ജന്മം കൊണ്ട് തന്നെ സെലബ്രിറ്റിയാണ് ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ. ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബത്തിലെ ഇളംതലമുറക്കാരിയായ ആരാധ്യ ബച്ചന് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്. ആരാധ്യയുടെ ചിത്രങ്ങളും സ്കൂൾ വീഡിയോകളുമെല്ലാം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്.
മകളുടെ ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യത്തിന് അഭിഷേക് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യൻ എക്സ്‌പ്രസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഭിഷേക്.

“ആരാധ്യയുടെ സ്കൂൾ വീഡിയോകൾ സ്കൂളിൽ നിന്നും ചോർന്നതല്ല. അവൾ എപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങുന്നുവോ അപ്പോഴെല്ലാം മീഡിയ അവളുടെ ചിത്രങ്ങൾ പകർത്തും. അത് അങ്ങനെ തന്നെയാണ്, അതിനെ വിശകലനം ചെയ്തിട്ട് കാര്യമില്ല. അവൾ രണ്ടു അഭിനേതാക്കളുടെ മകളാണ്, പോരാത്തതിന് അവളുടെ മുത്തശ്ശനും മുത്തശ്ശിയും അഭിനേതാക്കളാണ്. ആളുകൾ അവളെ കാണാൻ ആഗ്രഹിക്കുന്നു, എന്നാൽ അതൊരു പദവിയായി എടുക്കരുത് എന്ന് ഐശ്വര്യ അവളെ പഠിപ്പിച്ചിട്ടുണ്ട്. ആരാധ്യ വളരെ ചെറുപ്പമായിരുന്നപ്പോൾ തന്നെ, ഐശ്വര്യ ഇതിനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട് ഏത് വഴിയായാലും ഇതിങ്ങനെയൊക്കെയാവും സംഭവിക്കുക അതിനാൽ നമ്മളതിനെ അംഗീകരിക്കണമെന്ന്,” അഭിഷേക് പറയുന്നു.
Read more: ആരാധ്യ ബച്ചന്റെ വാക്‌ചാതുരിയെ പ്രശംസിച്ച് ആരാധകർ; ഹിന്ദി പ്രസംഗ വീഡിയോ വൈറൽ
2007ലാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരായത്. 2011ൽ ആയിരുന്നു ആരാധ്യയുടെ ജനനം. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ജോലിസംബന്ധമായും അല്ലാതെയുമുള്ള ഐശ്വര്യയുടെ വിദേശ യാത്രകളിലെല്ലാം മകൾ ആരാധ്യയും കൂടെയുണ്ടാവാറുണ്ട്.
അടുത്തിടെ, ആരാധ്യയുടെ ജന്മദിനാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിരുന്നു. മാലിദ്വീപിലെ അമില്ല ഫുഷി ദ്വീപിലായിരുന്നു ആരാധ്യയുടെ ജന്മദിനാഘോഷം.