രാജീവ് രവി ചിത്രമായ ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണ അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരം. ടൊവിനോ തോമസിനെ നായകനാക്കി അരുൺ ബോസ് ഒരുക്കിയ ലൂക്ക എന്ന ചിത്രം അഹാനയ്ക്ക് നിരവധി ആരാധകരെ നേടിക്കൊടുത്തു. അഹാന നല്ലൊരു ഗായിക കൂടിയാണെന്ന് പ്രേക്ഷകർക്ക് അറിയാവുന്നതാണ്. എന്നാൽ താൻ ഒരു നല്ല നർത്തകി കൂടിയാണെന്ന് തെളിയിക്കുകയാണ് അഹാന.
Read More: ഓരോ കാറ്റിനും ഓരോ ഭാവം: വര്‍ഷങ്ങള്‍ക്കിപ്പുറം അച്ഛന്റെ പാട്ടിന് ശബ്ദം നല്കി അഹാന
‘മൈ ഡെസിഗ്നേഷൻ ഒഫീഷ്യൽ’ തയാറാക്കി നൽകിയ ടി ഷർട്ട് അണിഞ്ഞാണ് അഹാനയുടെ ഡാൻസ്. പ്രകാശം പരക്കട്ടെ എന്ന ഗ്രാഫിറ്റിയാണ് ടി ഷർട്ടിന്റെ ആകർഷണം. രസകരമായി, ചുറ്റുപാട് മറന്ന് നൃത്തം ചെയ്യുന്ന അഹാനയെ കാണുന്നവർക്ക് തന്നെ ഒരു ഊർജമാണ്.
‘വിസ്പേർസ് ആന്റ് വിസിൽസ്’ എന്ന പേരിൽ 2017ൽ അഹാന ഒരു സംഗീത ആൽബം പുറത്തിറക്കിയിരുന്നു. കാറ്റ് എന്ന വിഷയത്തെ ആസ്പദമാക്കി ഒന്നിലധികം പാട്ടുകൾ കൂട്ടിച്ചേർത്തായിരുന്നു ആൽബം ചെയ്തത്. അച്ഛൻ കൃഷ്ണകുമാർ മുഖ്യവേഷത്തിൽ എത്തിയ ‘കാറ്റുവന്ന് വിളിച്ചപ്പോൾ’ എന്ന ചിത്രത്തിലെ ‘കാറ്റേ നീ വീശരുതിപ്പോൾ’ എന്ന ഗാനവും അഹാന പാടിയിരുന്നു.
2014ലായിരുന്നു അഹാന കൃഷ്ണയുടെ ആദ്യ സിനിമയായ ഞാന്‍ സ്റ്റീവ് ലോപ്പസ് പുറത്തിറങ്ങിയത്. രണ്ടാമത്തെ സിനിമയായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള റിലീസ് ചെയ്തത് വീണ്ടും രണ്ടു വർഷം കഴിഞ്ഞായിരുന്നു. ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരിയായാണ് അഹാന അഭിനയിച്ചത്.
എന്നാൽ ലൂക്ക എന്ന ചിത്രം അഹാനയുടെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. നിഹാരിക എന്ന കഥാപാത്രമായാണ് അഹാന എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിനു പുറകെ റിലീസ് ചെയ്ത ശങ്കർരാമകൃഷ്ണൻ ചിത്രം പതിനെട്ടാം പടിയിലെ ആനി എന്ന വേഷത്തിലും അഹാന തിളങ്ങി.