വിശാലിന്റെ സിനിമകളുടെ സെറ്റിൽ അപകടങ്ങൾ പതിവായിരിക്കുകയാണ്. വിശാലിന്റെ മുൻ ചിത്രമായ ‘ലാത്തി’യുടെ സെറ്റിലും മുൻപ് അപകടമുണ്ടായിരുന്നു. ഇപ്പോൾ, പുതിയ ചിത്രമായ ‘മാർക്ക് ആന്റണി’യുടെ ചെന്നൈ പൂനമല്ലിയിലെ സെറ്റിൽ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടയിലും അപകടമുണ്ടായിരിക്കുകയാണ്. ഭാഗ്യവശാൽ, അപകടത്തിൽ ആർക്കും പരിക്കില്ല. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഭാരമേറിയ ട്രക്ക് മതിൽ തകർത്ത് ക്യാമറ ലക്ഷ്യമാക്കി അതിവേഗത്തിൽ പാഞ്ഞുവരുന്നത് വീഡിയോയിൽ കാണാം. വീഡിയോയുടെ പശ്ചാത്തലത്തിലുള്ള നിലവിളികളും ശബ്ദവും സൂചിക്കുന്നത്, വാഹനം പ്രതീക്ഷിച്ചതുപോലെ നിർത്താൻ കഴിയാതെ സെറ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ്. ചൊവ്വാഴ്ചയാണ് സംഭവം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് അറിയാൻ കഴിയുന്നത്. വിശാലും അപകടത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
ആദിക് രവിചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശാൽ, എസ് ജെ സൂര്യ, സുനിൽ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ വിശാൽ ആരാധകരെ അറിയിച്ചിരുന്നു.
വിശാലിന്റെ സിനിമ സെറ്റിൽ സംഭവിക്കുന്ന ആദ്യത്തെ അപകടമല്ല ഇത്. മുൻ ചിത്രമായ ‘ലാത്തി’യുടെ സെറ്റിൽ വച്ച് രണ്ടുതവണ വിശാലിന് അപകടം സംഭവിച്ചിരുന്നു. ആദ്യ അപകടത്തിൽ കാൽമുട്ടിന് ചെറിയ പൊട്ടലുണ്ടായി. ഷൂട്ടിനിടെ വീണ്ടും അതേ കാലിന് പരുക്കേറ്റു. തുടർന്ന് താരത്തിന് സുഖം പ്രാപിക്കുന്നതുവരെ ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തിവച്ചിരുന്നു.
നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയ്ക്കും അടുത്തിടെ ചിത്രീകരണത്തിനിടെ പരുക്കേറ്റിരുന്നു. ‘പിച്ചൈക്കാരൻ 2”ന്റെ ചിത്രീകരണത്തിനിടെ അപകടത്തിൽ പെട്ട വിജയ് ആന്റണിയെ മേജർ സർജറിക്ക് വിധേയനാക്കി. താരം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്.