ഇന്ത്യയിലെ മികച്ച ഛായാഗ്രഹകന്മാരുടെ കൂട്ടത്തില്‍ മലയാളത്തില്‍ നിന്നുളള ആദ്യ പേരുകാരിൽ  ഒന്ന്  രാമചന്ദ്ര ബാബു എന്നാണ്. രാജ്യത്ത് ഇന്നുള്ള ഛായാഗ്രഹകന്മാര്‍ക്കെല്ലാം ഗുരുസ്ഥാനീയരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.

130 ല്‍പ്പരം തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ച ഇദ്ദേഹം അനേകം പുരസ്കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തില്‍ നാഴികകല്ലുകളായ ഒട്ടനവധി ചിത്രങ്ങള്‍ക്ക് ഛായാഗ്രാഹണം നിര്‍വ്വഹിച്ചയാളാണ് രാമചന്ദ്ര ബാബു. ജോണ്‍ എബ്രഹാം, കെ ജി ജോര്‍ജ്ജ്, അരവിന്ദന്‍ എന്നിവര്‍ ഉള്‍പ്പെടെ സംവിധാന രംഗത്തെ അതികായന്മാരോടൊപ്പമുള്ള പ്രവര്‍ത്തി പരിചയം മുതല്‍ കൂട്ടാക്കി സംവിധാന രംഗത്തേക്ക് കടക്കുകയാണ് രാമചന്ദ്ര ബാബു.ദിലീപ് നായകനാവുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്ന ചിത്രത്തിലൂടെ.

പൂര്‍ണമായും 3ഡിയില്‍ ചിത്രീകരിക്കുന്നു എന്ന സവിശേഷതയോടെയാണ് അദ്ദേഹം തന്റെ പ്രഥമ സംവിധാന സംരംഭമൊരുക്കുന്നത്. ആദ്യ 70 എംഎം സിനിമാസ്‌കോപ്പ് ചിത്രമായ പടയോട്ടമുള്‍പ്പെടെ മലയാള സിനിമയുടെ സാങ്കേതിക രംഗത്തിന്‍റെ മാറ്റത്തിന് ചുവടു പിടിച്ച രാമചന്ദ്ര ബാബു പ്രേക്ഷകര്‍ക്കായി കാത്തുവെയ്ക്കുന്നത് സാങ്കേതികത്തികവിന്റെ മറ്റൊരു അത്ഭുത ചെപ്പാണ്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ആസ്വദിക്കാനാവുന്ന ഒരു ഫാമിലി കോമഡി എന്റര്‍ടൈനറാണ് ഈ ചിത്രം. യന്തിരന്‍ 2.0 ഉള്‍പ്പെടെയുള്ള ബ്രഹ്മാണ്ട ചിത്രങ്ങള്‍ ചിത്രീകരിച്ച റെഡ്

ഡ്രാഗണ്‍ ക്യാമറയിലാണ് പ്രൊഫസര്‍ ഡിങ്കന്‍ ചിത്രീകരിക്കുന്നത്. സംവിധാനത്തോടൊപ്പം ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നതും രാമചന്ദ്ര ബാബുവാണ്.

പ്രൊഫസര്‍ ഡിങ്കന്റെ ഷൂട്ടിംഗ് സെറ്റില്‍ നിന്നും രാമചന്ദ്ര ബാബു ഐ ഇ മലായാളത്തോട് സംസാരിക്കുന്നു.

ഡിങ്കനെ മലയാള സിനിമയിലേക്ക് കൊണ്ടുവരാനുള്ള ആലോചന എങ്ങനെയായിരുന്നു?

പ്രൊഫസര്‍ ഡിങ്കന് കുട്ടികളുടെ ഫാന്റസി ക്യാരക്ടറുമായി യാതൊരു ബന്ധവുമില്ല. ദീപാങ്കുരന്‍ എന്ന യുവാവിന്റെ ജീവിതകഥയാണ് ഈ സിനിമ. ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ചെറുപ്പത്തില്‍ തന്നെ മാജിക്കിനോട് ആകൃഷ്ടനായി മാജിക്ക് പഠിക്കാനെത്തുന്നതും ഇതിനു ശേഷം ഇയാളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥ. ദീപാങ്കുരന്‍ എന്ന പേര് തന്നെയാണ് പിന്നീട് പ്രൊഫസര്‍ ഡിങ്കനായി മാറുന്നത്.

പ്രൊഫസര്‍ ഡിങ്കനില്‍ മാജിക് ധാരാളം ഉണ്ടാവുമോ?

മാജിക്ക് നമുക്ക് തുറന്നു തരുന്ന സാധ്യതകള്‍ അനന്തമാണ്. ഒരുപാട് അത്ഭുതങ്ങള്‍ കാണിക്കാന്‍ നമുക്ക് കഴിയും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ രസിക്കാന്‍ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കുന്നത്. ഇതിനൊടോപ്പം 3D സാങ്കേതിക വിദ്യകൂടി ചേരുമ്പോള്‍ ചിത്രം എല്ലാ പ്രായക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കാനാകും.

മലയാളത്തില്‍ വീണ്ടുമൊരു മുഴുനീള 3 ഡി ചിത്രം എത്തുമ്പോള്‍, എന്തൊക്കെയാണ് പ്രേക്ഷകര്‍ക്ക് നല്‍കാവുന്ന പ്രതീക്ഷകള്‍?

കാലാനുസൃതമായ മാറ്റങ്ങളുണ്ടാകുന്ന മേഖലയാണ് 3 ഡി. ഇത്തരം സിനിമകള്‍ പണ്ട് മുതല്‍ക്കേ ഉണ്ടായിരുന്നെങ്കിലും അവതാര്‍ എത്തിയതോടെയാണ് ഇതിന്റെ സാധ്യതകള്‍ പലരും മനസ്സിലാക്കിയത്. 3 ഡി അനുഭവത്തെ, അതിന്റെ പൂര്‍ണ്ണതയോടെ ആളുകളിലേക്ക് എത്തിച്ചത് അവതാര്‍ തന്നെയാണെന്ന് പറയാം. ഇതിന് പിന്നാലെ ഹോളിവുഡില്‍ നിന്ന് കൂടുതല്‍ 3 ഡി ചിത്രങ്ങൾ എത്തിത്തുടങ്ങുകയും നിരവധി തിയേറ്ററുകള്‍ 3 ഡി പ്രദര്‍നത്തിന് സജ്ജമാവുകയും ചെയ്തു. ഈ സൗകര്യങ്ങള്‍ പ്രൊഫസര്‍ ഡിങ്കനില്‍ പരമാവധി ഉപയോഗപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.

പ്രൊഫസര്‍ ഡിങ്കനായി ദിലീപിനെ തെരഞ്ഞെടുക്കാനുള്ള കാരണം?

മാജിക്ക് വിഷയമാക്കിയ സിനിമ ചെയ്യണമെന്നുള്ളത് ഏറെ നാളത്തെ ആഗ്രഹമാണ്. ഈ കഥ ആദ്യം പറഞ്ഞതും ദിലീപിനോട് തന്നെയായിരുന്നു, ദിലീപ് സമ്മതം അറിയിച്ചതോടെ റാഫിയുമായി കഥ ചര്‍ച്ച ചെയ്ത് തിരക്കഥ പൂര്‍ത്തിയാക്കി. ദിലീപിന് വേണ്ടി ഈ കഥാപാത്രത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, ദിലീപിന്റെ സ്ഥിരം പ്രേക്ഷകരെ നിരാശരാക്കാത്ത തരത്തിലാണ് കഥാപാത്രവും കഥയും.

professor dinkan

ലൊക്കേഷൻ കാഴ്‌ചകൾ

ഈ കഥാപാത്രത്തിന് വേണ്ടി ദിലീപ് എന്തൊക്കെ തരത്തിലുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്?

സിനിമയിലെ ദിലീപിന്റെ കഥാപാത്രം ഒരു മജീഷ്യനാണ്. അതിനാല്‍ തന്നെ മാജിക്ക് പഠിക്കേണ്ടി വന്നു. അവരുടെ ചില ശരീര ചലനങ്ങളും, മാനറിസങ്ങളും പഠിക്കേണ്ടതായി വന്നിട്ടുണ്ട്. പ്രശസ്ത മാന്ത്രികന്‍ രാജാമൂര്‍ത്തി സാറാണ്, ദിലീപിനെ മാജിക്ക് പഠിപ്പിച്ചത്.

മലയാളം സിനിമയുടെ സാങ്കേതിക രംഗത്തേക്ക് പ്രൊഫസര്‍ ഡിങ്കന്‍ നല്‍കുന്ന സംഭാവനകള്‍ എന്തെല്ലാമാണ്?

ഇത്തരം സിനിമകള്‍ 2 ഡി യില്‍ ഷൂട്ട് ചെയ്ത ശേഷം 3ഡി യിലേക്ക് മാറ്റുകയാണ് പലപ്പോഴും ചെയ്യുന്നത്. കണ്‍വേര്‍ഷന്‍ എന്നത് ഒരു പരാജയപ്പെട്ട സാങ്കേതിക വിദ്യയാണ്. അവതാറിന്റെ വന്‍ വിജയത്തിന് ശേഷം ടൈറ്റാനിക്ക് സിനിമ 3ഡി യില്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ അതിന് പ്രതീക്ഷിച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചില്ല. ചിലര്‍ വിലകുറഞ്ഞ ഹാന്‍ഡി ക്യാമറയില്‍ ഷൂട്ട് ചെയ്ത് 3ഡി എന്ന ലേബലില്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലാണ് പ്രൊഫസര്‍ ഡിങ്കന്‍ ഷൂട്ട് ചെയ്യുന്നത്. അവതാര്‍, യന്തിരന്‍ എന്നീ ചിത്രങ്ങള്‍ ഷൂട്ട് ചെയ്‌ത റെഡ് ഡ്രാഗണ്‍ എന്ന ക്യാമറയിലാണ് ഡിങ്കനും ചിത്രീകരിക്കുന്നത്. ഒരേസമയം രണ്ട് ക്യാമറകള്‍ ഒരേ ഫ്രെയിം ഒപ്പിയെടുക്കും, ഇത് ഇടത് – വലതു കണ്ണുകള്‍ക്ക് പ്രത്യേകമായാണ്. ഈ ഫ്രെയിമുകള്‍ കൂട്ടി യോജിപ്പിച്ചാണ് 3D യായി മാറ്റുന്നത്. ഇതു മൂലം ഷൂട്ടിങ് സമയവും ലാഭിക്കാനാകും. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ നിയന്ത്രിത റിഗ്ഗിലാണ് ഈ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

ഷൂട്ടിങ്ങിനായി വിദേശ സാങ്കേതിക വിദഗ്ദരുടെ സേവനം തേടിയിട്ടുണ്ടോ?

ഹോളിവുഡ് സിനിമകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള നിരവധി പ്രമുഖരടങ്ങുന്നതാണ് ഈ ചിത്രത്തിന്റെ ക്യാമറ ടീം. തെലുങ്കിലെ രുദ്രമ ദേവി, യന്തിരന്‍ 2 എന്നീ ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരും ഡിങ്കനുവേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ കെ പി നമ്പ്യാതിരിയെ പോലെ നമ്മുടെ നാട്ടില്‍ നിന്നുള്ള മികച്ച ടെക്‌നീഷ്യന്‍മാരുടെ സേവനവും ചിത്രത്തിനുണ്ട്. 3ഡി യില്‍ ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങളുടെ ഗുണനിലവാരം ദുബായിലാണ് പരിശോധിക്കുന്നത്.

professor dinkan

ലൊക്കേഷൻ കാഴ്‌ചകൾഒരു മുഴുനീള 3ഡി ചിത്രം നിര്‍മ്മിക്കുമ്പോള്‍ ഉണ്ടായിരുന്നു ചലഞ്ചസ് എന്തൊക്കെയായിരുന്നു, പ്രത്യേകിച്ചും ജനപ്രിയ താരമായ ദിലീപിനെ സംബന്ധിച്ച്, ഇത്തരം ഒരു സംരംഭം ആദ്യമായല്ലേ?

ദിലീപിനെ പോലെ തന്നെ ഒരു സ്റ്റാറാണ് 3ഡി യും. സൂപ്പര്‍ താരങ്ങളുടെ ശമ്പളം പോലെ തന്നെ 3ഡിയുടെ ചിത്രീകരണവും ബഡ്ജറ്റില്‍ ഒരു നിര്‍ണ്ണായക ഘടമാകുന്നുണ്ട്. 3ഡി ഷൂട്ടിങ് സാമഗ്രികളെല്ലാം മുംബൈയില്‍ നിന്ന് എത്തിക്കേണ്ടതാണ്. രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ഒന്നോ രണ്ടോ റിഗ്ഗുകളാണുളളത്. റിഗ്ഗിന്റെ ലഭ്യത അനുസരിച്ച് എത്താമെന്ന് ദിലീപും അറിയിച്ചിരുന്നു. ഇപ്പോള്‍ തന്നെ യന്തിരന്‍ 2 വിന്റെ സെറ്റില്‍ നിന്നാണ് യൂണിറ്റ് ഇവിടേക്ക് എത്തിച്ചത്. ഇതിനു മുന്‍പ് ഒരിക്കല്‍ യൂണിറ്റും താരങ്ങളും എല്ലാം ശരിയായിരുന്നെങ്കിലും സിനിമാ സമരം കാരണം ചിത്രീകരണം ആരംഭിക്കാന്‍ കഴിഞ്ഞില്ല.

ramachandra babu,director

സംവിധാനരംഗത്തേക്ക് മാറാനുള്ള കാരണം?

ഒരോരുത്തര്‍ക്കും അവരുടെ മനസ്സിലെ കഥ സിനിമയാക്കാന്‍ ആഗ്രഹമുണ്ടാകും. അതിന് സഹായകമായ ഘടകങ്ങള്‍ ഒത്തു വരുമ്പോള്‍ അത് സംഭവിക്കുന്നു എന്നേയുള്ളു. വളരെക്കാലം മുന്‍പുതന്നെ സിനിമ ചെയ്യണം എന്ന ആഗ്രഹമുണ്ടായിരുന്നു. ഇതിനു മുന്‍പ് അതിനോട് അടുത്തെത്തിയതുമാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ അത് നടന്നില്ല. പിന്നീട് ഛായാഗ്രഹണത്തിന്റെ തിരിക്കിലാവുകയും ചെയ്തു. അപ്പോഴും ഒരുപാട് കഥകള്‍ മനസ്സിലുണ്ടായിരുന്നു പക്ഷെ നല്ല നിര്‍മ്മാതാവിനെ ലഭിക്കാത്തതിനാല്‍ അവയെല്ലാം ഉപേക്ഷിച്ചു. 3ഡി യില്‍ ഒരു സിനിമ ചെയ്യണമെന്നുള്ളത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. അവതാര്‍ പുറത്തിറങ്ങിയതിന് ശേഷമാണ് ഇതിന്റെ സാധ്യതയെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത്. പിന്നീട് ഈ കഥ റാഫി മെക്കാര്‍ട്ടിനുമായി സംസാരിക്കുകയും, അദ്ദേഹം അതിനെ തിരക്കഥയാക്കുകയുമായിരുന്നു. പുതിയ സാങ്കേതിക വിദ്യയുടെ വരവോടെ ചിത്രീകരണവും കൂടുതല്‍ ആയാസരഹിതമായി.


ഒരു ഛായാഗ്രാഹകന്‍ സംവിധായകനാകുന്നത് ചിത്രീകരണത്തെ ഏതൊക്കെരീതിയിലാണ് സഹായിക്കുന്നത്?

ഡിജിറ്റല്‍ യുഗത്തിന് മുന്‍പ് ഫിലം ക്യാമറയില്‍ ചിത്രീകരണം നടത്തിയിട്ടുള്ള ഒരു വിധം എല്ലാ ഛായാഗ്രാഹകരും ഒരു സംവിധായകനും കൂടിയായിരുന്നു എന്ന് തന്നെ പറയാം. കാരണം സംവിധായകന്‍ പലപ്പോഴും ഷോട്ട്സ് കാണാറില്ല, ഒരു ഷോട്ട് പൂര്‍ത്തിയായാല്‍ ഛായാഗ്രാഹകനോടാണ് അഭിപ്രായം ചോദിക്കുന്നത്. ഛായാഗ്രാഹകനാണ് ഒരു ഷോട്ട് നല്ലതാണോ, വീണ്ടും എടുക്കണോ എന്നെല്ലാം തീരുമാനിക്കുന്നത്. ഒരു ടേക്ക് ഓക്കെയാണെന്ന് ഛായാഗ്രാഹകന്‍ പറയുന്നതു വരെ ആ ഷോട്ട് എടുത്തുകൊണ്ടേയിരിക്കണം. അങ്ങനെ വരുമ്പോള്‍ പല ഛായാഗ്രാഹകര്‍ക്കും സംവിധാനത്തിന്റെ സാങ്കേതികതയെക്കുറിച്ച് ഒരു ധാരണയുണ്ടാകും. അതുകൊണ്ടു തന്നെ ഒരു ഛായാഗ്രാഹകന്‍ സംവിധായകനാകുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. ഏതൊക്കെ ഷോട്ടുകള്‍, എപ്പൊഴൊക്കെ എടുക്കാമെന്ന് ഛായാഗ്രാഹകര്‍ക്ക് കൂടുതല്‍ ധാരണയുണ്ടാകും.

professor dinkan

ലൊക്കേഷൻ കാഴ്‌ചകൾ

സിനിമയിലെ സാങ്കേതിക വിദ്യയെ താങ്കള്‍ എങ്ങനെയാണ് നോക്കി കാണുന്നത്?

സാങ്കേതിക വിദ്യയിലെ മുന്നേറ്റം സിനിമയില്‍ ജനാധിപത്യമുണ്ടാക്കി, ധാരാളം പേര്‍ക്ക് സിനിമ ചെയ്യാനുള്ള അവസരമൊരുങ്ങി. കളര്‍ കറക്ഷന്റെയും, ചിത്ര സംയോജനത്തിന്റെയും സാധ്യതകള്‍ സിനിമയില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. ലാഘവത്തോടെ ഷൂട്ട് ചെയ്താലും സിനിമയെ അത് ബാധിക്കാതെയായി. എന്നാല്‍ സര്‍ഗ്ഗാത്മകമായി സിനിമയെ സമീപിക്കുമ്പോള്‍ ഉള്ള തികവ്, അത് വേണ്ട പോലെ പരീക്ഷക്കപ്പെടുന്നുണ്ടോ എന്ന സംശയം നിലനില്‍ക്കുന്നു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഇറങ്ങിയതിന് ശേഷം മറ്റനേകം 3ഡി ചിത്രങ്ങള്‍ ഇറങ്ങിയെങ്കിലും വേണ്ടത്ര സ്വീകരണം ലഭിച്ചില്ല. സിനിമയ്ക്ക് പ്രധാനം സര്‍ഗ്ഗാത്മകത തന്നെയാണ്. ടെക്‌നോളജി അതിനെ പൂര്‍ണ്ണമാക്കാന്‍ സഹായിക്കുന്നു എന്നേ ഉള്ളു.

professor dinkan

ലൊക്കേഷൻ കാഴ്‌ചകൾ

മലയാള സിനിമയെ അടയാളപ്പെടുത്തിട്ടിയിട്ടുള്ള ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിട്ടുള്ള അങ്ങയുടെ പ്രിയപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയാണ്

നിര്‍മ്മാല്യം, സ്വപ്‌നാടനം, പടയോട്ടം, മേള, യവനിക, ആദാമിന്റെ വാരിയെല്ല്, ദ്വീപ്, ചാമരം, രതിനിര്‍വേദം, ഒരു വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങളില്‍ ക്യാമറ ചലിപ്പിച്ചതും, കെ ജി ജോര്‍ജ്ജ്, ഭരതന്‍, ജിജോ എന്നിവര്‍ക്കൊപ്പം സിനിമ ചെയ്യാന്‍ കഴിഞ്ഞത് ഏറെ സന്തോഷകരമായ അനുഭവമാണ്

പ്രൊഫസര്‍ ഡിങ്കന്‍ എന്ന് തിയേറ്ററുകളിലെത്തും?

ഒരു അവധിക്കാല ചിത്രമായാണ് ഒരുക്കുന്നത്. ഇപ്പോള്‍ കൃത്യമായി ഒരു സമയം തീരുമാനിച്ചിട്ടില്ല, എങ്കിലും വരുന്ന ഏതെങ്കിലും ഒരു അവധിക്കാലത്ത് ഡിങ്കനെ കുടുംബ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കാനാണ് ആലോചിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook