ഇന്ത്യയുടെ സ്വന്തം സൗന്ദര്യ റാണി ഐശ്വര്യ റായിയുടെ ജന്മദിനമായിരുന്നു ഇന്ന്. 48-ാം ജന്മദിനം ആഘോഷിക്കുന്ന ഐശ്വര്യയ്ക്ക് നിരവധി പേരാണ് രാവിലെ മുതൽ സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നത്. ഇപ്പോഴിതാ, അഭിഷേക് ബച്ചനും തന്റെ പ്രിയതമയ്ക്ക് പ്രിയതമയ്ക്ക് ആശംസയുമായി എത്തിയിരിക്കുകയാണ്.
പൂൾ സൈഡിൽ നിന്നുള്ള ഐശ്വര്യയുടെ മനോഹരമായാ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഭിഷേക് ആശംസകൾ നേർന്നിരിക്കുന്നത്. “ഹാപ്പി ബർത്ത്ഡേ വൈഫേ, നീയായിരിക്കുന്നതിന് നന്ദി. നീ ഞങ്ങളെ പൂർത്തീകരിക്കുന്നു, ഞങ്ങൾ നിന്നെ സ്നേഹിക്കുന്നു” അഭിഷേക് കുറിച്ചു.
നേരത്തെ, അനുഷ്ക ശർമ്മ, മാധുരി ദീക്ഷിത് തുടങ്ങിയ താരങ്ങളും ഐശ്വര്യയ്ക്ക് ഇൻസ്റ്റാഗ്രാമിലൂടെ ആശംസകൾ നേർന്നിരുന്നു.
Also Read: ഒരേ ഒരു ഐശ്വര്യ; പിറന്നാൾ നിറവിൽ ആരാധകരുടെ പ്രിയപ്പെട്ട ആഷ്
1973 നവംബർ ഒന്നിനാണ് ഐശ്വര്യയുടെ ജനനം. അച്ഛൻ മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ് റായ്. അമ്മ എഴുത്തുകാരി വൃന്ദ റായ്. മോഡലിങ്ങിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 1994 ൽ ലോകസുന്ദരി പട്ടം നേടിയതോടെയാണ് ഐശ്വര്യ പ്രശസ്തയാവുന്നത്.
1997ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ ആയിരുന്നു ഐശ്വര്യയുടെ ആദ്യ ചിത്രം. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം.പിന്നീട് ഹിന്ദി, തമിഴ്, ബംഗാളി സിനിമകളിലും ഐശ്വര്യ അഭിനയിച്ചു.
2007ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും തൽക്കാലികമായി വിട്ടു നിന്ന ഐശ്വര്യ, മകൾ ആരാധ്യയുടെ ജനനശേഷമാണ് വീണ്ടും ബോളിവുഡിൽ സജീവയായത്. മണിരത്നത്തിന്റെഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ I’ ലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്, ചിത്രം അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.