“എന്നെ സംബന്ധിച്ച് വളരെ സ്പെഷ്യല്‍ ആണ് ടൊറന്‍റോ. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ വച്ചാണ് ഞാന്‍ എന്റെ ഭാര്യയോട് പ്രോപോസ് ചെയ്തത്”, ടൊറന്‍റോ രാജ്യാന്തര ചലച്ചിത്ര മേളയില്‍ (ടിഫ്) പങ്കെടുത്തു സംസാരിക്കവേ അഭിഷേക് ബച്ചന്‍ ഓര്‍മ്മിച്ചു. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘മന്‍മര്‍സിയാം’ എന്ന ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ടിഫില്‍ എത്തിയതാണ് അഭിഷേക്.

മുന്‍ലോക സുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യ റായോട് താന്‍ വിവാഹം പ്രോപോസ് ചെയ്തത് 2007ല്‍ ‘ഗുരു’ എന്ന ചിത്രത്തിന്റെ പ്രീമിയറിനായി ടിഫില്‍ എത്തിയപ്പോഴായിരുന്നു എന്നും അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തി. മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ‘ഗുരു’. ഇത്തവണ ടൊറന്‍റോയിലേക്ക് തിരിക്കും മുന്‍പ് ആരേയും പ്രോപോസ് ചെയ്യണ്ട എന്ന് ഐശ്വര്യ മുന്നറിയിപ്പ് നല്‍കിയതായും അഭിഷേക് കൂട്ടിച്ചേര്‍ത്തു.

‘മന്‍മര്‍സിയാന്‍’ സഹതാരങ്ങളായ വിക്കി കൗശാല്‍, തപ്‍‌സി പന്നു എന്നിവര്‍ക്കൊപ്പമാണ് അഭിഷേക് ടിഫില്‍ എത്തിയത്. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അഭിഷേക് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 2016ല്‍ അക്ഷയ് കുമാറിനും റിതേഷ് ദേശ്മുഖിനൊപ്പവുമുള്ള ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം.

പഞ്ചാബിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. രണ്ടുപേര്‍ കണ്ടു മുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നു. പിന്നീട് കമ്മിറ്റ്‌മെന്റുകളെ പേടിയായ കാമുകന്റെ സ്വഭാവം ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നു. ഈ സമയത്ത് രക്ഷിതാക്കള്‍ പെണ്‍കുട്ടിക്കായി ഒരു വരനെ കണ്ടെത്തുന്നു എന്ന തരത്തിലാണ് ചിത്രം മുന്നോട്ടു പോകുന്നത്.

Read More: മന്‍മര്‍സിയാന്‍: ത്രികോണ പ്രണയകഥയുമായി അഭിഷേക് ബച്ചന്‍ ചിത്രം

ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്ക്രീനില്‍ ഒന്നിച്ചത്. മണിരത്നം സംവിധാനം ചെയ്ത ‘രാവണ്‍’ എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്‍’ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ആ ചിത്രം.

“എ ബിയും (അഭിഷേക് ബച്ചനും) ഞാനും ‘ഗുലാബ് ജാമുന്‍’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളിയിട്ടുണ്ട്. ‘മന്‍മര്‍സിയാന്‍’ എന്ന ചിത്രത്തിന് ശേഷം എന്ത് ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഞാന്‍ എ ബിയോട് ആവശ്യപ്പെട്ടിരുന്നു”, ഐശ്വര്യ റായ് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

 

ഒന്നര വര്‍ഷം മുന്‍പാണ് ‘ഗുലാബ് ജാമുനി’ല്‍ അഭിനയിക്കാനുള്ള ക്ഷണം കിട്ടിയത് എന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.

“ആശയപരമായുള്ള യോജിപ്പ് അന്ന് തന്നെ പ്രകടിപ്പിച്ചിരുന്നു ഞങ്ങള്‍. പക്ഷേ ഏതാണ്ട് അതേ സമയത്താണ് അഭിനയത്തില്‍ നിന്നും കുറച്ചു കാലം മാറി നില്‍കാന്‍ എ ബി തീരുമാനിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ‘മന്‍മര്‍സിയാന്‍’ ചെയ്തു. യാദൃശ്ചികമെന്നോണം അതും അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ തന്നെയായിരുന്നു. അപ്പോഴാണ്‌ ‘ഗുലാബ് ജാമുനെ’ക്കുറിച്ച് വീണ്ടും സംസാരിച്ചു തുടങ്ങിയതും ചെയ്യാം എന്ന് തീരുമാനം ഉറപ്പിച്ചതും. മനോരഹരമായൊരു തിരക്കഥയാണത്. ഞങ്ങള്‍ക്ക് ചേര്‍ന്നതും”.

Read More: എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഐശ്വര്യയും അഭിഷേകും ഒന്നിക്കുന്ന ‘ഗുലാബ് ജാമുന്‍’

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ