കുഞ്ഞിനെ നഷ്ടപ്പെടുമ്പോൾ ഒരമ്മയ്ക്ക് നഷ്ടമാകുന്നത് അവരുടെ ലോകം തന്നെയാണ്. ഇരുട്ടിന്റെ മറവിൽ നിന്നും നീളുന്ന കറുത്ത കരങ്ങൾ ഓരോ കുഞ്ഞിനെയും അടർത്തിയെടുക്കുമ്പോൾ അവിടെ ഒരമ്മ കൂടിയാണ് തളർന്നുവീഴുന്നത്.

‘ചിന്നം ചിരു കിളിയേ’ എന്നു പേരിട്ടിരിക്കുന്ന 9 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഭരതനാട്യ-​അഭിനയശിൽപ്പത്തിലൂടെ അമ്മയും കുഞ്ഞും തമ്മിലുള്ള ഉപാധിയില്ലാത്ത സ്നേഹത്തെ കുറിച്ചും കുഞ്ഞിനെ നഷ്ടമാകുമ്പോൾ ഒരമ്മ എത്തിച്ചേരുന്ന ജീവിതത്തിലെ ഇരുട്ടിനെ കുറിച്ചുമൊക്കെ പറയുകയാണ് അഭിനേത്രിയും നർത്തകിയുമായ നവ്യ നായർ. ചൈൽഡ് ട്രാഫിക്കിംഗ് എന്ന സാമൂഹ്യവിപത്തിനെയും അതുമൂലം ശിഥിലമാകുന്ന കുടുംബങ്ങളെ കുറിച്ചുമൊക്കെ അവബോധം നൽകുന്ന രീതിയിലാണ് നിത്യ ‘ചിന്നം ചിരു കിളിയേ’ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

തന്റെ പുതിയ സംരംഭമായ ‘ചിന്നം ചിരു കിളിയേ’യുടെ വിശേഷങ്ങൾ ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളവുമായി പങ്കുവെയ്ക്കുകയാണ് നവ്യ നായർ.

” ഡാൻസിനോട് താൽപ്പര്യം കൊണ്ട് തന്നെ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്നു പണ്ടു മുതലേ ഉണ്ടായിരുന്നു. ഒരു അമ്മയായി കഴിഞ്ഞപ്പോൾ,​ അമ്മ- മകൻ ബന്ധത്തിന്റെ ഫീലൊക്കെ അതിന്റെ ആഴത്തിൽ അനുഭവിച്ചപ്പോൾ ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്താലോ എന്നു തോന്നി.

നമ്മുടെ നാട്ടിൽ ഒരുപാട് പ്രശ്നങ്ങളുണ്ടല്ലോ, പക്ഷേ എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത് കുട്ടികളുമായി റിലേറ്റ് ചെയ്തു വരുന്ന കാര്യങ്ങളാണ്. കൊച്ചുകുഞ്ഞുങ്ങൾ റേപ്പിന് ഇരയായി എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് ഒട്ടും സഹിക്കാൻ പറ്റില്ല. അതുപോലെ തന്നെ, കുഞ്ഞുങ്ങളെ കാണാതെ പോയി എന്ന വാർത്തകൾ. അതൊക്കെ വായിക്കുമ്പോൾ വല്ലാത്ത അസ്വസ്ഥത തോന്നും. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാൻ കൂടി പക്വത വന്നിട്ടില്ലാത്ത കുഞ്ഞു കുട്ടികൾ, അവരുടെ അവസ്ഥ ഭീകരമാണ്. അമ്മയായതിനു ശേഷം ഇത്തരം വാർത്തകൾ എന്നെ വല്ലാതെ ബാധിക്കാറുണ്ട്.

ചൈൽഡ് ട്രാഫിക്കിംഗ് നമ്മുടെ നാട്ടിൽ വളരെ കൂടുതലാണല്ലോ. പ്രത്യേകിച്ചും ബോംബെയിൽ ജീവിക്കുന്നതുകൊണ്ട് കൺമുന്നിൽ എപ്പോഴും കുട്ടികളാണ്. തെരുവിൽ മുഴുവൻ കുട്ടികളാണ്. ഏതു സ്റ്റോപ്പിൽ നമ്മൾ നിന്നാലും അവിടെയെല്ലാം ഭിക്ഷാടനം നടത്തുന്ന കുട്ടികൾ നമുക്കു നേരെ കൈനീട്ടും. അവരെ കാണുമ്പോൾ മനസ്സു നൊന്ത് നമ്മൾ കൊടുക്കുന്ന പൈസ പോലും ഭിക്ഷാടനമാഫിയകളാണല്ലോ ഉപയോഗിക്കുന്നത് എന്നോർക്കുമ്പോൾ വീണ്ടും വിഷമമാവും. ഒരു കുഞ്ഞിനെ തട്ടികൊണ്ടുപോകുമ്പോൾ അവർക്ക് കുറച്ച് പൈസ കിട്ടുമായിരിക്കും, വരുമാനം ലഭിക്കുമായിരിക്കും. പക്ഷേ ഒരമ്മയ്ക്ക് നഷ്ടമാവുന്നത് അവരുടെ ലോകം തന്നെയല്ലേ?

ഒരു കുഞ്ഞിനെ നഷ്ടപ്പെടുമ്പോൾ ഒരു കുടുംബം തന്നെയാണ് തകർന്നു പോവുകയാണ്. ഭ്രൂണാവസ്ഥയിൽ നിന്നും ഒരു കുഞ്ഞ് വളർന്നു വലുതാവുമ്പോൾ അതിനു ചുറ്റും ഇൻവോൾവ്ഡ് ആണ് ആ അമ്മയുടെ ലോകം. പാലു കൊടുത്തും കളിപ്പിച്ചും വാത്സല്യം നൽകിയും താലോലിച്ചും ഉറക്കമില്ലാതെ പരിപാലിച്ചുമൊക്കെ വളർത്തിയെടുത്തിട്ട്, ഒരു സുപ്രഭാതത്തിൽ ആ കുഞ്ഞിനെ കാണാവുമ്പോൾ ആ അമ്മയുടെ ജീവിതം പിന്നെയില്ല. റിക്കവർ ചെയ്യാനും കഴിയില്ല പലർക്കും. ​ഒരു കുഞ്ഞിനു പകരമാവാൻ മറ്റൊരു കുഞ്ഞിനൊന്നും കഴിയില്ല.

കുട്ടി അസുഖം വന്നോ അപകടം വന്നോ ഒക്കെ മരിച്ചുപോയാൽ പോലും മരിച്ചു എന്നു ഉൾകൊള്ളാനെങ്കിലും കഴിയും. ഇത് അങ്ങനെയല്ലല്ലോ, എവിടെയാ? എന്താ?​ ഏതവസ്ഥയിലാ? എന്നൊക്കെ ഓർത്തോർത്ത് നീറിനീറിയാവും ആ അമ്മ പിന്നെ ജീവിക്കുക. തിരിച്ചുവരുമോ ഇല്ലയോ എന്നറിയാത്ത വേദന നിറഞ്ഞൊരു കാത്തിരിപ്പാണത്. അങ്ങനെയുള്ള അമ്മമാർക്കുള്ള ഒരു പ്രാർത്ഥനയെന്നോ സമർപ്പണമെന്നോ ഒക്കെ പറയാവുന്ന ഒന്നാണ് ‘ചിന്നം ചിരു കിളിയേ’. കുട്ടിയെ നഷ്ടപ്പെട്ട ഒരമ്മയെ ആണ് ഇതിൽ കാണാൻ കഴിയുക,” നവ്യ പറയുന്നു.

മഹാകവി ഭാരതിയാറിന്റെ ഒരു കവിതയെ അടിസ്ഥാനമാക്കിയാണ് ഈ ഭരതനാട്യശിൽപ്പം നവ്യ ഒരുക്കിയിരിക്കുന്നത്. വീഡിയോയിൽ പെർഫോം ചെയ്തിരിക്കുന്നതും വീഡിയോ സംവിധാനം ചെയ്തിരിക്കുന്നതും നവ്യ തന്നെ. നവ്യയുടെ ആദ്യ സംവിധാന സംരംഭമെന്നും ‘ചിന്നം ചിരു കിളിയേ’ വിശേഷിപ്പിക്കാം. പ്രശാന്ത് രവീന്ദ്രനാണ് സിനിമോട്ടോഗ്രാഫർ. ജിമ്മി റെനോൾഡ്സ് ആണ് നിർമ്മാണം. മനു മാസ്റ്റർ കൊറിയോഗ്രാഫിയും എഡിറ്റിംഗ് വിജെയും നിർവ്വഹിച്ചിരിക്കുന്നു. കാർത്തിക വൈദ്യനാഥനാണ് വീഡിയോയ്ക്ക് വേണ്ടി പാടിയിരിക്കുന്നത്. വയലിൻ മിഥുൻ ബാബുവും വീണ മനോജും മൃദംഗം ഹരികൃഷ്ണനും കീബോർഡ് മധു പോളും കൈകാര്യം ചെയ്തിരിക്കുന്നു. പ്രോഗാമിങ് ബിനീഷും ആർട്ട് മുകേഷ് മുരളിയും നിർവ്വഹിച്ചു.

കേരള സർക്കാറും സാമൂഹ്യനീതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഓട്ടിസമുള്ള കുട്ടികളുടെ സമഗ്രപദ്ധതിയായ സ്പെക്‌ട്രത്തിന്റെ വേദിയിൽ വെച്ച്, നവംബർ 15 ന് വൈകിട്ട് അഞ്ച് മണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ‘ചിന്നം ചിരു കിളിയേ’യുടെ വീഡിയോ പ്രകാശനം നിർവ്വഹിക്കും. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ആണ് വീഡിയോ പ്രകാശനം നടക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ