ഒരു യുവതിയ്ക്കും കൈകുഞ്ഞിനുമൊപ്പം ലണ്ടനിലെ ഹീറ്റ്ത്രോ എയർപോർട്ടിൽ നിൽക്കുന്ന നടൻ അജിത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. എന്താണ് ഈ ചിത്രത്തിനു പിന്നിലെ കഥ എന്നല്ലേ? കൈകുഞ്ഞിനെയും കൊണ്ട് തനിയെ യാത്ര ചെയ്യുന്ന യുവതിയ്ക്ക് കൈസഹായമായി മാറുകയായിരുന്നു സഹയാത്രികനായ നടൻ അജിത്. യുവതിയുടെ ഭർത്താവാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്. 10 മാസം പ്രായമുള്ള കുഞ്ഞിനോടൊപ്പം തനിച്ച് യാത്ര ചെയ്യുകയായിരുന്ന ഭാര്യയുടെ ലഗേജുകൾ ചുമന്ന് പുറത്തെത്തിക്കാൻ അജിത് സഹായിച്ചുവെന്നാണ് യുവാവ് കുറിക്കുന്നത്. കാർത്തികിന്റെ ഭാര്യ രാജിയെ ആണ് അജിത് സഹായിച്ചത്.
“എന്റെ ഭാര്യ ഗ്ലാസ്‌ഗോയിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം അവൾ തനിച്ചായിരുന്നു. ലണ്ടനിലെ ഹീറ്റ്ത്രോ എയർപോർട്ടിൽ വച്ച് നടൻ അജിത് കുമാറിനെ കാണാൻ അവസരം ലഭിച്ചു. ഒരു കാബിൻ സ്യൂട്ട്കേസും ബേബി ബാഗും കൊണ്ടായിരുന്നു അവളുടെ യാത്ര. അദ്ദേഹം ഒപ്പം നിന്ന് ചിത്രം എടുക്കുക മാത്രമല്ല, തനിയെ ആണ് ഭാര്യയുടെ യാത്ര എന്നറിഞ്ഞ് അവളുടെ കയ്യിലുള്ള ബാഗ് ചുമക്കുകയും ചെയ്തു. ഭാര്യ നിരവധി തവണ വേണ്ടെന്ന് പറഞ്ഞെങ്കിലും എനിക്കും രണ്ടു കുട്ടികളുണ്ട്. എനിക്ക് മനസ്സിലാക്കാൻ കഴിയും ഈ ബുദ്ധിമുട്ടുകളെന്നാണ് അദ്ദേഹം പറഞ്ഞത്. ഫ്ളൈറ്റിൽ എത്തുന്നതുവരെ അദ്ദേഹം ആ ബാഗുകൾ ചുമന്നു,” എന്നാണ് യുവതിയുടെ ഭർത്താവ് കുറിച്ചത്.


ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. നിരവധി പേർ അജിത്തിന്റെ പ്രവർത്തിയെ അഭിനന്ദിക്കുന്നുണ്ട്.