scorecardresearch
Latest News

അഭിഷേക് ബച്ചനെ വീണ്ടും സില്‍മേലെടുത്തേ…

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജൂനിയര്‍ ബച്ചന്‍ വീണ്ടും എത്തുന്നത്‌ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘മന്‍മര്‍സിയാം’ എന്ന സിനിമയിലൂടെയാണ്

അഭിഷേക് ബച്ചനെ വീണ്ടും സില്‍മേലെടുത്തേ…

രണ്ടു വര്‍ഷമായി അഭിഷേക് ബച്ചന്‍ സിനിമയിലഭിനയിച്ചിട്ട്. വിശ്വസിക്കാന്‍ സാധിക്കുന്നില്ല അല്ലേ. പക്ഷേ സത്യമാണ്. സജാദ് – ഫര്‍ഹാദ് സംവിധാനം ചെയ്ത ഹൗസ് ഫുള്‍ 3 എന്ന ചിത്രത്തിലാണ് അഭിഷേക് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. 2016 ജൂണില്‍ ആ ചിത്രം പുറത്തു വന്നതിനു ശേഷം അഭിഷേക് ബച്ചന്‍ വേറെ സിനിമകളില്‍ ഒന്നും തന്നെ അഭിനയിച്ചില്ല. കഴിഞ്ഞ കുറച്ചു സിനിമകളുടെ പരാജയം ജൂനിയര്‍ ബച്ചനെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവാക്കി എന്നാണ് പറയപ്പെടുന്നത്‌. സിനിമയില്ലാതെയിരുന്ന രണ്ടു വര്‍ഷങ്ങളില്‍ തന്‍റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍, കബഡി ടീമുകളെ നോക്കുന്നതിലാണ് ബച്ചന്‍ ശ്രദ്ധയൂന്നിയത്.

ഇപ്പോള്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ജൂനിയര്‍ ബച്ചന്‍ വീണ്ടും എത്തുന്നത്‌ അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘മന്‍മര്‍സിയാം’ എന്ന സിനിമയിലൂടെയാണ്. ചിത്രീകരണത്തിന് മുന്നോടിയായി തന്‍റെ സുഹൃത്തുക്കളുടേയും ആരാധകരുടേയും അനുഗ്രഹങ്ങള്‍ വേണം എന്ന് അഭിഷേക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

“രണ്ടു വര്‍ഷങ്ങള്‍ കഴിഞ്ഞു, ഞാന്‍ ഒരു ഫിലിം ക്യാമറയെ അഭിമുഖീകരിച്ചിട്ട്. ഒരു പുതിയ യാത്ര, പുതിയ ചിത്രം, ഇന്ന് തുടങ്ങുകയാണ്. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹങ്ങള്‍ വേണം, ‘മന്‍മര്‍സിയാ’മിന്”, തന്‍റെ മേക്കപ്പ് കസേരയുടെ ചിത്രത്തോടൊപ്പം ജൂനിയര്‍ ബച്ചന്‍ ഇങ്ങനെ എഴുതി.

‘ഗാംഗ്സ് ഓഫ് വസായ്പൂര്‍’, ‘ദേവ് ഡി’, ‘രമണ്‍ രാഘവ്’, ‘മുക്കാബാസ്’ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയ അനുരാഗ് കശ്യപുമായി അഭിഷേക് കൈകോര്‍ക്കുന്നത് ഇതാദ്യമായാണ്. ചിത്രത്തില്‍ അഭിഷേകിന്‍റെ നായികയായുന്നത് തപ്സി പന്നു. വിക്കി കൗശലും ‘മന്‍മര്‍സിയാ’മില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

‘മന്‍മര്‍സിയാ’മില്‍ ഈ വേഷം ചെയ്യുന്നത് മലയാളത്തിന്‍റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ ആയിരിക്കും എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.  പിന്നീടത്‌ മാറി അഭിഷേക്കിലേക്ക് എത്തുകയായിരുന്നു.

ചിത്രങ്ങള്‍: ഇന്‍സ്റ്റാഗ്രാം/അഭിഷേക് ബച്ചന്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Abhishek bachchan to face camera after two years manmarziyan anurag kashyap