/indian-express-malayalam/media/media_files/uploads/2023/09/Alancier-response-on-state-award-speech.jpeg)
Alancier response on state award speech
കേരളം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയിൽ നടത്തിയ വിവാദ പ്രസംഗത്തിൽ താൻ ഒട്ടും തന്നെ ഖേദിക്കുന്നില്ല എന്ന് നടൻ അലൻസിയർ. ആൺ കരുത്തുള്ള മുഖ്യമന്ത്രി ഭരിക്കുന്ന നാട്ടിൽ ആൺകരുത്തുള്ള ഒരു പ്രതിമ തരണം എന്നും പെൺപ്രതിമ വേണ്ട എന്നും അലൻസിയർ പറഞ്ഞു. സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ തന്നെയും കുഞ്ചാക്കോ ബോബനെയും 25000 രൂപ തന്നു അപമാനിക്കരുത് എന്നും അലൻസിയർ കൂട്ടിച്ചേർത്തു.
താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു എന്നും നമ്പൂതിരി ഉണ്ടാക്കിയ പെൺപ്രതിമയിൽ എന്ത് കൊണ്ട് സ്ത്രീ വിരുദ്ധത കാണാൻ പറ്റുന്നില്ല എന്നും അലൻസിയർ ചോദിച്ചു. താൻ തന്റെ അമ്മയെയും ഭാര്യയെയും സ്നേഹിക്കുന്നു എന്നും അലൻസിയർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു.
'ഞാൻ തന്നെയാണ് പറഞ്ഞത്. പറഞ്ഞത് തെറ്റല്ല. നിങ്ങൾ ഈ വീട്ടിൽ കയറിവരുമ്പോൾ കാണുന്ന ഭൂമി എന്റെ അമ്മയ്ക്ക് അവകാശപ്പെട്ടതാണ്. അച്ഛന് അവകാശപ്പെട്ടതല്ല. ഞാനൊരു പുരുഷശരീരത്തിന് വേണ്ടി സംസാരിച്ചത് എന്റെ അമ്മയ്ക്ക് വേണ്ടി സംസാരിച്ചതാണ്. നിങ്ങൾക്ക് ഈ വീടിനകത്ത് കയറിയാൽ എന്റെ അമ്മയെ കാണാം. ആദ്യം വന്നുകയറുമ്പോൾ എന്റെ അമ്മയെ കണ്ടിട്ടാണ് ഇവിടെ കേറുന്നത്.
ഞാനൊരു സ്ത്രീ വിരോധിയുമല്ല. പക്ഷേ, ഏകപക്ഷീയമാകരുത് ഒരു പക്ഷം പിടിക്കുമ്പോൾ. പുരുഷനും ഒരു പക്ഷമുണ്ട്. ആണില്ലെങ്കിൽ പെണ്ണില്ല, പെണ്ണില്ലെങ്കിൽ ആണുമില്ല. ശിവ-പാർവതി സങ്കൽപ്പമുണ്ടല്ലോ, അത് തന്നെ എത്രയോ ദൈവികമാണ്, ശേഷ്ഠമാണ്. അത് നിങ്ങൾ മറന്നിട്ട് ഏകപക്ഷീയമായെന്ന് പറഞ്ഞിട്ട്, അപ്പുറത്ത് അമ്മയും അച്ഛനെന്നും സംഘടനയുണ്ടാക്കിയിട്ടൊന്നും കാര്യമില്ല. പറഞ്ഞതിൽ ഒരു ലജ്ജയും തോന്നുന്നില്ല.
നിങ്ങൾ എന്തിനാണ് എല്ലാ വർഷവും ഒരാൾ തന്നെ സൃഷ്ടിച്ച കലാസൃഷ്ടിയെ തന്നെ കൊടുത്തു കൊണ്ടിരിക്കുന്നത്? എന്തു കൊണ്ടാണ് അതിനകത്ത് നിങ്ങൾക്ക് സ്ത്രീവിരുദ്ധത കാണാൻ പറ്റാത്തത്? എന്തു കൊണ്ടാണ് നിങ്ങൾ നമ്പൂതിരി ഉണ്ടാക്കിയിരിക്കുന്ന ശിൽപ്പത്തിൽ സ്ത്രീവിരുദ്ധത കാണാത്തത്. എന്തു കൊണ്ട് നിങ്ങൾക്ക് അവിടെയൊരു പുരുഷനെ സൃഷ്ടിച്ച് വച്ചുകൂടാ? ഡാവിഞ്ചി സൃഷ്ടിച്ച് വച്ചിട്ടുണ്ടല്ലോ.'
ഞാനെന്ത് സ്ത്രീവിരുദ്ധതയാണ് പറഞ്ഞത്? ഞാൻ ഇന്നലെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്. ഒരു നാണക്കേടും എനിക്കില്ല. ഒരു പുരുഷൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുകയാണ്. 25,000 രൂപ തന്ന് അപമാനിച്ചുവെന്നത് വെറുമൊരു സ്റ്റേറ്റ്മെന്റ് മാത്രമാണ്. 25,000 ആയാലും 50,000 ആയാലും ട്രഷറിയിൽ നിന്ന് മാറാൻ പറ്റുമോയെന്ന് നമുക്ക് നോക്കാം, അത്രയേയുള്ളൂ.
ഞാൻ എന്റെ അമ്മയേയും ഭാര്യയേയും സ്നേഹിക്കുന്ന ആളാണ്. ഞാൻ ഇന്നലെ കിട്ടിയ അവാർഡ് ആദ്യം കൊണ്ടുകൊടുത്തത് എന്റെ ഭാര്യയുടെ കൈയ്യിലല്ല. എന്റെ കൂടെ അഭിനയിച്ച പൌളി ചേച്ചിക്കാണ്. അത് നിങ്ങൾ കാണാതെ പോയത് എന്റെ കുറ്റമല്ല," അലൻസിയർ പറഞ്ഞു.
ഇന്നലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ 'അപ്പന്‍' എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയർ വിവാദ പ്രസംഗം നടത്തിയത്. "അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍. നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു. സാംസ്കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണ്ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം.
എനിക്കും കുഞ്ചാക്കോ ബോബനും 25,000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഗൌതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡൊക്കെ എല്ലാവര്‍ക്കും കൊടുത്തോളൂ. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണം. ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍പ്രതിമ തന്ന് അപമാനിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങിക്കാൻ പറ്റുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും" എന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us