ഒരേ സമയം തമാശയും എന്നാൽ ചിന്തയുണർത്തുന്നതുമായ ട്വീറ്റുകൾ നിറഞ്ഞ ട്വിറ്റർ അക്കൗണ്ടുകളിലൊന്നാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്റേത്. ട്രോളുകളും മറ്റും തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ഷെയർ ചെയ്യാറുള്ള താരം, സ്വയം കളിയാക്കുന്ന ട്രോളുകളും പങ്കുവയ്ക്കാറുണ്ട്. ഈയടുത്ത് അഭിഷേക് ഒരു ആരാധകനു നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഐശ്വര്യയെ കൂടുതൽ സിനിമകൾ ചെയ്യാൻ വീടൂ, നിങ്ങൾ ആരാധ്യയെയും നോക്കി വീട്ടിലിരിക്കൂം എന്ന കമന്റിനായിരുന്നു അഭിഷേകിന്റെ ഉഗ്രൻ മറുപടി.
മണിരത്നം ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം വെള്ളിയാഴ്ച്ച റിലീസിനെത്തി. ചിത്രത്തിലെ ഐശ്വര്യയുടെ പ്രകടനത്തെ അഭിനന്ദിച്ച് അഭിഷേക് ട്വീറ്റുകൾ പങ്കുവച്ചിരുന്നു. ഭാര്യയുടെ അഭിനയം കണ്ട് താൻ എത്രത്തോളം അഭിമാനിക്കുന്നെന്നും താരം കുറിച്ചു. ഈ ട്വീറ്റിന് താഴെയുള്ള കമന്റാണ് ചർച്ചകൾക്ക് വഴിവച്ചത്. “നിങ്ങൾക്ക് അഭിമാനമാണെന്ന് പറഞ്ഞല്ലോ, എന്നാൽ പിന്നെ ഐശ്വര്യയെ സിനിമകൾ ചെയ്യാൻ വിടൂ, നിങ്ങൾ ആരാധ്യയെ നോക്കി വീട്ടിലിരിക്കൂ” എന്നതായിരുന്നു കമന്റ്.
“അവരെ ചെയ്യാൻ വീടൂ എന്നോ? സർ പുതിയ ചിത്രങ്ങൾ ചെയ്യാൻ ഐശ്വര്യയ്ക്ക് എന്റെ അനുവാദം ആവശ്യമില്ല. പ്രത്യേകിച്ച് അത് അവർക്ക് ഇഷ്ടമുള്ള കാര്യമാകുമ്പോൾ” അഭിഷേക് മറുപടി നൽകി.
അഭിഷേകിന്റെ മറുപടി അനവധി അഭിനന്ദനങ്ങൾ നേടുകയാണ്. ഭർത്താവായി അങ്ങയെ തിരഞ്ഞെടുത്തത് ഐശ്വര്യയുടെ മികച്ച തീരുമാനമായിരുന്നു. ജീവിതത്തിൽ വിജയിക്കുന്ന എല്ലാ ഭാര്യമാരുടെ പിന്നിലും ഒരു സ്നേഹസമ്പന്നനായ ഭർത്താവുണ്ടാകും തുടങ്ങിയ കമന്റുകളാണ് ട്വീറ്റിനു താഴെ നിറയുന്നത്.
2007 ഏപ്രിൽ 20 നാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വിവാഹിതരായത്. നവംബർ 2011 നാണ് മകൾ ആരാധ്യ ബച്ചൻ ജനിച്ചത്. ‘പിഎസ്2’ ആണ് ഐശ്വര്യ അവസാനം അഭിനയിച്ച ചിത്രം. ‘ബോല’ ചിത്രത്തിൽ അതിഥി വേഷത്തിലാണ് അഭിഷേക് അവസാനമായി എത്തിയത്.