സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനും കുടുംബവും തന്റെ കരിയർ അട്ടിമറിച്ചതായി സംവിധായകൻ അഭിനവ് സിങ് കശ്യപിന്റെ തുറന്നുപറച്ചിൽ ബോളിവുഡിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ഇപ്പോഴിതാ, അഭിനവ് സിങ് കശ്യപിനെതിരെ നിയമ നടപടികളുമായി രംഗത്തു വന്നിരിക്കുകയാണ് അർബാസ് ഖാൻ. അഭിനവിന്റെ ആരോപണങ്ങളെ നിയമപരമായി തന്നെ നേരിടുമെന്ന് അർബാസ് ഖാൻ ഇന്ത്യൻ എക്സ്പ്രസിനോട് പ്രതികരിച്ചു.
ജൂൺ 16നാണ് അർബാസ് ഖാനെതിരെ അഭിനവ് സിങ് കശ്യപ് ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചത്. 2010 ൽ പുറത്തിറങ്ങിയ ‘ദബാംഗ്’ എന്ന ചിത്രത്തിന് ശേഷം അർബാസ് ഖാനും കുടുംബവും തന്റെ കരിയർ അട്ടിമറിച്ചു എന്നായിരുന്നു അഭിനവ് സിങ് കശ്യപിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഭീഷണിപ്പെടുത്തി തന്റെ മാനസികാരോഗ്യത്തെ നശിപ്പിച്ചതായും അഭിനവ് പറഞ്ഞു.
“പത്ത് വർഷം മുമ്പ് ഞാൻ ‘ദബാംഗ് 2’ നിർമ്മിക്കുന്നതിൽ നിന്ന് പുറത്തുപോയതിന്റെ കാരണം, സൊഹൈൽ ഖാനുമായും കുടുംബവുമായും ചേർന്ന് അർബാസ് ഖാൻ എന്നെ ഭീഷണിപ്പെടുത്തി എന്റെ കരിയറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനാലാണ്. ശ്രീ അഷ്ടവിനായക് ഫിലിംസുമായുള്ള എന്റെ രണ്ടാമത്തെ പ്രൊജക്ട്. അർബാസ് ഖാൻ അവരുടെ മേധാവി ശ്രീ. രാജ് മേത്തയെ വ്യക്തിപരമായി വിളിച്ച് അവർ എന്നോടൊപ്പം ഒരു സിനിമ ചെയ്താൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുമെന്ന് ഭീഷണിപ്പെടുത്തി. മുൻകൂറായി തന്ന പണം ശ്രീ അഷ്ടവിനായക് ഫിലിംസിന് മടക്കി നൽകി ഞാൻ വിയകോം പിക്ചേഴ്സുമായി ചേർന്ന് ചിത്രം ഒരുക്കാൻ ശ്രമിച്ചു. അവിടെയും അതു തന്നെ സംഭവിച്ചു.”

“ഇത്തവണ സൊഹൈൽ ഖാനാണ് അത് ചെയ്തത്. അന്നത്തെ വിയകോം സിഇഒ വിക്രം മൽഹോത്രയെ സൊഹൈൽ ഭീഷണിപ്പെടുത്തി. എന്റെ പ്രോജക്ട് അട്ടിമറിക്കപ്പെട്ടു. കരാറിൽ ഒപ്പുവയ്ക്കുന്ന സമയത്ത് ലഭിച്ച ഏഴ് കോടി രൂപയും ഒരു കോടിയോളം വരുന്ന അതിന്റെ പലിശയും മടക്കി നൽകാൻ ഞാൻ നിർബന്ധിതനായി. അപ്പോഴാണ് റിലയൻസ് എന്റർടൈൻമെന്റ് എന്റെ രക്ഷയ്‌ക്കെത്തിയത്. എന്റെ ‘ബെഷറാം’ എന്ന ചിത്രത്തിനായി ഞങ്ങൾ കരാർ ഉണ്ടാക്കി,” അഭിനവ് സിങ് കശ്യപ് കൂട്ടിച്ചേർത്തു.
Read More: മനഃശാസ്ത്രജ്ഞന്റെ സഹായം തേടുന്നതിൽ ലജ്ജിക്കേണ്ടതില്ല, ഞാനും ചെയ്തിട്ടുണ്ട്: രജീഷ വിജയൻ
“എന്റെ എല്ലാ പദ്ധതികളും പരിശ്രമങ്ങളും അട്ടിമറിക്കപ്പെട്ടു. എന്നെ കൊല്ലുമെന്നും, എന്റെ കുടുംബത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും നിരന്തരം ഭീഷണിപ്പെടുത്തി. നിരന്തരമായ ഭീഷണികൾ എന്റെ മാനസികാരോഗ്യത്തെ തകർത്തു. അങ്ങനെ എന്റെ കുടുംബം തന്നെ തകർന്നു. 2017ൽ ഞാൻ വിവാഹ മോചിതനായി.”
എന്നാൽ ഇതുകൊണ്ടൊന്നും തന്നെ തളർത്താനാകില്ലെന്ന് അഭിനവ് സിങ് പറഞ്ഞു. “അവരുടെ ഭീഷണിക്ക് ഞാൻ വഴങ്ങില്ല. എന്റെയും അവരുടേയും അവസാനം വരെ ഞാൻ പോരാടും. ഇനിയെനിക്ക് ക്ഷമിക്കാനാകില്ല. തിരിച്ചടിക്കാൻ സമയമായി.”
നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ ആത്മഹത്യയ്ക്ക് പിന്നാലെയാണ് കശ്യപിന്റെ കുറിപ്പ്. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സംവിധായകൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.
“സുശാന്തിനെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിൽ വൈആർഎഫ് ടാലന്റ് മാനേജ്‌മെന്റ് ഏജൻസി വഹിച്ച പങ്ക് വ്യക്തമാണ്. ഇത് അധികാരികൾ അന്വേഷിക്കേണ്ടതുണ്ട്. ഈ ആളുകൾ കരിയർ സൃഷ്ടിക്കുന്നില്ല. അവ നിങ്ങളുടെ കരിയറും ജീവിതവും നശിപ്പിക്കുന്നു. ഒരു ദശാബ്ദക്കാലം വ്യക്തിപരമായി കഷ്ടപ്പെടുന്ന എനിക്ക്, ബോളിവുഡിലെ എല്ലാ ടാലന്റ് മാനേജ്‌മെന്റ് ഏജൻസികളും കലാകാരന്മാർക്കുള്ള മരണക്കെണിയാണെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും.”
Read in English: Abhinav Singh Kashyap: All my projects have been sabotaged by Salman Khan’s family