പൂർണനഗ്നനായിട്ടുള്ള രൺവീറിന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങളാണ് ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഏറെ ട്രോളുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, രൺവീറിന്റെ ചിത്രങ്ങൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു എൻജിഒ. തന്റെ നഗ്നചിത്രങ്ങൾ പങ്കുവച്ച രൺവീർ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി.
തന്റെ നഗ്നചിത്രങ്ങളിലൂടെ സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയതിന് രൺവീർ സിംഗിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച അപേക്ഷ ലഭിച്ചതായി മുംബൈ പോലീസ് സ്ഥിരീകരിച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു എൻജിഒയുടെ ഭാരവാഹിയാണ് ചെമ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിച്ചത്.
നടനെതിരെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്. “തിങ്കളാഴ്ച എൻജിഒയുമായി ബന്ധപ്പെട്ട ഒരു വ്യക്തിയിൽ നിന്ന് ഞങ്ങൾക്ക് ഒരു അപേക്ഷ ലഭിച്ചു. ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഞങ്ങൾ അന്വേഷിക്കുകയാണ്,” ഉദ്യോഗസ്ഥൻ പറഞ്ഞു.