അടുത്തിടെയാണ് ഗായികമാരായ അമൃത സുരേഷിന്റെയും അഭിരാമിയുടെയും പിതാവും ഓടക്കുഴല്‍ കലാകാരനുമായ പിആർ സുരേഷ് അന്തരിച്ചത്. സ്‌ട്രോക്കിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലായിരുന്നു അന്ത്യം. അച്ഛനെ കുറിച്ചുള്ള ചില ഓർമകൾ പങ്കുവയ്ക്കുകയാണ് അഭിരാമി സുരേഷ്. തന്റെ സ്വപ്നപദ്ധതിയ്ക്ക് തുടക്കം കുറിച്ചും ആശിർവദിച്ചുമാണ് അച്ഛൻ വിട പറഞ്ഞതെന്നാണ് അഭിരാമി പറയുന്നത്. കഫേ ഉട്ടോപ്യ എന്ന സംരംഭം അഭിരാമി ആരംഭിച്ചത് അടുത്തിടെയാണ്.
“അച്ഛൻ ഞങ്ങളെ വിട്ടുപോകുന്നതിന് മുമ്പ്, എന്റെ സ്വപ്ന പദ്ധതിയ്ക്ക്, എന്റെ ബിസിനസ്സ് സംരംഭമായ Cafe Uutopiaയ്ക്ക്, പുതിയ യാത്രയ്ക്ക് ആശിർവാദം ചൊരിഞ്ഞാണ് പോയത്. വലിയ ആർഭാടം നിറഞ്ഞ ഉദ്ഘാടനമൊന്നും ഉണ്ടായിരുന്നില്ല. അച്ഛന്റെയും അമ്മയുടെയും ചേച്ചിയുടെയും സാന്നിധിയ്ത്തിൽ അവരുടെ അനുഗ്രഹത്തോടു കൂടി ഞാനെന്റെ യാത്രയ്ക്ക് തുടക്കം കുറിച്ചു,” അഭിരാമി കുറിച്ചു.
“വീട്ടിൽ, ഞങ്ങളുടെയെല്ലാം സ്നേഹത്തിന്റെ ഭാഷ ഭക്ഷണവുമായി വളരെ ബന്ധപ്പെട്ടുള്ളതാണ്. നല്ല ഭക്ഷണം പര്യവേക്ഷണം ചെയ്യാൻ അച്ഛന് ഇഷ്ടമായിരുന്നു. ആവശ്യപ്പെട്ടില്ലെങ്കിലും ഒരു ടെലിപതിയെന്ന പോലെ ഞങ്ങൾക്കിഷ്ടപ്പെട്ട സ്ട്രീറ്റ് ഫുഡുകൾ അദ്ദേഹം വാങ്ങി കൊണ്ടുവരും. അമ്മയും നന്നായി പാചകം ചെയ്യും. വീട്ടിലെ ചെറിയ വഴക്കുകൾക്ക് ശേഷം അമ്മ ഞങ്ങൾക്ക് സ്പെഷ്യൽ വിഭവങ്ങൾ ഉണ്ടാക്കിത്തരും, അത് ഞങ്ങളുടെ ചെറിയ വഴക്കുകൾ അവസാനിപ്പിക്കും, ഞങ്ങൾ എല്ലാവരും കൂടി കെട്ടിപ്പിടിച്ചു ചിരിക്കും.”
:ഒരു സംരംഭകയാവാനുള്ള എന്റെ റിസ്ക് നിറഞ്ഞതും പ്രിയപ്പെട്ടതുമായ തീരുമാനത്തെ പിന്തുണച്ചതിന് അച്ഛനോടും അമ്മയോടും ഞാൻ നന്ദി പറയുന്നു! ഇന്ന് ഞാൻ ഈ പോസ്റ്റ് എഴുതുമ്പോൾ, അച്ഛൻ ഞങ്ങളോടൊപ്പമില്ല, പക്ഷേ എനിക്ക് എന്റെ അച്ഛനുമായി ദശലക്ഷകണക്കിന് സന്തോഷകരമായ ഓർമ്മകളുണ്ട്. അച്ഛനും അമ്മയും ഞങ്ങളെ നല്ല മനുഷ്യരാക്കി. ഏറ്റവും കഠിനമായ സമയങ്ങളിലും, ക്രൂരമായ മാധ്യമ ആക്രമണങ്ങളിലും, ഇരുണ്ട സമയങ്ങളിലും, ഞങ്ങൾ എല്ലാവരും ഒന്നിച്ച് കൈകൾ മുറുകെ പിടിച്ച് സ്വയം പറഞ്ഞു, ഞങ്ങൾ എന്താണ് വിശ്വസിക്കുന്നതെന്ന് ഞങ്ങൾക്കറിയാം, ഞങ്ങളുടെ സത്യം ഞങ്ങൾക്കറിയാം.”
“ഭൂമിയിലെ മനുഷ്യജീവിതം പൂർത്തിയാക്കുന്നതിന് മുമ്പ് ദൈവം പ്രിയപ്പെട്ടവരെ ജീവിതത്തിൽ നിന്നും അകറ്റുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട പിതാവും ഗുരുവും ഉറ്റസുഹൃത്തുമായ അദ്ദേഹം മുന്നോട്ടുള്ള യാത്രയിൽ ഞങ്ങളെ നിരീക്ഷിക്കുകയും നയിക്കുകയും ചെയ്യും, അദ്ദേഹം ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നതുപോലെതന്നെ ഞങ്ങളുടെ കൈകളിൽ മുറുകെ പിടിക്കും,” സോഷ്യൽ മീഡിയ കുറിപ്പിൽ അഭിരാമി പറയുന്നു.