മുംബൈ: എം. ടിവിയിലെ എയ്സ് ഓഫ് സ്പെയ്സ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥി ഡാനിഷ് സെഹന്‍ കാറപകടത്തില്‍ മരിച്ച വിവരം മറ്റ് മത്സരാര്‍ത്ഥികളെ അറിയിച്ചു, വ്യാഴാഴ്ച്ച രാവിലെയായിരുന്നു ഡാനിഷ് കാറപകടത്തില്‍ മരിച്ചത്. 21കാരനായ ഡാനിഷ് രാവിലെ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. മുംബൈയിലെ വാഷി പ്രദേശത്ത് വെച്ച് കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. എയ്സ് ഓപ് സ്പെയ്സ് അവതാരകനായ വികാസ് ഗുപ്തയാണ് ഡാനിഷിന്റെ മരണവിവരം മറ്റ് മത്സരാര്‍ത്ഥികളെ അറിയിച്ചത്.

വൈകാരികമയാ മുഹൂര്‍ത്തങ്ങളായിരുന്നു എയ്സ് ഓഫ് സ്പൈസ് പരിപാടിയില്‍ നടന്നത്. ഡാനിഷ് മരിച്ച വിവരം വികാസ് പറഞ്ഞത് ഞെട്ടലോടെയാണ് മത്സരാര്‍ത്ഥികള്‍ കേട്ടത്. ഈ എപ്പിസോഡ് ഇന്ന് രാത്രിയാണ് സംപ്രേഷണം ചെയ്യുന്നത്. ഇതിന്റെ ടീസര്‍ വികാസ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫിസ ഖാന്‍, വരുണ്‍ സൂദ്, ഫൈസി ബൂ എന്നിവരൊക്കെ പൊട്ടിക്കരയുന്നത് ടീസറില്‍ കാണാന്‍ കഴിയും. എം ടിവിയിലെ റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡ് ഡാനിഷിന് സമര്‍പ്പിച്ച് കൊണ്ടായിരിക്കും.

ഡാനിഷ് മരിച്ച വിവരം അവതാരകനായ വികാസ് ഗുപ്തയാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ‘ഇനി നീ തിരിച്ച് വരില്ലെന്ന് മറ്റ് മത്സരാര്‍ത്ഥികളോട് ഞാന്‍ എങ്ങനെ പറയും ഡാനിഷ്. എയ്സ് ഓഫ് സ്പെയ്സിലെ മുടിയില്‍ വര്‍ണം ചാലിച്ച രാജാവാണ് നീ,’ വികാസ് കുറിച്ചു.

എയ്സ് ഓഫ് സ്പെയ്സിലെ അണിയറ പ്രവര്‍ത്തകര്‍ മുഴുവന്‍ ഞെട്ടലിലാണെന്ന് പരിപാടിയുമായി ബന്ധമുളള അടുത്തവൃത്തങ്ങള്‍ ഇന്‍ഡ്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ബ്ലോഗറായിരുന്ന ഡാനിഷിന് യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും നിരവധി ആരാധകരുണ്ട്. സോഷ്യല്‍മീഡിയാ പ്രവര്‍ത്തനങ്ങളിലൂടെയാണ് അദ്ദേഹം എം ടിവിയിലെ ജനപ്രിയ പരിപാടിയിലെത്തുന്നത്. ഈ അടുത്ത് ഡാനിഷ് പരിപാടിയില്‍ നിന്നും പുറത്തായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ