കോവിഡ് പരിശോധനഫലം നെഗറ്റീവ് ആയതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ. മരുമകൾ ഐശ്യര്യയും ആരാധ്യയും ഏതാനും ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയിരുന്നു. രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുമ്പോഴും അഭിഷേക് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു എന്നതിൽ ദുഖിതനാണ് ബിഗ് ബി. മുംബൈ നാനാവതി ആശുപത്രിയിൽ ചികിത്സ തുടരുകയാണ് അഭിഷേക്.

സഹോദരൻ ആശുപത്രിയിൽ തുടരുന്നതിലുള്ള സങ്കടം പങ്കുവയ്ക്കുകയാണ് ശ്വേത ബച്ചനും. രക്ഷാബന്ധൻ ദിനത്തിൽ തങ്ങളുടെ കുട്ടിക്കാലത്തു നിന്നുള്ള ഒരു ചിത്രം പങ്കുവച്ചുകൊണ്ട് പ്രിയസഹോദരന് ആശംസ നേരുകയാണ് ശ്വേത. ഒപ്പം എത്രയും പെട്ടെന്ന് തിരികെ വീട്ടിലെത്തൂ എന്നും ശ്വേത കുറിക്കുന്നു. “നിന്നിലും നല്ല, അർപ്പണബോധമുള്ള ഒരു സഹോദരനെ ആവശ്യപ്പെടാനില്ല. നിന്റെ പ്രഭാഷണങ്ങൾ നഷ്ടമായി തുടങ്ങിയിട്ട് ഏറെ ദിവസങ്ങളാവുന്നു. വേഗം സുഖം പ്രാപിക്കൂ, വീട്ടിലേക്ക് മടങ്ങിവരൂ,” ശ്വേത കുറിക്കുന്നു.

Read more: അച്ഛനെ പോലെ മകനും; അല്ല, അച്ഛന് പകരം അച്ഛൻ മാത്രമെന്ന് അഭിഷേക് ബച്ചൻ

അമിതാഭ് ബച്ചന്റെ കോവിഡ് ഫലം നെഗറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ സന്തോഷം അഭിഷേകും ട്വീറ്റ് ചെയ്തിരുന്നു. “നന്ദിയോടെ പറയുന്നു, എന്റെ പിതാവിന് ഏറ്റവും പുതിയ കോവിഡ്-19 പരിശോധനയിൽ നെഗറ്റീവ് ലഭിക്കുകയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. അദ്ദേഹം ഇനി വീട്ടിൽ വിശ്രമിക്കും. നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും നന്ദി.”

“നിർഭാഗ്യവശാൽ എനിക്ക്, മറ്റ് ചില ആരോഗ്യ പ്രശ്നങ്ങൾ കൂടി ഉള്ളത് കാരണവും കോവിഡ് -19 പരിശോധനയിൽ പോസിറ്റീവ് ഫലം തന്നെ ലഭിക്കുകയും ചെയ്തതിനാൽ ആശുപത്രിയിൽ തുടരേണ്ടതുണ്ട്. വീണ്ടും, എന്റെ കുടുംബത്തിനായി നിങ്ങൾ തുടരുന്ന ആശംസകൾക്കും പ്രാർത്ഥനകൾക്കും നന്ദി. വളരെ വിനീതമായി കടപ്പെട്ടിരിക്കുന്നു. ഞാൻ ഇതിൽ നിന്ന് മോചിതനായി ആരോഗ്യത്തോടെ മടങ്ങിവരും! ഉറപ്പ്, ” അഭിഷേക് ട്വീറ്റ് ചെയ്തു.

കോവിഡ് പരിശോധനയിൽ പോസിറ്റീവ് ഫലം ലഭിച്ചതിനെത്തുടർന്ന് ജൂലൈ 11 നാണ് അമിതാഭ് ബച്ചനെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകനും നടനുമായ അഭിഷേക് ബച്ചനും അന്ന് തന്നെ രോഗം സ്ഥിരീകരിച്ചു. ഇവർക്ക് പുറമെ ഐശ്വര്യ റായ് ബച്ചൻ, അഭിഷേകിന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ ബച്ചൻ എന്നിവർക്കും കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചിരുന്നു. ജൂലൈ 12നാണ് ഐശ്വര്യക്കും മകൾക്കും കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ 17 ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ജൂലൈ 27 ന് ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ഇരുവരെയും നാനാവതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തിരുന്നു.

Read more: കോവിഡ് ഭേദമായി, അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook