രാജ്യം അതീരൂക്ഷമായ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോൾ കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി തമിഴ്നാട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് നടൻ അജിത്ത്. അടുത്തിടെ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ വേണമെന്നും സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവനകൾ നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭ്യർത്ഥിച്ചിരുന്നു.
അതിനെ തുടർന്ന് നിരവധി താരങ്ങളാണ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകി വരുന്നത്. അജിത്ത് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയ വിവരം അദ്ദേഹത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസം സംവിധായകൻ എ ആർ മുരുകദാസും മുഖ്യമന്ത്രി സ്റ്റാലിനെ കാണുകയും ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. സൂര്യയും സഹോദരൻ കാർത്തിയും ചേർന്ന് ഒരു കോടി രൂപയാണ് തമിഴ്നാട് സർക്കാരിലേക്ക് സംഭാവന നൽകിയത്.
Read more: കോവിഡ് പോരാട്ടത്തിൽ സഹായഹസ്തവുമായി ബോളിവുഡ് താരങ്ങൾ