കൊച്ചി: നടൻ ഷമ്മി തിലകനെ താരസംഘടനയായ ‘അമ്മ’യിൽനിന്ന് പുറത്താക്കി. അച്ചടക്ക ലംഘനത്തെ തുടർന്നാണ് നടപടി. ഞായറാഴ്ച കൊച്ചിയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.
സംഘടനയുടെ പൊതുയോഗം നടൻ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതേതുടർന്ന് ഷമ്മി തിലകനെതിരെ നടപടി വേണമെന്ന് ഒരു സംഘം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ അച്ചടക്ക സമിതിയെ നിയോഗിച്ചിരുന്നു. തുടർന്ന് അച്ചടക്ക സമിതി ഷമ്മി തിലകനോട് വിശദീകരണം തേടി. മൂന്ന് തവണ സമയം നൽകിയിട്ടും ഷമ്മി വിശദീകരണം നല്‍കിയിരുന്നില്ല. തുടർന്നാണ് നടപടി.
‘അമ്മ’ ഭാരവാഹികൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചതും അച്ചടക്ക ലംഘനമായി കണക്കാക്കിയാണ് നടപടി. ഒരു നടൻ മാത്രമാണ് അച്ചടക്ക നടപടി വേണ്ടെന്ന് വാദിച്ചത് എന്നാണ് വിവരം.
‘കഴിഞ്ഞ കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് വാര്‍ത്താ മാധ്യമങ്ങളിലൂടെയൊക്കെ ഷമ്മി തിലകൻ സംഘടനയ്‌ക്കെതിരെ ഒരുപാടുകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അമ്മ മാഫിയാ സംഘമാണെന്നുവരെ പറഞ്ഞു. അതില്‍ അംഗങ്ങള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ജനറല്‍ ബോഡിയിലും അത് പറഞ്ഞതാണ്,’ അമ്മ ഭാരവാഹികള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടന്‍ സിദ്ദിഖ് പറഞ്ഞു.
‘അമ്മ’ പ്രസിഡന്റ് മോഹൻലാലിൻറെ അധ്യക്ഷതയിലാണ് ജനറൽ ബോഡി യോഗം നടന്നത്. നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ പ്രതിയായ വിജയ് ബാബുവും യോഗത്തിൽ പങ്കെടുത്തു.
കളമശ്ശേരി ചാക്കോളാസ് പവിലിയനിലാണ് യോഗം നടന്നത്. സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികളുടെ ആവിഷ്‌കരണവും യോഗത്തിലെ പ്രധാന വിഷയമായിരുന്നു.
Also Read: ‘അമ്മ’ വാർഷിക പൊതുയോഗം; വിജയ് ബാബു അടക്കമുള്ളവർ പങ്കെടുക്കുന്നു