ഭാര്യ ഐശ്വര്യ റായിയുടെ കഴിവുകളെപ്പറ്റി പറയാനും അഭിനന്ദിക്കാനും അഭിഷേക് ബച്ചൻ മടി കാണിക്കാറില്ല. ഈയടുത്തു നൽകിയ അഭിമുഖത്തിൽ ഐശ്വര്യയെക്കുറിച്ച് അഭിഷേക് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വാണിജ്യ സിനിമകളെ താഴ്ത്തി സംസാരിക്കുന്ന വിമർശകർക്കെതിരെയാണ് അഭിഷേക്ക് ഗലാട്ടെ പ്ലസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. തൻെറ സഹപ്രവർത്തകരായ ആമീർ ഖാൻ, സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ എന്നിവരുടെ പ്രകടനത്തെ അഭിനന്ദിക്കാനും അഭിഷേക് മറന്നില്ല. ‘നായകൻ’ എന്ന ചിത്രത്തിലെ കമഹാസൻെറ പ്രകടനമാണ് താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ചതെന്നു അഭിഷേക് പറഞ്ഞു. യാഥാർത്ഥ്യവും എന്നാൽ സിനിമയുടെ വാണിജ്യ വശവും ഒരേ രീതിയിൽ പ്രേക്ഷകരിലേയ്ക്കു എത്തിക്കാൻ സാധിച്ചതാണ് ഇതിനു കാരണമെന്നും അഭിഷേക് കുട്ടിച്ചേർത്തു.
“ഞാൻ പറഞ്ഞതു വച്ച് നിങ്ങളെന്നെ തെറ്റിദ്ധരിക്കരുത്. വാണിജ്യ സിനിമകൾ ചെയ്യുന്നതു അത്ര എളുപ്പമായ കാര്യമല്ല. രജനി അങ്കിൾ ചെയ്യുന്നതു പോലെ വേറെയൊരാൾക്കു ചെയ്യാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. -30 ഡിഗ്രി തണുപ്പിൽ നിങ്ങൾക്കു അലാസ്കയിൽ പോയി ഷിഫോൺ സാരി അണിഞ്ഞ് നൃത്തം ചെയ്യാൻ കഴിയുമോ. ഐശ്വര്യയും മാധുരിയുമൊക്കെ ചെയ്യുന്ന പോലെ നിങ്ങൾക്കു ഗ്രെയ്സ്ഫുള്ളായി നൃത്തം ചെയ്യാനാകുമോ” അഭിഷേക് വിമർശകരോടു ചോദിക്കുന്നു.
അമ്മയെന്ന നിലയിൽ മാത്രമല്ല, ഒരു താരമെന്ന നിലയിലും ഐശ്വര്യയെ അഭിഷേക് എപ്പോഴും അഭിനന്ദിക്കാറുണ്ട്. പൊന്നിയിൻ സെൽവനിലെ ഐശ്വര്യയുടെ പ്രകടത്തെക്കുറിച്ചും അഭിഷേക് വാചാലനായിരുന്നു. “ആ ദിസവം വന്നെത്തിയിരിക്കുന്നു! #PS1 ഇന്ന് തിയേറ്ററുകളിൽ, ഈ മാസ്റ്റർപീസ് നിർമ്മിക്കുന്നതിൽ കഠിനാധ്വാനം ചെയ്ത ടീമിന് അഭിനന്ദനങ്ങൾ.ഐശ്വര്യയ്ക്കും മണിരത്നത്തിനും ആശംസകൾ” അഭിഷേക് കുറിച്ചു.
2007 ൽ വിവാഹിതരായ ഐശ്വര്യയ്ക്കും അഭിഷേകിനും 2011 ലാണ് മകൾ ആരാധ്യ ജനിച്ചത്.മുംബൈയിലെ കുടുംബ ബംഗ്ലാവിൽ ഇരുവരും ദീപാവലി ആഘോഷ രാവ് സംഘടിപ്പിച്ചിരുന്നു. അനവധി ആരാധകരാണ് ആഘോഷത്തിനായി എത്തിയത്. ആമസോൺ പ്രൈമിൽ സട്രീം ചെയ്യുന്ന ‘ബ്രത്ത് ഇൻറ്റു ദി ഷാഡോസി’ലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്.