ഇന്ന് 74-ാം പിറന്നാൾ ആഘോഷിക്കുകയാണ് ബച്ചൻ കുടുംബത്തിന്റെ നെടുംതൂണായ ജയബച്ചൻ. അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അഭിഷേക് പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
1963ൽ സത്യജിത് റേയുടെ മഹാനഗർ എന്ന ചിത്രത്തിലൂടെയായിരുന്നു ജയയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് വർഷങ്ങൾക്ക് ശേഷം ഗുഡ്ഡി എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. പിന്നീട് ഉപഹാർ, അഭിമാൻ, മിലി, ഷോലെ ചുപ്കെ ചുപ്കെ, സിൽസില എന്നു തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 1973 ജൂൺ 3 നായിരുന്നു അമിതാഭ് ബച്ചനുമായുള്ള ജയയുടെ വിവാഹം. അഭിഷേക് ബച്ചൻ, ശ്വേത ബച്ചൻ എന്നിവരാണ് അമിതാഭ്-ജയ ദമ്പതികളുടെ മക്കൾ.
വിവാഹജീവിതത്തിനായി സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത ജയ 1998ൽ ഗോവിന്ദ് നിഹലാനിയുടെ ഹസാർ ചൗരസി കി മാം എന്ന ചിത്രത്തിലൂടെ തിരിച്ച് വന്നു. പിന്നീട് ഫിസ, കഭി ഖുഷി കഭി കം, കൽ ഹോ നാ ഹൊ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി.
അഭിനയത്തിനൊപ്പം രാഷ്ട്രീയത്തിലും സജീവമാണ് ജയ ബച്ചൻ. രാജ്യസഭ എംപിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 9 ഫിലിം ഫെയർ അവാർഡുകളും ബെസ്റ്റ് പാർലമെന്റേറിയൻ അവാർഡും പത്മശ്രീയും ജയ നേടിയിട്ടുണ്ട്.