/indian-express-malayalam/media/media_files/uploads/2022/10/Abhishek-Bachchan.jpg)
ട്രോളുകളെ വിവേകത്തോടെയും രസകരമായും കൈകാര്യം ചെയ്യുന്ന നടന്മാരിൽ ഒരാളാണ് അഭിഷേക് ബച്ചൻ. മുൻപും പലപ്പോഴും ട്രോളുകൾക്ക് അഭിഷേക് മറുപടി നൽകുന്ന രീതിയും സോഷ്യൽ മീഡിയ ആക്രമണങ്ങൾ കൈകാര്യം ചെയ്യുന്നതിലെ കയ്യടക്കവുമൊക്കെ വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിൽ തന്നെ തൊഴിൽ രഹിതനെന്ന് പരിഹസിച്ച വ്യക്തിയ്ക്ക് അഭിഷേക് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
പൽകി ശർമ്മ എന്ന ജേർണലിസ്റ്റിന്റെ ട്വീറ്റിനു താഴെയാണ് ട്രോളനും അഭിഷേകും ഏറ്റുമുട്ടിയത്. "ഇന്നത്തെ വാർത്തകൾ ലഭിക്കാൻ എത്ര പേജുകൾ നിങ്ങൾക്ക് മറിക്കേണ്ടി വന്നു? നിങ്ങളുടെ പത്രത്തിന് എത്ര മുൻ പേജുകളുണ്ട്? ദീപാവലി വിൽപ്പന പരസ്യങ്ങൾ നിങ്ങളുടെ വാങ്ങൽ തീരുമാനങ്ങളെ സ്വാധീനിക്കുന്നുണ്ടോ?" എന്നായിരുന്നു പൽകിയുടെ ട്വീറ്റ്. “ആളുകൾ ഇപ്പോഴും പത്രങ്ങൾ വായിക്കുന്നുണ്ടോ??” എന്നായിരുന്നു ട്വീറ്റിനു താഴെ അഭിഷേകിന്റെ ചോദ്യം.
അഭിഷേകിന്റെ ട്വീറ്റ് ഏറ്റുപിടിച്ചുകൊണ്ട് “ബുദ്ധിയുള്ള ആളുകൾ അത് ചെയ്യുന്നു. നിങ്ങളെപ്പോലെയുള്ള തൊഴിലില്ലാത്തവരല്ല," എന്നായിരുന്നു ട്രോൾ. “ഓ, ഈ വിവരത്തിന് നന്ദി. ബുദ്ധിയും തൊഴിലും തമ്മിൽ ബന്ധമില്ല. നിങ്ങളെ ഉദാഹരണമായി എടുക്കുക. നിങ്ങൾ ജോലിക്കാരനാണെന്ന് എനിക്ക് ഉറപ്പുണ്ട്, നിങ്ങൾ ബുദ്ധിമാനല്ലെന്ന് എനിക്ക് ഉറപ്പുണ്ട് (നിങ്ങളുടെ ട്വീറ്റ് അനുസരിച്ച്)" അഭിഷേക് മറുപടി നൽകിയതിങ്ങനെ.
Oh, I see! Thank you for that input. By the way, intelligence and employment aren’t related. Take you for example. I’m sure you’re employed, I’m also sure (judging by your tweet) that you’re not intelligent! 🙏🏽
— Abhishek 𝐁𝐚𝐜𝐡𝐜𝐡𝐚𝐧 (@juniorbachchan) October 22, 2022
കരിയറിൽ നിന്നും ഇടക്കാലത്തൊരു ബ്രേക്ക് എടുത്ത അഭിഷേക് അഭിനയത്തിൽ സജീവമാണിപ്പോൾ. ദി ബിഗ് ബുൾ, ലുഡോ, ദസ്വി, ബോബ് ബിശ്വാസ് തുടങ്ങിയ ചിത്രങ്ങളാണ് ഏറ്റവുമൊടുവിൽ അഭിഷേക് അഭിനയിച്ചത്. അഭിഷേക് അഭിനയിച്ച ആമസോൺ പ്രൈം വീഡിയോയുടെ ബ്രീത്ത്: ഇൻ ടു ദ ഷാഡോസിന്റെ പുതിയ സീസൺ ഉടനെയെത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.