെച്ചു. അതിനു ശേഷമാണ് ഞാൻ ഗൂഗിൾ ചെയ്തു നോക്കുന്നത്, രാജ് കുമാർ ഗുപ്ത ആരാണെന്ന്? അറിയാൻ. നോക്കിയപ്പോൾ 'നോ വൺ കിൽഡ് ജെസിക്ക' ഒക്കെ ചെയ്ത സംവിധായകനാണെന്നു കണ്ട് ഞെട്ടി. ആ ചിത്രമൊക്കെ കണ്ട് കിളി പോയിട്ടുണ്ടെങ്കിലും സംവിധായകന്റെ പേരൊന്നും അതുവരെ ശ്രദ്ധിച്ചിരുന്നില്ല. അപ്പോൾ വീണ്ടും സംശയമായി, അദ്ദേഹത്തിനെ പോലൊരാളുടെ പടത്തിലേക്കൊക്കെ എന്നെ വിളിക്കുമോ?
എന്തായാലും യാത്രയ്ക്കിടയിൽ തന്നെ കൂടെയുള്ള സുഹൃത്തുക്കൾ വീഡിയോ എടുത്തു തന്നു. ഞാനത് അയക്കുകയും ചെയ്തു. ആ യാത്രയ്ക്ക് ഇടയിൽ ഓഡിഷൻ നടന്നു കൊണ്ടിരുന്നു. ഞാൻ വീഡിയോ അയക്കും, അവർ കറക്ഷൻ പറയും. അങ്ങനെ എട്ടോളം വീഡിയോകൾ അയച്ചു. മൂന്നു മാസം കഴിഞ്ഞപ്പോൾ സെലക്റ്റ് ചെയ്തു എന്നു പറഞ്ഞ് കോളും വന്നു. ഫിൽട്ടേർഡ് മെസേജിൽ ഒളിഞ്ഞിരുന്ന ഭാഗ്യമായിരുന്നു അത്.
/indian-express-malayalam/media/media_files/uploads/2019/05/indias-most-wanted.jpg)
നിങ്ങൾ എങ്ങനെയാണ് എന്നെ കണ്ടെത്തിയത് എന്ന് പിന്നെ ഞാനവരോട് ചോദിച്ചിട്ടുണ്ട്, എത്രയോ അനുഭവപരിചയമുള്ള താരങ്ങൾ നമുക്കുണ്ടല്ലോ, പിന്നെ എങ്ങനെ എന്നിൽ തന്നെയെത്തി എന്ന്. ആദ്യം വേറെ കാസ്റ്റിംഗ് ആയിരുന്നു അവർ പ്ലാൻ ചെയ്തത്. അർജുൻ കപൂർ പ്രൊജക്റ്റിലേക്ക് വന്നതോടെ മുൻപു നിശ്ചയിച്ച കാസ്റ്റിംഗ് മുഴുവൻ വേണ്ടെന്നു വെച്ച് അവർ പുതിയ ആളുകളെ തിരയുകയായിരുന്നു.
പ്രധാനമായും ഫെയ്സ് ബുക്ക് പ്രൊഫൈലുകൾ സെർച്ച് ചെയ്താണ് അവരുടെ കാസ്റ്റിംഗ് റിസർച്ച്. ആക്റ്റിംഗ് കോഴ്സ് പഠിച്ചിട്ടുള്ള ആളുകളുടെ പ്രൊഫൈലുകളിൽ കയറും. അവരുടെ സൗത്ത് ഇന്ത്യൻ സുഹൃത്തുക്കളെ നോക്കും. അങ്ങനെ അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് ആരുടെയോ പ്രൊഫൈലിൽ എന്നെ കാണുന്നത്. എന്റെ രൂപം ആപ്റ്റാവുന്നു എന്നു കണ്ട് എനിക്ക് മെസേജ് അയക്കുകയായിരുന്നു. ദൈവം ഒരു കാര്യം നമുക്ക് വിധിച്ചു വെച്ചിട്ടുണ്ടെങ്കിൽ അതെങ്ങനെയെങ്കിലും കറങ്ങി തിരിഞ്ഞ് അരികിലെത്തും.
നായകനൊപ്പം തുല്യപ്രാധാന്യത്തോടെ പോസ്റ്ററുകളിലൊക്കെ നിറയുകയാണല്ലോ. ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് പറയാമോ?
പോസ്റ്ററുകളൊക്കെ വന്നു തുടങ്ങിയപ്പോൾ അതെനിക്കും വലിയ സർപ്രൈസ് ആയിരുന്നു. ഞാനുമൊന്നു ഞെട്ടി. സാധാരണ ബോളിവുഡ് സിനിമകളുടെ പോസ്റ്ററിലൊക്കെ നായകനും നായികയ്ക്കും മാത്രമാണല്ലോ പ്രാധാന്യം, ഇതിൽ ഹീറോയ്ക്കൊപ്പം തന്നെ പ്രാധാന്യത്തോടെയാണ് പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് കഴിഞ്ഞ് ബോംബെയിൽ നിന്നും വന്നതേയുള്ളൂ.
സ്വപ്നസമാനമായ അനുഭവങ്ങളിലൂടെയാണ് കടന്നു പോവുന്നത്. ബോംബെയിൽ എത്തിയപ്പോൾ അവിടെ പ്രധാന പത്രങ്ങളുടെയൊക്കെ ജാക്കറ്റ് പേജ് ഫുൾ ചിത്രത്തിന്റെ പരസ്യം, അതിലെന്റെ മുഖം. ബോംബെ പോലൊരു നഗരത്തിൽ എന്റെ പടമുള്ള ഒരു ഫ്ളെക്സ് ഉയരുന്നു. ഞാനത് കാണുന്നു. ബോളിവുഡ് താരങ്ങൾക്കൊപ്പം ട്രെയിലർ ലോഞ്ചിന് പ്രസ് മീറ്റിൽ ഇരിക്കുന്നു. ഇതൊക്കെ ജീവിതത്തിൽ ആദ്യമായാണ്. ഹീറോയുടെ അടുത്തിരിക്കുമ്പോൾ ഇതൊക്കെ സ്വപ്നമാണോ എന്നു തോന്നി.
എഴുതുമ്പോൾ ഒരു സ്വപ്നം പോലെ എന്നൊക്കെ പറയാമെങ്കിലും, സത്യത്തിൽ ആ പ്രോഗ്രാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഞാൻ ഭയങ്കരമായി തളർന്നുപോയിരുന്നു. അത്രമാത്രം എനർജി പമ്പ് ചെയ്തു കയറിയ നിമിഷങ്ങളായിരുന്നു അത്. ഒരു സിനിമയിലും ഞാനിത്രയും അധ്വാനിച്ചിട്ടില്ല. മലയാളസിനിമയിൽ പോലും നേരെ ചൊവ്വേ ഒരു വേഷം കിട്ടിയാൽ മതി എന്ന ആഗ്രഹത്തിൽ നടക്കുന്ന ആളാണ് ഞാൻ. അപ്പോഴാണ് ഇത്രയും വലിയൊരു അവസരം തേടിയെത്തിയത്.
/indian-express-malayalam/media/media_files/uploads/2019/05/indias-most-wanted-press-meet.jpg)
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമയാണ് 'ഇന്ത്യാസ് മോസ്റ്റ് വാണ്ടഡ്'. ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം സ്ഫോടനങ്ങൾ പ്ലാൻ ചെയ്ത് നടപ്പിലാക്കിയ ഒരു തീവ്രവാദി. അതിനെല്ലാം പിറകിൽ ഒരാളാണെന്ന് സംശയമുണ്ടെങ്കിലും അതാരാണെന്ന് ആർക്കും അറിയില്ല. അയാൾ പാക്കിസ്ഥാനിലോ ദുബായിലോ ആണെന്നാണ് റോയ്ക്ക് കിട്ടിയ വിവരം. എന്നാൽ, ആ തീവ്രവാദി നേപ്പാളിൽ ഉണ്ടെന്നു വിവരം കിട്ടി ബീഹാർ റെജിമെന്റിലെ അഞ്ചു ഐ ബി ഓഫീസേഴ്സ് അയാളെ അന്വേഷിച്ചു പോവുകയാണ്.
സാധാരണ സർക്കാർ ഉദ്യോഗസ്ഥരാണ് അവർ. യാത്രകളിൽ പലയിടത്തും നമ്മളെ കടന്നു പോയാലും ആൾക്കൂട്ടത്തിൽ തിരിച്ചറിയണമെന്നില്ലാത്ത, സാധാരണക്കാരിൽ സാധാരണക്കാരായ ഐബി ഓഫീസർമാർ. ആ ടീമിനെ ലീഡ് ചെയ്യുന്നത് അർജുൻ കപൂറിന്റെ കഥാപാത്രമാണ്. ബോളിവുഡിൽ ശ്രദ്ധേയകഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രവീൺ സിംഗ് സിസോഡിയ ആണ് മറ്റൊരാൾ. പിന്നെ ഞങ്ങൾ താരതമ്യേന അവിടെ പുതുമുഖങ്ങളായ മൂന്നുപേർ. പിള്ളൈ എന്ന സൗത്ത് ഇന്ത്യൻ കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നത്.
രാജ് കുമാർ ഗുപ്ത, അർജുൻ കപൂർ- ഇവർക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങൾ?
കഴിഞ്ഞ വർഷം ആഗസ്ത് 10 മുതൽ ഒക്ടോബർ 20 വരെയായിരുന്നു ഷൂട്ട്. എനിക്ക് 40 ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ, മൊത്തം 72 ദിവസത്തോളമായിരുന്നു ചിത്രത്തിന്റെ ഷെഡ്യൂൾ. ബോംബെ, നേപ്പാൾ, പാറ്റ്ന എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷൻ.
ഇപ്പോൾ പോസ്റ്ററുകൾ കാണുമ്പോൾ ഒരു ഇക്വാലിറ്റി ഫീൽ ചെയ്യുന്നില്ലേ? സിനിമ തുടങ്ങും മുൻപ് തന്നെ അവർ അത് ഡിസൈൻ ചെയ്തിരുന്നു എന്നാണ് ഇപ്പോ തോന്നുന്നത്. ഷൂട്ടിംഗിനു മുൻപ് ഞങ്ങൾക്കൊരു സ്ക്രിപ്റ്റ് റീഡിംഗ് സെക്ഷൻ ഉണ്ടായിരുന്നു. അവിടെ വെച്ചാണ് അർജുൻ കപൂറിനെ ആദ്യമായി കാണുന്നത്. ഞങ്ങൾ പതിനഞ്ചോളം കഥാപാത്രങ്ങൾ എല്ലാവരും ഒന്നിച്ചിരുന്ന് സ്ക്രിപ്റ്റ് വായിച്ചു. സംശയങ്ങളൊക്കെ ചോദിച്ചു.
"അഞ്ചു പേരുടെയും കഥാപാത്രങ്ങൾ വർഷങ്ങളായി ഒന്നിച്ച് ജോലി ചെയ്യുന്നവരാണ്. ഒരാൾ പോവാം എന്നു പറഞ്ഞാൽ ബാക്കിയുള്ളവരും ചാടി ഇറങ്ങും. ആ കെമിസ്ട്രി സ്ക്രീനിൽ ഫീൽ ചെയ്യണം. അതുകൊണ്ട് ഷൂട്ട് തുടങ്ങുന്നതിനു ഒരു അഞ്ചാറുദിവസം മുൻപു തന്നെ നിങ്ങൾ അടുത്ത് ഇടപഴകി തുടങ്ങണം," എന്നാണ് രാജ് കുമാർ സാർ നിർദ്ദേശം നൽകിയത്.
അർജുനും വളരെ സപ്പോർട്ടീവ് ആയൊരു നടനാണ്. ബോളിവുഡിലെ നാളത്തെ സംവിധായകനാണ് അർജുൻ. അതിനായി തന്നെ വളർത്തി കൊണ്ടുവന്ന ഒരാളെന്ന് അയാളെ വിശേഷിപ്പിക്കാം. സിനിമയുടെ പെർഫെക്ഷനു വേണ്ടി അയാൾ എന്തു ചെയ്യും. അത്രയ്ക്കും പാഷണേറ്റ് ആണ്. ഞങ്ങളുടെ ഭാഗം ഷൂട്ട് ചെയ്യുമ്പോൾ അർജുന് ഷൂട്ട് ഇല്ലെങ്കിലും, അതിന്റെ ഫീൽ കൃത്യമായി കിട്ടാൻ വേണ്ടി ഹോട്ടൽ റൂമിൽ നിന്ന് ഞങ്ങളെ മൊബൈലിലേക്ക് വിളിച്ച് ആ ഡയലോഗുകൾ എല്ലാം ബൗൺസ് ചെയ്തു പറഞ്ഞു തരും. അത്രയ്ക്കും ഡെഡിക്കേറ്റഡ് ആയിരുന്നു. ലൊക്കേഷനിൽ എല്ലാവരെയും കളിയാക്കും, എല്ലാവരോടും തമാശകൾ പറയും. രസകരമായൊരു ക്യാരക്ടർ ആണ് കക്ഷി.
'നമ്മൾ' എന്ന ചിത്രത്തിലൂടെയല്ലേ അരങ്ങേറ്റം? 17 വർഷമായി മലയാള സിനിമയിലുണ്ട്. കരിയർ മാറി തുടങ്ങുന്നു എന്നു വിശ്വസിക്കുന്നുണ്ടോ?
അങ്ങനെ പറയാൻ കഴിയുമോ എന്നറിയില്ല. പലവിധം അനുഭവങ്ങളിലൂടെയാണ് ഇത്രനാളും കടന്നു പോന്നത്. കൂടെ വന്നവർ പലരും മുമ്പേ ഓടി പോയി. ഇപ്പോൾ ഒരു റേസിനു കയറാൻ പോലും പറ്റാത്ത അവസ്ഥയിൽ നിൽക്കുന്ന ആൾക്കാരുണ്ട്. പിറകെ വന്നവർ മുമ്പേ കയറി പോവുന്നതും കണ്ടിട്ടുണ്ട്. ഒരിക്കലും അത്രയും വലിയ ഉയരങ്ങളിലെത്തുമെന്ന് നമ്മൾ പ്രതീക്ഷിക്കാതിരുന്ന പലരും ഇന്ന് മലയാളസിനിമയിലെ അവിഭാജ്യഘടകങ്ങളായി മാറിയിട്ടുണ്ട്. സിനിമയല്ലേ, മാറ്റങ്ങളിലൂടെയാണ് അതിന്റെ സഞ്ചാരം. മലയാള സിനിമയ്ക്ക് തന്നെ ഒത്തിരി മാറ്റങ്ങൾ ഉണ്ടായ കാലഘട്ടമാണ് കടന്നു പോയത്. സിനിമ ഡിജിറ്റലായി, സിനിമയിലേക്ക് നിരവധി പേർ വന്നു, അഭിനയത്തിലും സിനിമയുടെ ക്രിയേറ്റീവ് വശങ്ങളിലുമെല്ലാം പുതിയ പ്രതിഭകൾ വന്നു. ഞാൻ മാത്രം ആദ്യത്തെ സിനിമ തുടങ്ങിയപ്പോൾ എങ്ങനെയായിരുന്നു അതുപോലെ തന്നെ അങ്ങനെ മുന്നോട്ടു പോവുകയായിരുന്നു.
അവതാരകൻ എന്ന കരിയർ അതെനിക്ക് ഏറെ കോൺഫിഡൻസ് ഉള്ള ഒന്നായിരുന്നു. പക്ഷേ സിനിമയിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി 2008 ൽ ഞാനാ കരിയർ ഉപേക്ഷിച്ചു. അന്നു തൊട്ട് അഞ്ചാറു വർഷം നല്ല രീതിയിൽ കഷ്ടപ്പെട്ടിട്ടുണ്ട്. വരുമാനം വേണം, കുടുംബം നോക്കണം. എന്നാൽ ആ സമയത്ത് ഇതൊക്കെ ഒരു സ്ട്രഗിൾ ആണെന്ന് തോന്നിയിരുന്നില്ല എന്നതാണ് സത്യം. നമ്മൾ ഇഷ്ടമുള്ള ഒരു കാര്യം ചെയ്യാൻ ആഗ്രഹിച്ച് ഇറങ്ങുകയാണല്ലോ. എന്നെ തേടിയെത്തിയ ഓരോ ചെറിയ വേഷങ്ങളിലും ഞാൻ സന്തോഷവാനായിരുന്നു. ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോഴാണ് അതൊക്കെ വല്ലാത്തൊരു പിരീഡ് ആയിരുന്നല്ലോ, ഞാനെങ്ങനെ അതിജീവിച്ചു എന്നൊക്കെ ചിന്തിക്കുന്നത്. എന്റെ ചങ്ങാതിമാരും ബന്ധുക്കളുമൊക്കെ കാണുമ്പോൾ പറയും, നിന്റെ സ്ട്രഗിൾ സമ്മതിച്ചു എന്നൊക്കെ.
/indian-express-malayalam/media/media_files/uploads/2019/05/alexander-prasanth-family.jpg)
ഇപ്പോൾ ആളുകൾ എന്നെ പരിചയപ്പെടുന്നതിലൊക്കെ വ്യത്യാസം വന്നിട്ടുണ്ട്. അന്ന് മുഖപരിചയമുള്ള ഒരാളെ തിരിച്ചറിയുന്നതു പോലെ ആയിരുന്നു. ഇപ്പോഴാണ് സിനിമാനടൻ എന്ന രീതിയിലൊക്കെ ആളുകൾ വന്ന് സംസാരിക്കുന്നത്. (ചിരിക്കുന്നു)
'മധുരരാജ'യിലെ വേഷവും സണ്ണി ലിയോണിനൊപ്പമുള്ള നൃത്തവുമൊക്കെ ശ്രദ്ധിക്കപ്പെട്ടല്ലോ?
ഞാൻ ചെയ്തു വന്ന രണ്ടു സീൻ, മൂന്നു സീൻ കഥാപാത്രങ്ങളിൽ നിന്ന് വലിയൊരു പ്രമോഷനാണ് 'മധുരരാജ' എനിക്കു തന്നത്. " ഒരുപാട് നാൾ സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് നടക്കുന്ന ഒരാളോട് ചിലർക്ക് ഇഷ്ടം തോന്നും. അങ്ങനെ ഇഷ്ടം തോന്നുമ്പോൾ അയാൾ രക്ഷപ്പെടണമെന്ന് എല്ലാവരും ആഗ്രഹിക്കും. അങ്ങനെ എല്ലാവരും ആഗ്രഹിക്കുന്ന സമയത്താവും എവിടെ നിന്നെങ്കിലും ഒരു നല്ല വേഷം വന്നു ചേരുക, അങ്ങനത്തെ ഒരു വേഷമാണിത്," എന്നു പറഞ്ഞാണ് വൈശാഖ് ആ കഥാപാത്രത്തെ എനിക്കു തരുന്നത്. സത്യത്തിൽ, ഞാൻ രക്ഷപ്പെടണമെന്ന് ആഗ്രഹിച്ച് വൈശാഖും ഉദയേട്ടനും തന്നൊരു റോളാണ് അത്. 'ഇര', 'ജോണി ജോണി എസ് പപ്പ' തുടങ്ങിയ ചിത്രങ്ങളിലും നല്ല കഥാപാത്രങ്ങളെ കിട്ടിയിരുന്നു. 'കിങ്ങ് ഫിഷ്', 'അനുഗ്രഹീതൻ ആന്റണി', 'ശുഭരാത്രി' തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.