ഊട്ടിയിലെ വീട്ടില്‍ മകനൊപ്പം ചിത്രങ്ങളും വരച്ച് സുഖമായി കഴിയവെ പ്രമുഖ നടി ഷീലയെ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി  രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍ ഷീലയാകട്ടെ സുഹൃത്തുക്കളോടും മറ്റും ആലോചിച്ചശേഷം നോ പറഞ്ഞു. അന്ന് ആ തീരുമാനത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയത് മറ്റൊരു പ്രമുഖ നടി ശാരദയാണ്.

രാഷ്ട്രീയത്തിലേക്ക് ദയവായി പോകരുതെന്ന് ശാരദയാണ് തന്നെ ഉപദേശിച്ചതെന്ന് ഷീല വെളിപ്പെടുത്തി. വനിതയ്ക്കുവേണ്ടി ഷീലയും ശാരദയും തമ്മിലെ സംഭാഷണത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഒരിക്കലും നിനക്ക് ഇതു ചേരില്ലെന്ന് ശാരദ പറഞ്ഞു. സമാധാനമില്ലാത്ത ജീവിതം വേണമെന്നുണ്ടെങ്കില്‍ പൊയ്‌ക്കൊള്ളൂവെന്ന് ശാരദ കൂട്ടിച്ചേര്‍ത്തു.

Read Also: കല്യാണ വീട്ടിൽ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ച ‘ആചാരലംഘനം’; ചിരിയടക്കാതെ വധു

എന്തുകൊണ്ടാണ ഷീലയെ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതില്‍ നിന്നും തടഞ്ഞതെന്ന് ശാരദ വിശദീകരിക്കുന്നുണ്ട്. ഷീല സ്‌ട്രെയ്റ്റ് ഫോര്‍വേഡാണെന്ന് ശാരദ നിരീക്ഷിക്കുന്നു. രാഷ്ട്രീയത്തില്‍ അങ്ങനെ സംസാരിക്കാന്‍ പാടില്ലെന്നും കുറച്ച് അഭിനയമൊക്കെ വേണമെന്നും തെലുങ്ക് ദേശം പാര്‍ട്ടിയുടെ എംപിയായിരുന്നു ശാരദ പറയുന്നു.

രാഷ്ട്രീയത്തില്‍ നമ്മുടെ കൂടെ നില്‍ക്കുന്നവരില്‍ പലതരം ആളുകള്‍ കാണും. നല്ലത് ചെയ്യുന്നത് ഇഷ്ടമില്ലാത്തവര്‍. നല്ലത് ചെയ്താലും കുറ്റം പറയുന്നവര്‍, ചെയ്യാത്ത കുറ്റത്തിനു നമ്മളെ പ്രതിയാക്കുന്നവര്‍. അത്തരക്കാരോടൊന്നും ക്ഷമിക്കാനും പൊറുക്കാനും ഷീലയ്ക്ക് ആകില്ല. അതുകൊണ്ടാണ് തടഞ്ഞതെന്നും ശാരദ പറയുന്നു.

രാഷ്ട്രീയത്തില്‍ അഭിനയമുണ്ടെന്ന് ചാലക്കുടി മുന്‍ എംപിയായിരുന്ന പ്രമുഖ നടന്‍ ഇന്നസെന്റും വ്യക്തമാക്കുന്നു. വാരാദ്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. സിനിമാഭിനയവും രാഷ്ട്രീയവും തമ്മില്‍ ഒരുപാട് സാമ്യമുണ്ടെന്ന് അദ്ദേഹം പറയുന്നു. കാരണം രാഷ്ട്രീയത്തില്‍ കുറെ അഭിനയമുണ്ടെന്നു വിശ്വസിക്കുന്ന ആളാണു താനെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Read Also: ഇങ്ങനെയും ഒരു കാലമുണ്ടായിരുന്നു; കോൺഗ്രസിന് നന്ദി പറഞ്ഞ് കണ്ണൻ ഗോപിനാഥൻ2020/

അദ്ദേഹം ഒരു ഉദാഹരണം പറയുന്നു. അദ്ദേഹത്തിന്റെ പിതാവ് മരിച്ചു കിടക്കുന്നു. അപ്പോള്‍ പ്രധാനമന്ത്രിയെത്തുന്നു. മോദി സാറേ എന്റെ അപ്പന്‍ പോയിട്ടാ എന്ന് കെട്ടിപ്പിടിച്ച് കരയുന്നത് അഭിനയമാണെന്ന് ഇന്നസെന്റ് പറയുന്നു. രാഷ്ട്രീയവും അഭിനയവും ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ തനിക്കൊരു ബുദ്ധിമുട്ടുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ താരങ്ങളുടെ പേര് മാറ്റുന്നത് സ്ഥിരമാണ്. എന്നാല്‍ ഷീലയുടെ പേര് മാറ്റിയിട്ടില്ല. അതിന് പിന്നിലെ രഹസ്യവും ഷീല വെളിപ്പെടുത്തി. തന്റെ അമ്മയുടെ കരച്ചിലാണ് അതിന് സഹായിച്ചത്.

പുരാതന കത്തോലിക്ക കുടുംബമാണ് തങ്ങളുടേതെന്ന് അവര്‍ പറഞ്ഞു. ബന്ധുക്കളുടെ എതിര്‍പ്പുകള്‍ കടന്നാണ് ഷീല സിനിമയിലേക്ക് വന്നത്.

തമിഴില്‍ അഭിനയിച്ചപ്പോള്‍ എംജിആറാണ് ഷീലയുടെ പേര് മാറ്റാന്‍ ശ്രമിച്ചത്. സുമിത്രാ ദേവി എന്ന പേരാണ് എംജിആര്‍ നിര്‍ദ്ദേശിച്ചത്. ഷീലയെന്നത് ക്രിസ്ത്യന്‍ പേരായത് കൊണ്ടാണ് പേര് മാറ്റം നിര്‍ദ്ദേശിച്ചത്. സിനിമയിലെത്തി ഷീല നന്നായിയെന്ന് പേര് മാറ്റിയാല്‍ നാട്ടുകാര്‍ അറിയില്ലെന്ന് അമ്മ കരുതി. അതുകൊണ്ട് അമ്മ കരഞ്ഞ് പറഞ്ഞു. ഒടുവില്‍ എംജിആര്‍ ഷീലയെ ഷീല ദേവിയാക്കി. ഇപ്പോഴും ഔദ്യോഗിക പേര് ഷീലാ ദേവി എന്നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook