ബോളിവുഡ് താരം ആമിർ ഖാൻ തുർക്കിയുടെ പ്രഥമ വനിത എമിൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തി. പുതിയ ചിത്രം ‘ലാൽ സിംഗ് ചദ്ദ’യുടെ ഷൂട്ടിംഗിനായി ആമിർ ഖാൻ തുർക്കിയിലെത്തിയപ്പോഴായിരുന്നു സന്ദർശനം. ആഗസ്ത് 15 ന്, ഇന്ത്യയുടെ 74-ാം സ്വാതന്ത്ര്യദിനത്തിലാണ് ഇസ്താംബൂളിലെ ഹുബർ മാൻഷനിലുള്ള തന്റെ പ്രസിഡൻഷ്യൽ വസതിയിലേക്ക് എമിൻ ആമിർ ഖാനെ ക്ഷണിച്ചത്.

ആമിറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് എമിൻ എർദോഗൻ ട്വീറ്റ് ചെയ്യുകയും ചെയ്തു. “ലോകപ്രശസ്ത ഇന്ത്യൻ നടനും സംവിധായകനുമായ ആമിർ ഖാനെ ഇസ്താംബുളിൽ കണ്ടുമുട്ടിയതിൽ എനിക്കേറെ സന്തോഷമുണ്ട്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ചില ഭാഗങ്ങൾ അദ്ദേഹം തുർക്കിയുടെ വിവിധഭാഗങ്ങളിൽ ചിത്രീകരിക്കുന്നു എന്നറിഞ്ഞതിഷ സന്തോഷമുണ്ട്. ഞാനതിനായി കാത്തിരിക്കുന്നു,” എമിൻ കുറിക്കുന്നു.

തന്റെ പങ്കാളിത്തമുള്ള സാമൂഹിക പദ്ധതികളെ കുറിച്ചും ആമിർ എമിൻ എർദോഗനുമായി ചർച്ച നടത്തി. സിനിമകളിലൂടെ സാമൂഹിക പ്രശ്നങ്ങളെ അഡ്രസ് ചെയ്യുന്നതിന് എമിൻ എർദോഗന് ആമിർഖാനെ അഭിനന്ദിച്ചുവെന്നും തുർക്കി പ്രസിഡൻസി ഓഫ് റിപ്ലബ്ലിക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.

“കോവിഡ് 19 കാരണം ഇന്ത്യയിൽ പൂർത്തിയാക്കാൻ കഴിയാതെ പോയ ‘ലാൽ സിംഗ് ചദ്ദ’യുടെ ചിത്രീകരണം പൂർത്തിയാക്കാനാണ് തുർക്കി സന്ദർശനമെന്ന് ആമിർ ഖാൻ വിശദമാക്കി. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ആമിർ ഖാൻ പ്രഥമ വനിതയെ ക്ഷണിക്കുകയും ചെയ്തു,” പത്രക്കുറിപ്പിൽ വിശദമാക്കുന്നു.

2020 ഡിസംബർ 25ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ‘ലാൽ സിംഗ് ചദ്ദ’ യുടെ റിലീസ് അടുത്തിടെ കോവിഡിന്റെ പശ്ചാത്തലത്തിൽ 2021 ഡിസംബറിലേക്കായി മാറ്റിവച്ചിരുന്നു. കരീന കപൂർ ഖാൻ, മോനാ സിംഗ്, തമിഴ് താരം വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ടോം ഹാങ്ക്‌സിന്റെ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക റീമേക്കാണ് ചിത്രം. ചിത്രീകരണം പൂർത്തിയാക്കുന്നതിലാണ് ടീം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് വയകോം18 സ്റ്റുഡിയോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ അജിത് അന്ദരെ പറഞ്ഞു. നടനും എഴുത്തുകാരനുമായ അതുൽ കുൽക്കർണിയുടെ തിരക്കഥയിൽ ‘സീക്രട്ട് സൂപ്പർ സ്റ്റാർ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അദ്വൈത് ചന്ദൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വയകോം 18 മോഷൻ പിക്ചേഴ്സും ആമിർ ഖാൻ പ്രൊഡക്ഷനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. അമിതാഭ് ഭട്ടാചാര്യയുടെ വരികൾക്ക് പ്രീതം സംഗീതം പകരും.

Read more: ഗോതമ്പ് പായ്ക്കറ്റിൽ 15,000 ഒളിപ്പിച്ച ആ ‘റോബിൻഹുഡ്’ താനല്ലെന്ന് ആമിർ ഖാൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook