ട്രോളന്മാർക്ക് കലക്കൻ മറുപടി നൽകി അവരുടെ വായടപ്പിക്കുന്ന താരമാണ് അഭിഷേക് ബച്ചൻ. ഭാര്യ ഐശ്വര്യയെക്കുറിച്ചും മകൾ ആരാധ്യയെക്കുറിച്ചുമുളള ട്രോളുകൾക്ക് ഉടനടി അഭിഷേക് മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ തന്നെതന്നെ ട്രോളിയ ആൾക്ക് നല്ല ചുട്ട മറുപടിയാണ് അഭിഷേക് നൽകിയിരിക്കുന്നത്.

ഐപിഎൽ താരം സ്റ്റുവർട്ട് ബിന്നിയോട് അഭിഷേകിനെ താരതമ്യം ചെയ്തയാൾ ഇരുവരും ഒന്നിന്നും കൊളളാത്തവരാണെന്നാണ് ട്വീറ്റ് ചെയ്തത്. മാത്രമല്ല, സുന്ദരിമാരായ ഭാര്യമാരെ കിട്ടാൻ ഇരുവരും അർഹരല്ലെന്നും ഒരാൾ സിനിമയിലും മറ്റൊരാൾ ക്രിക്കറ്റിലും എത്തിയത് അവരുടെ പിതാക്കന്മാർ കാരണമെന്നുമാണ് ബോബി ഡിയോൾ എന്ന വ്യാജ പേരുളള അക്കൗണ്ടിൽനിന്നും ട്വീറ്റ് വന്നത്.

ഇതിനു ട്വിറ്ററിലൂടെ ഉടനടി അഭിഷേക് മറുപടി നൽകി. ”സഹോദരാ, എന്റെ ഷൂസ് ധരിച്ച് ഒരു കിലോമീറ്റർ നടന്നു നോക്കൂ. നിങ്ങൾ 10 അടി നടന്നാൽ എനിക്ക് നിങ്ങളോട് ബഹുമാനം തോന്നും. സ്വയം മെച്ചപ്പെടാൻ സമയം കണ്ടെത്തൂ, മറ്റുളളവരെക്കുറിച്ച് ചിന്തിച്ച് വിഷമിക്കേണ്ട” ഇതായിരുന്നു അഭിഷേക് ട്വീറ്റ് ചെയ്തത്.

രണ്ടു വർഷമായി സിനിമയിൽനിന്നും വിട്ടുനിന്നിരുന്ന അഭിഷേക് അനുരഗ് കശ്യപിന്റെ മൻമർസിയാൻ എന്ന സിനിമയിലൂടെ തിരിച്ചെത്തുകയാണ്. സജാദ്-ഫര്‍ഹാദ് സംവിധാനം ചെയ്ത ഹൗസ് ഫുള്‍ 3 എന്ന ചിത്രത്തിലാണ് അഭിഷേക് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. 2016 ജൂണില്‍ ആ ചിത്രം പുറത്തു വന്നതിനു ശേഷം അഭിഷേക് ബച്ചന്‍ വേറെ സിനിമകളില്‍ ഒന്നും തന്നെ അഭിനയിച്ചില്ല. സിനിമയില്ലാതെയിരുന്ന രണ്ടു വര്‍ഷങ്ങളില്‍ തന്‍റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍, കബഡി ടീമുകളെ നോക്കുന്നതിലാണ് ബച്ചന്‍ ശ്രദ്ധയൂന്നിയത്.

ആരാധ്യയെ ട്രോള്‍ ചെയ്തവര്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി അഭിഷേക് ബച്ചന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook