വളരെ ചെറിയ കാലയളവുകൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യത നേടിയ നടനാണ് അജു വര്‍ഗീസ്. നൂറിലേറെ സിനിമകള്‍ ചെയ്ത അജു വര്‍ഗീസ് ‘ലൗവ് ആക്ഷന്‍ ഡ്രാമ’ എന്ന നിവിന്‍ പോളി ചിത്രം നിർമിക്കുകയും ചെയ്തു.
‘ലൗവ് ആക്ഷന്‍ ഡ്രാമ’യിലെ ‘കുടുക്കു പൊട്ടിയ കുപ്പായം’ എന്ന പാട്ടും അതിലെ ഡാന്‍സും വൈറലായിരുന്നു. നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിച്ചുള്ള ഡാന്‍സ് രംഗങ്ങളാണ് ഇതില്‍ ശ്രദ്ധേയം. ചിത്രത്തില്‍ നിവിനൊപ്പം ഡാന്‍സ് കളിക്കാന്‍ താന്‍ കുറച്ചു ബുദ്ധിമുട്ടിയെന്നാണ് അജു വര്‍ഗീസ് പറയുന്നത്. ഡാന്‍സിനിടയില്‍ നിവിനും അജുവും ചേര്‍ന്ന് കയ്യില്‍ കയറുകെട്ടി സ്റ്റെപിടുന്ന ഒരു ഭാഗമുണ്ട്. അത് തന്റെ ബുദ്ധിയില്‍ ഉദിച്ചതാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ അജു പറയുന്നത്.
“ഡാന്‍സ് വേണമെന്ന് സംവിധായകനായ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു. സമയമാകുമ്പോള്‍ കളിക്കാമെന്ന് ഞാനും കരുതി. അങ്ങനെ ആ ദിവസം അടുത്തു. സെറ്റൊക്കെ ഇട്ടു. ക്യാമറ വച്ചു. എല്ലാം കഴിഞ്ഞു. ഇനി ഡാന്‍സ് കളിച്ചാല്‍ മതി എന്ന സാഹചര്യമായി. ഭയങ്കര ഡാന്‍സ് വേണമെന്നാണ് ധ്യാന്‍ പറഞ്ഞത്. അപ്പോഴാണ് കയ്യില്‍ ഒരു കയറുകെട്ടിയാലോ എന്ന് തോന്നിയത്. അങ്ങനെയാകുമ്പോള്‍ നിവിന്‍ കൈ പൊക്കിയാല്‍ എന്റെ കയ്യും പൊങ്ങും. അപ്പോള്‍ ഡാന്‍സ് കറക്ട് ടൈമിങ്ങില്‍ വരികയും ചെയ്യും.” അജു വര്‍ഗീസ് പറഞ്ഞു.
Read Also: ചാന്‍സ് ചോദിച്ചുവന്ന മെലിഞ്ഞ നീണ്ട ചെക്കന്‍; മഹാനടന്റെ അത്യപൂര്‍വ ചിത്രം
സിനിമയിലെത്തിയ കാലം തൊട്ട് ഉടായിപ്പ് കഥാപാത്രങ്ങളെല്ലാം കൃത്യമായി അജുവിലേക്ക് എത്തുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അതിനും അജു വർഗീസ് ഉത്തരം നൽകുന്നുണ്ട്. ഉടായിപ്പ് വേഷങ്ങളൊക്കെ തേടി വരുന്നതിനു കാരണമെന്താണെന്ന് ചോദിച്ചാല്‍ ‘യോഗം’ എന്നല്ലാതെ മറ്റെന്ത് പറയുമെന്നാണ് അജു ചോദിക്കുന്നത്. ഇത്തരം വേഷങ്ങള്‍ തേടി വരുന്നതിന്റെ കാരണമായി ഉടൻ റിലീസിനൊരുങ്ങുന്ന ‘കമല’ എന്ന തന്റെ ചിത്രത്തിലെ ഡയലോഗാണ് അജു പറയുന്നത്. “അതിന്റെ പേരാണ് വിധി. അതിനെ അങ്ങനെ വിളിക്കാനാണ് എനിക്ക് ഇഷ്ടം.”
ഒരേപോലെ വരുന്ന വേഷങ്ങളെ കുറിച്ച് താൻ ചിന്തിക്കാറില്ലെന്ന് അജു പറയുന്നു. സിനിമയില്‍ അഭിനയമല്ലാതെ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാറില്ല. സംവിധായകന്‍ ആവശ്യപ്പെടുന്നതുപോലെ അഭിനയിക്കുക. അതുമാത്രമാണ് ഞാന്‍ ചെയ്യാറുള്ളത്. മറ്റൊരു കാര്യത്തെ കുറിച്ചും കൂടുതല്‍ ചിന്തിക്കാറില്ലെന്നും അജു പറഞ്ഞു. ‘ഒരു വടക്കന്‍ സെല്‍ഫി’യിലെ ഷാജി എന്ന കഥാപാത്രവുമായി കുറച്ചൊക്കെ തനിക്ക് സൗമ്യമുണ്ടെന്നും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ തനിക്കു വലിയ താല്‍പര്യമാണെന്നും അജു വര്‍ഗീസ് പറയുന്നു.