സിങ്ങിങ്ങ് റിയാലിറ്റി ഷോ ആയ സരിഗമപയുടെ വരാനിരിക്കുന്ന ഒരു എപ്പിസോഡിൽ പ്രത്യേത അതിഥിയായി പങ്കെടുക്കുകയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. ഈ എപ്പിസോഡിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. തന്റെ ജീവിത പങ്കാളി ഐശ്വര്യ റായ് ബച്ചനെക്കുറിച്ച് അഭിഷേക് പറയുന്ന വീഡിയോ ആണ് വൈറലായത്.
ഐശ്വര്യ “ഇന്ത്യൻ മൂല്യങ്ങൾ” ഇഷ്ടപ്പെടുന്നു എന്നും ആ മൂല്യങ്ങൾ അവരുടെ മകൾ ആരാധ്യയിൽ വളർത്തിയെടുക്കാൻ അവൾ ശ്രമിക്കുന്നു എന്നും അഭിഷേക് ബച്ചൻ വീഡിയോയിൽ പറയുന്നു.
“ഐശ്വര്യ ശരിക്കും അടിപൊലിയാണ്. അവൾ വളരെ എളിമയുള്ള സ്വീറ്റ് ആയ ആളാണ്. അവൾ നമ്മുടെ ഇന്ത്യൻ മൂല്യങ്ങളെ സ്നേഹിക്കുന്നു, ഞങ്ങളുടെ മകളെയും ആ മൂല്യങ്ങൾ പഠിപ്പിക്കുന്നു. അവൾ ചെയ്യുന്ന എല്ലാത്തിനും ഞാൻ അവളോട് നന്ദി പറയാൻ ആഗ്രഹിക്കുന്നു, ”അഭിഷേക് പറഞ്ഞു.
ഷോയിൽ പങ്കെടുത്ത സംഗീതസംവിധായകൻ വിശാൽ ദദ്‌ലാനി ഐശ്വര്യയോടൊത്തുള്ള ഒരു പഴയ ഓർമ പങ്കുവയ്ക്കുന്നതും വീഡിയോയിൽ കാണാം. ഐശ്വര്യ തന്റെ എളിമയുള്ള സ്വഭാവത്താൽ എല്ലാവരെയും ഞെട്ടിച്ചുവെന്നും വിശാൽ അഭിപ്രായപ്പെട്ടു.
ഐശ്വര്യ റായ് എപ്പോഴെങ്കിലും വീട്ടുജോലികൾ ചെയ്യാറുണ്ടോ എന്ന് അവതാരക ആദിത്യ നാരായൺ അഭിഷേക് ബച്ചനോട് ചോദിച്ചപ്പോളാണ് വിശാൽ ഈ സംഭവം ഓർമ്മിപ്പിച്ചത്.
“ഞങ്ങൾ എല്ലാവരും ഒരിക്കൽ ഒരു പര്യടനത്തിലായിരുന്നു, ഞങ്ങളുടെ കൂടെ ഏകദേശം 30 പേരടങ്ങുന്ന ഒരു വലിയ ബാൻഡ് ഉണ്ടായിരുന്നു. ഒരു നല്ല ദിവസം, മുഴുവൻ ടീമും മിസ്റ്റർ ബച്ചനൊപ്പം അത്താഴം കഴിക്കാൻ അഭ്യർത്ഥിച്ചു. മിസ്റ്റർ ബച്ചനോടൊപ്പം ഞങ്ങൾ എപ്പോഴും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാറുണ്ടായിരുന്നതിനാൽ, ഇത്തവണ കൂട്ടം മുഴുവൻ അത്താഴത്തിന് എത്തിയിരുന്നു. സാധാരണയായി, അത്തരം ഒരു ഒത്തുചേരലിൽ, ഞങ്ങൾക്ക് ധാരാളം വിളമ്പലുകാരോട് കൂടിയ ഒരു ബുഫെയാവും ഉണ്ടാവുക. എന്നാൽ അത്തവണ എല്ലാവർക്കും ഭക്ഷണം വിളമ്പുമെന്ന് ഐശ്വര്യ വാശിപിടിച്ചു, ”അദ്ദേഹം പറഞ്ഞു.
“അവർക്ക് അത് ചെയ്യേണ്ട ആവശ്യമില്ല, ഞങ്ങൾക്കിടയിൽ ഒരു ഔപചാരികതയും ഉണ്ടായിരുന്നില്ല, പബ്ലിസിറ്റിക്ക് വേണ്ടി അവർക്ക് അത് ചെയ്യാൻ ക്യാമറകളില്ല, പക്ഷേ ഐശ്വര്യ അത് സ്നേഹത്തോടെ ചെയ്തു. ഞങ്ങൾക്ക് അവരെ വർഷങ്ങളായി അറിയാം, അവർ ഇങ്ങനെയാണ്, പക്ഷേ അന്നും ഞാൻ അത്ഭുതപ്പെട്ടു, കാരണം എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടും അവർ എല്ലാവർക്കും പലഹാരം വിളമ്പി, എന്നിട്ട് മാത്രം അവർ കഴിക്കാൻ ഇരുന്നു. ഐശ്വര്യ റായ് ബച്ചൻ ഞങ്ങൾക്ക് ഭക്ഷണം വിളമ്പിത്തന്നതിനാൽ ഈ ഗ്രഹത്തിലെ ഏറ്റവും ഭാഗ്യമുള്ളവർ ഞങ്ങളാണെന്ന് അന്ന് ഞങ്ങൾക്കെല്ലാം തോന്നി. അവർ ശരിക്കും ഒരു അത്ഭുതകരമായ വ്യക്തിയാണ്. ”…
ബോബ് ബിശ്വാസ് എന്ന സീ5 റിലീസ് എന്ന ചിത്രത്തിലാണ് അഭിഷേക് ബച്ചൻ അടുത്തതായി അഭിനയിക്കുന്നത്.