47-ാം തമിഴ്‌നാട് റൈഫിൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ നടൻ അജിത് കുമാർ നാല് സ്വർണ മെഡലും രണ്ട് വെങ്കല മെഡലും നേടി. ബുധനാഴ്ച ത്രിച്ചിയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ സെന്റർ ഫയർ പിസ്റ്റൾ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ, 50 എംടിസ് ഫ്രീ പിസ്റ്റൾ മാസ്റ്റർ മെൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ മാസ്റ്റർ മെൻ (ഐഎസ്എസ്എഫ്) വിഭാഗങ്ങളിൽ സ്വർണവും 50 മീറ്റർ ഫ്രീ പിസ്റ്റൾ പുരുഷൻ, സ്റ്റാൻഡേർഡ് പിസ്റ്റൾ പുരുഷ വിഭാഗങ്ങളിൽ വെങ്കല മെഡലുമാണ് അജിത് നേടിയത്.

അജിത് മത്സരിക്കുന്നതറിഞ്ഞ് നടനെ ഒരു നോക്ക് കാണാനായി ത്രിച്ചി റൈഫിൾ ക്ലബ്ബിന് പുറത്ത് ആരാധകർ തടിച്ചുകൂടിയിരുന്നു. ജനത്തിരക്ക് കാരണം പരിപാടിയുടെ സുരക്ഷ ശക്തമാക്കിയെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം ചെന്നൈയിൽ വച്ചുനടന്ന ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ആറ് സ്വർണ മെഡലുകളും അജിത് നേടിയിരുന്നു. 2019ൽ കോയമ്പത്തൂരിൽ നടന്ന തമിഴ്‌നാട് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അജിത്ത് രണ്ടാം സ്ഥാനത്തെത്തി. ചാമ്പ്യൻഷിപ്പിന്റെ 45-ാം പതിപ്പിൽ വിവിധ ജില്ലകളിൽ നിന്നായി 850-ഓളം മത്സരാർത്ഥികളെ പിന്തള്ളിയാണ് അദ്ദേഹം രണ്ടാം സ്ഥാനം നേടിയത്.
വിദ്യാർത്ഥിയായിരിക്കെ എൻസിസിയിൽ സജീവമായിരുന്നു അജിത്. അജിതിന് ഷൂട്ടിങ്ങിനോടുള്ള താൽപ്പര്യം തുടങ്ങുന്നതും അവിടെ നിന്നാണ്. ഷൂട്ടിങ്ങിന് പുറമെ ഫോട്ടോഗ്രാഫിയിലും റേസിംഗിലുമെല്ലാം അജിത്തിന്റെ പ്രിയപ്പെട്ട ഹോബികളാണ്.
എച്ച് വിനോദ് സംവിധാനം ചെയ്ത് ബോണി കപൂർ നിർമ്മിച്ച വലിമൈ എന്ന ചിത്രത്തിലാണ് അജിത്ത് അവസാനമായി അജിത് അഭിനയിച്ചത്. പിങ്കിന്റെ തമിഴ് റീമേക്കായ നേർകൊണ്ട പാർവൈ എന്ന ചിത്രത്തിനു ശേഷം അജിത്- വിനോദ്- ബോണികപൂർ ടീം ഒന്നിച്ച ചിത്രമായിരുന്നു ഇത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത പുതിയ ചിത്രം (എകെ 61) നു വേണ്ടി കൈകോർത്തിരിക്കുകയാണ് ഈ മൂവർസംഘം. ചിത്രത്തിൽ മഞ്ജു വാര്യർ, സമുദ്രക്കനി, ജോൺ കൊക്കൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.