അടുത്തിടെയാണ് ഗായിക അമൃത സുരേഷും ഗോപി സുന്ദറും തങ്ങൾ പ്രണയത്തിലാണെന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചത്. ഇതിനെ തുടർന്ന് ഇരുവരുടെയും സോഷ്യൽ മീഡിയ കുറിപ്പുകൾക്ക് താഴെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു. അമൃതയുടെ സഹോദരിയും ഗായികയും അഭിനേത്രിയും അവതാരകയുമായ അഭിരാമി സുരേഷ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
‘നമ്മുടെ മുന്നിലുള്ള വിധി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ? ആർക്കുമറിയില്ല. അതുകൊണ്ട് നമുക്ക് ആളുകളെ ശ്വസിക്കാൻ അനുവദിക്കാം. സ്നേഹിക്കാം. പോസിറ്റിവിറ്റി പ്രചരിപ്പിക്കാം. ഏറ്റവും പ്രധാനമായി, നമുക്ക് മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കാം,’ എന്നാണ് അഭിരാമി കുറിക്കുന്നത്. ഗോപിസുന്ദറിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് അഭിരാമി ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
“സോഷ്യൽ മീഡിയ ജീവിതത്തിന് അപ്പുറം ചില സത്യങ്ങളുണ്ട്. നമ്മൾ- നമ്മളെല്ലാം സാധാരണ മനുഷ്യരാണ്, നമ്മൾ ജീവിക്കുന്നു, സ്നേഹിക്കുന്നു, പോരാടുന്നു, അതിജീവിക്കുന്നു, വിജയിക്കുന്നു…
ഒന്നും ശാശ്വതമല്ലാത്ത, ഒന്നും പ്രവചിക്കാനാകാത്ത ഈ റോളർകോസ്റ്റർ ജീവിത യാത്രയിൽ, ഞാനൊരു സഹോദരനെ കണ്ടെത്തി. മാന്ത്രിക സംഗീതം നൽകുന്നവൻ, എന്റെ സഹോദരിയ്ക്ക് പുഞ്ചിരി സമ്മാനിക്കുന്നവൻ, എന്നെ മൂത്തമകൾ എന്ന് വിളിക്കുന്നവൻ, തന്റെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെ സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്നവൻ…, ജന്മദിനാശംസകൾ സഹോദരാ. നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങൾ അത്ഭുതങ്ങൾ സൃഷ്ടിക്കട്ടെ,” അഭിരാമി കുറിക്കുന്നു.
“നമ്മുടെ മുന്നിലുള്ള വിധി എന്താണെന്ന് ആർക്കെങ്കിലും അറിയാമോ? ആർക്കുമറിയില്ല. അതുകൊണ്ട് നമുക്ക് ആളുകളെ ശ്വസിക്കാൻ അനുവദിക്കാം. സ്നേഹിക്കാം. പോസിറ്റിവിറ്റി പ്രചരിപ്പിക്കാം. ഏറ്റവും പ്രധാനമായി, നമുക്ക് മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കാം. സ്നേഹിക്കട്ടെ, വിധിക്കാതിരക്കാം. മറ്റുള്ളവരുടെ പുഞ്ചിരിയ്ക്ക് ഒപ്പം പുഞ്ചിരിക്കാൻ നമുക്ക് പഠിക്കാം, സുന്ദരമായ മനസ്സോടെ.. നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളെ കുറിച്ച് കഥകളുണ്ടാക്കരുത്,” അഭിരാമി കൂട്ടിച്ചേർക്കുന്നു.
അമൃതയും ഗോപി സുന്ദറിന് സമൂഹമാധ്യമങ്ങളിലൂടെ പിറന്നാള്‍ ആശംസകൾ നേർന്നിട്ടുണ്ട്. “ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത്” എന്നാണ് അമൃത കുറിച്ചത്.
കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പങ്കുവച്ച അമൃതയ്ക്കൊപ്പമുള്ള ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. “പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്,” എന്നാണ് ഗോപി സുന്ദർ ചിത്രത്തിനൊപ്പം കുറിച്ചത്.
“നിങ്ങളെ രണ്ടുപേരെയുമോർത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രവുമായ ഒന്നിന്റെ തുടക്കമാകട്ടെ. ഈ പ്രത്യേക ദിനത്തിൽ നിങ്ങളോടൊപ്പമുണ്ടായതിൽ വളരെ സന്തോഷം,” എന്നാണ് ചിത്രത്തിനു താഴെ ആശംസകൾ പങ്കുവച്ചുകൊണ്ട് അമൃതയുടെ സുഹൃത്തുമായ അപർണ മൾബറി കമന്റ് ചെയ്തത്.