കോടിക്കണക്കിന് ആരാധകരുള്ള താരമാണ് അജിത്. തെന്നിന്ത്യയ്ക്ക് ആകമാനം പ്രിയങ്കരനായ നടൻ. 30 വർഷങ്ങൾക്കു മുൻപു ഒരു തമിഴ് ചിത്രത്തിൽ ബാലതാരമായി കൊണ്ടായിരുന്നു അജിത്തിന്റെ സിനിമാജീവിതം ആരംഭിച്ചത്. ‘എൻ വീട് എൻ കണവർ’ എന്ന ചിത്രത്തിലെ ഒരു പാട്ടുസീനിലേക്ക് സൈക്കിൾ തള്ളികൊണ്ട് കടന്നുവന്ന ആ പയ്യൻ ഇന്ന് സൂപ്പർസ്റ്റാർ പരിവേഷത്തോടെ തമിഴകത്ത് നിറഞ്ഞുനിൽക്കുകയാണ്.
സിനിമയിലെ അജിതിന്റെ ആ ആദ്യരംഗമാണ് ഇപ്പോൾ ചർച്ചയാവുന്നത്. നദിയ മൊയ്തുവിനെയും സുരേഷിനെയും ഗാനരംഗത്തിൽ കാണാം. ഒരു അഭിമുഖത്തിനിടെ ‘എൻ വീട് എൻ കണവർ’ എന്ന ചിത്രത്തെയും അജിതിന്റെ സീനിനെയും കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ “ഒരു നടൻ അതുപോലെ വളരുന്നത് കാണുന്നത് തന്നെ സന്തോഷമാണ്,” എന്നാണ് നദിയ മൊയ്തു പ്രതികരിച്ചത്.
1996ൽ പുറത്തിറങ്ങിയ കാതൽ കോട്ടൈ, അവൾ വരുവായ, കാതൽ മന്നൻ തുടങ്ങിയ ചിത്രങ്ങളാണ് ഒരു റൊമാന്റിക് ഹീറോയായി അജിതിനെ മാറ്റിയത്. അമർക്കളം ചിത്രത്തിലൂടെ ആക്ഷൻ ഹീറോയായും അജിത് ശ്രദ്ധ നേടി.
വാലി, കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ, ദീന ,സിറ്റിസൻ, വില്ലൻ തുടങ്ങിയ ചിത്രങ്ങൾ അജിതിന്റെ താരമൂല്യം ഉയർത്തി. ഇടയ്ക്ക് അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് അജിത് കാറോട്ടത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. 2006ൽ ‘വരലാരു’ എന്ന ചിത്രത്തിലൂടെയാണ് അജിത് തിരികെ എത്തിയത്. 2007ൽ പുറത്തിറങ്ങിയ ബില്ല ഹിറ്റായി. മങ്കാത, വിവേകം, വീരം, വേദാളം, വിശ്വാസം, നേർകൊണ്ട പാർവൈ, വലിമൈ എന്നിങ്ങനെ നിരവധി എത്രയോ ഹിറ്റ് ചിത്രങ്ങൾ അജിത്തിന്റെ ഫിലിമോഗ്രാഫിയിലുണ്ട്.
Read more: ‘ശാലിനിയോടുള്ള പ്രണയം തുടങ്ങിയത് ആ അപകടത്തിൽ നിന്ന്’: അജിത്
സമകാലികരായ നടന്മാരിൽ നിന്നും അജിതിനെ വ്യത്യസ്തനാക്കുന്ന ഒരു കാര്യം കാറോട്ടത്തിലും സാഹസികതയിലുമുള്ള താരത്തിന്റെ പ്രത്യേക താൽപ്പര്യമാണ്. മുംബൈ, ചെന്നൈ, ഡൽഹി എന്നിവിടങ്ങളിലായി നടക്കാറുള്ള ഫോർമുല 3 ഗണത്തിലുള്ള നിരവധി കാറോട്ട മത്സരങ്ങളിൽ അജിത് പങ്കെടുക്കുകയും ജേതാവാകുകയും ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വേദിയിലും ഫോർമുല ചാമ്പ്യൻഷിപ്പുകളിലും മത്സരിക്കുന്ന ചുരുക്കം ചില ഇന്ത്യക്കാരിൽ ഒരാളാണ് അജിത്. ജർമ്മനി, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലെ വിവിധ റേസുകളിലും അജിത് പങ്കെടുത്തു.
വലിയ യാത്രാപ്രേമിയാണ് അജിത്. ബൈക്കിൽ ലോകം ചുറ്റിക്കറങ്ങാനും താരത്തിന് ഏറെയിഷ്ടമാണ്. യൂറോപ്പിൽ ബൈക്ക് ട്രിപ്പിലാണ് അജിത് ഇപ്പോഴുള്ളത്. റഷ്യയിലേക്കും ഇന്ത്യയുടെ ഉൾനാടൻ ഗ്രാമങ്ങളിലേക്കും സിക്കിമിലേക്കും കൊൽക്കത്തയിലേക്കും വാഗ അതിർത്തിയിലേക്കുമൊക്കെ മുൻപ് അജിത് ബൈക്ക് ട്രിപ്പുകൾ സംഘടിപ്പിച്ചിരുന്നു.