ഐശ്വര്യ റായ് ബച്ചന്റെ അനൗചിത്യപരമായ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫറെ തടഞ്ഞ് ഭര്‍ത്താവും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചന്‍. ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ വീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.

സന്ദര്‍ശനം കഴിഞ്ഞ് കാറില്‍ മടങ്ങാന്‍ നോക്കുമ്പോഴാണ് ഒരു ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്താനെത്തിയത്. എന്നാല്‍ ഇത് അഭിഷേകിനെ പ്രകോപിപ്പിക്കുകയായിരുന്നു. തെറ്റായ ദിശയില്‍ നിന്നാണ് ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതെന്ന് അഭിഷേക് ആരോപിച്ചു. എന്നാല്‍ ചിത്രം പകര്‍ത്തുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട അഭിഷേക് ഫോട്ടോഗ്രാഫര്‍ക്ക് നേരെ തട്ടിക്കയറി.

ദുരുദ്ദേശ്യപരമായാണ് ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതെന്നും ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തിട്ട് പോയാല്‍ മതിയെന്നും അഭിഷേക് ആവശ്യപ്പെട്ടു. എന്നാല്‍ ഫോട്ടോഗ്രാഫര്‍ ഇതിന് വിസമ്മതിച്ചു. താന്‍ അനുചിതമായ ഒരു ഫോട്ടോയും പകര്‍ത്തിയിട്ടില്ലെന്ന് ഇയാള്‍ അഭിഷേകിനോട് പറഞ്ഞു. കൂടാതെ പകര്‍ത്തിയ ചിത്രങ്ങളും താരത്തിന് കാണിച്ചു കൊടുത്തു. ഈ സമയമത്രയും ഐശ്വര്യ കാറില്‍ തന്നെ മിണ്ടാതെ തുടര്‍ന്നു.

പിന്നാലെ അഭിഷേക് മറ്റൊന്നും പറയാതെ ഐശ്വര്യയുമൊത്ത് മടങ്ങി. ഐശ്വര്യയുടെ കാര്യത്തില്‍ അതീവശ്രദ്ധാലുവാണ് അഭിഷേകെന്ന് തെളിയിക്കുന്നതായിരുന്നു സംഭവം. നേരത്തെ ഐശ്വര്യയെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ വരുന്നതില്‍ താന്‍ ഏറെ അസ്വസ്ഥനാണെന്ന് അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു. മകളുടെ ജനനശേഷം ശരീരഭാരം കുറയ്ക്കാന്‍ ഐശ്വര്യ ജിമ്മില്‍ പോയെന്ന വാര്‍ത്തകള്‍ തന്നെ ഏറെ അസ്വസ്ഥനാക്കിയെന്നും അഭിഷേക് അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നാലും പരാതിപ്പെടുന്ന ശീലം ഐശ്വര്യയ്ക്കില്ലെന്നും അഭിഷേക് പറഞ്ഞു. അമ്മയായി ഒതുങ്ങിക്കൂടാന്‍ ആഗ്രഹിക്കുമ്പോള്‍ പോലും അവരെ വെറുതെ വിടാന്‍ ആളുകള്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ