വർഷങ്ങളായി അജിത് കുമാർ എന്ന നടൻ ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട ‘തല’ ആണ്. എന്നാൽ ഇനി മുതൽ തന്നെ അങ്ങനെ വിളിക്കരുതെന്ന് ആരാധകരോട് അപേക്ഷിക്കുകയാണ് താരം ഇപ്പോൾ. അജിത്തിന്റെ പിആർഒ ആയ സുരേഷ് ചന്ദ്രയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത അജിത് തനിക്ക് ആരാധകരോട് പറയാനുള്ള കാര്യങ്ങൾ പലപ്പോഴും തന്റെ പിആർഒ വഴിയാണ് അറിയിക്കാറുള്ളത്.
“ബഹുമാനപ്പെട്ട മാധ്യമങ്ങളോടും പൊതുജനങ്ങളോടും എന്റെ യഥാര്‍ത്ഥ ആരാധകരോടും. ഇനി മുതല്‍ എന്നെ അജിത്, അജിത് കുമാര്‍, അല്ലെങ്കില്‍ വെറും എകെ എന്ന് വിളിക്കുക. ‘തല’ എന്ന വിശേഷണം എന്റെ പേരിനൊപ്പം ചേര്‍ക്കരുത്. നിങ്ങളുടെ ജീവിതം ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു, സ്‌നേഹത്തോടെ അജിത്,” എന്നാണ് സന്ദേശത്തിൽ അജിത് പറയുന്നത്.

സമ്മിശ്ര പ്രതികരണങ്ങളാണ് ട്വീറ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘തല’ എന്നത് ഒരു പേരല്ല, അതൊരു വികാരമാണെന്ന് ആരാധകരിൽ ചിലർ കുറിച്ചിരിക്കുന്നത്. അതേസമയം, ഒരു ഹീറോ ടൈറ്റിലുകളുടെയും ആവശ്യമില്ല അജിത് എന്ന നടനാണ് മറ്റൊരു വിഭാഗം ആരാധകരുടെ വിലയിരുത്തൽ. “തന്റെ ഫാൻസ് ക്ലബ്ബ് പൊളിച്ചു, തല, അൾട്ടിമേറ്റ് സ്റ്റാർ തുടങ്ങിയ സിനിമാ-ഹീറോ ടൈറ്റിലുകളിൽ നിന്ന് സ്വയം അകന്നു, പതിവ് സിനിമാ പ്രമോഷനുകളിൽ നിന്ന് വിട്ടുനിൽക്കുന്നു, തന്റെ പ്രായത്തിലുള്ള വേഷങ്ങൾ ചെയ്യാൻ തുടങ്ങി, എന്നിട്ടും അദ്ദേഹത്തിന്റെ സൂപ്പർസ്റ്റാർ പദവി അചഞ്ചലമായി തുടരുന്നു! താൻ എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹത്തിനറിയാം,” എന്നാണ് ട്വീറ്റിന് ലഭിച്ച മറ്റൊരു കമന്റ്.
Read more: മക്കൾക്കൊപ്പം ശാലിനിയും അജിത്തും; കുടുംബചിത്രം ഏറ്റെടുത്ത് ആരാധകർ
സംവിധായകൻ എച്ച്.വിനോദിന്റെ ‘വാലിമൈ’ എന്ന ചിത്രമാണ് അജിത്തിന്റേതായി ഇനി റിലീസിനെത്താനുള്ള സിനിമ. വിനോദ്, ബോളിവുഡിലെ പ്രശസ്ത നിർമാതാവ് ബോണി കപൂർ എന്നിവർക്കൊപ്പം ചേർന്നുള്ള അജിത്തിന്റെ രണ്ടാമത്തെ സംരംഭമാണ് ‘വാലിമൈ’. ‘പിങ്കി’ന്റെ തമിഴ് റീമേക്ക് ആയ ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിനു വേണ്ടി കഴിഞ്ഞ വർഷം മൂവരും ഒന്നിച്ചിരുന്നു. ‘വാലിമൈ’യിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് എത്തുന്നത്.