ഒരു കാലത്ത് സ്റ്റേജ് ഷോകളിൽ ചിരിയുടെ മാലപ്പടക്കം സൃഷ്ടിച്ച കലാഭവന്‍ അബി അമിതാബ് ബച്ചനായും ആമിനത്താത്തയായും ചിരിയുടെ പൂരം സൃഷ്ടിച്ചു. സ്ത്രീവേഷധാരികളായ പുരുഷന്മാരെ സമകാലിക കലാലോകത്ത് സജീവമാക്കിയതും ആമിനത്താത്തയിലൂടെയാണ്. അബി അവതരിപ്പിച്ച ആമിനത്താത്ത എന്ന സ്ത്രീ വേഷം ഇന്നും മലയാളികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതാണ്. തന്റെ കുടുംബത്തിലെ തന്നെ ഒരംഗത്തെ മാതൃകയാക്കിയാണ് അബി ആമിനത്താത്തായ്ക്ക് ജന്മം നൽകിയത്യ. തനി നാടൻ ശബ്ദശൈലിയും നാട്ടിൻപുറത്തെ മുസ്ളിം സ്ത്രീകളുടെ പെരുമാറ്റവും അക്ഷരാർത്ഥത്തിൽ അബി ഒപ്പിയെടുക്കുകയായിരുന്നു. മിമിക്രി കലാകാരനായ അബിക്ക് ഒരു വലിയ ബ്രേക്ക് നൽകിയ കഥാപാത്രമായിരുന്നു ആമിനത്താത്ത.

നയം വ്യക്തമാക്കുന്നു,​ കാസർകോട് കാദർഭായ്, സൈന്യം​,​ മൂന്നാം ലോക പട്ടാളം,​ വാർദ്ധക്യപുരാണം,മിമിക്സ് ആക്ഷൻ 500,​ മഴവിൽക്കൂടാരം,​ കിടിലോൽക്കിടിലം,​ ഏഴരക്കൂട്ടം, ചിലന്തി, അനിയത്തിപ്രാവ്, രസികൻ,​ കിരീടമില്ലാത്ത രാജാക്കന്മാർ,​ ദേശം,​ കിച്ചാമണി എം.ബി.എ,​ കൂതറ,​ ഹാപ്പി വെഡ്ഢിംഗ്,​ ചിക്കൻ കോക്കാച്ചി,​ തൃശ്ശിവപേരൂർ ക്ളിപ്തം എന്നീ സിനിമകളിൽ അഭിനയിച്ചു. ഹാപ്പി വെഡ്ഡിംഗ് എന്ന സിനിമയിൽ ഹാപ്പി എന്ന എസ്.ഐയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കറുത്ത സൂര്യന്‍ എന്ന ചിത്രത്തിലെ തന്റെ വേഷം ഗംഭീരമാക്കിയാണ് അബി വിട പറഞ്ഞതെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഇ. വി. മുഹമ്മദ് അലി ഐഇ മലയാളത്തോട് പറഞ്ഞു. ചിത്രം ഡിസംബര്‍ എട്ടിനാണ് റിലീസ് ചെയ്യുന്നത്.

സംവിധായകന്‍ ഇവിഎം അലി

സുമന്ത് എന്ന കഥാപാത്രത്തെയാണ് അബി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു പ്രശസ്ത മ്യൂസിക് ഡയറക്ടറുടെ അസിസ്റ്റന്റ് ആയാണ് അബി പ്രത്യക്ഷപ്പെടുന്നത്. മറ്റൊരു താരത്തിനും വഴങ്ങില്ലെന്ന് കണ്ടത് കൊണ്ടാണ് താന്‍ അഭിയെ ഇതിലേക്ക് ക്ഷണിച്ചതെന്ന് മുഹമ്മദ് അലി പറയുന്നു. വളരെ തന്മയത്വത്തോടെ തന്നെ അബി കഥാപാത്രത്തെ കൈകാര്യം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

‘അബിയോട് കഥാപാത്രത്തെ കുറിച്ച് സംസാരിച്ചതിന് ശേഷം അബി ഇത് ചെയ്യാമെന്ന് സമ്മതിച്ചു. രണ്ട് ദിവസത്തെ മാത്രം പരിചയമുളള നവാഗതനായ ഒരു സംവിധായകന്‍ എന്ന നിലയിലല്ല അദ്ദേഹം എന്നോട് പെരുമാറിയത്. ഇത്രയും പരിചയസമ്പന്നനായ വ്യക്തി സെറ്റില്‍ അടുപ്പത്തോടെ പെരുമാറുന്നത് ചിത്രീകരണത്തിനും സഹായകമായി’, സംവിധായകന്‍ പറഞ്ഞു.

‘ചിത്രീകരണ സമയത്ത് വളരെ ഉത്സാഹത്തോടെ കാണപ്പെട്ട അബിയുടെ മരണവിവരം ഞെട്ടിക്കുന്നതായിരുന്നു. ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന കൊച്ചുപ്രേമന്‍ ആണ് അബിയുടെ മരണവിവരം പറഞ്ഞത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. കറുത്ത സൂര്യന്റെ പൂര്‍ത്തീകരണത്തിന് അബിയോട് ഞാനെന്നും നന്ദിയുളളവനായിരിക്കും. അബിയുടെ അഭാവത്തിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്ന ദുഖം മാത്രമാണ് ബാക്കി’, സംവിധായകനായ അലി കൂട്ടിച്ചേര്‍ത്തു.

നടനും സംവിധായകനുമായ കൊച്ചിന്‍ ഹനീഫയുടെ സഹ സംധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട് സംവിധായകനായ ഇ. വി. മുഹമ്മദ് അലി. അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും എഴുതി ചിത്രം സംവിധാനം ചെയ്യുന്നത്. ഏഷ്യാനെറ്റിലെ ജനപ്രിയ സീരിയല്‍ ചന്ദനമഴയുടെ സംവിധായകനായ കൃഷ്ണകുമാര്‍ കൂടല്ലൂര്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ചിത്രം കൂടിയാണിത്. മലയാളത്തിന്റെ നിത്യ വസന്തമായിരുന്ന നടന്‍ ശ്രി പ്രേംനസീറിന്റെ കുടുംബാംഗം മുഹമ്മദ്‌ഷാ നായകനാകുന്നു എന്നതാണ് സംഗീതപ്രധന്യമുള്ള ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

കൂടാതെ പുതുമുഖം റിഷാദ് ശക്തമായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നായികയായി വേഷമിടുന്നത് മഞ്ജുഷ, മേഘ എന്നി പുതുമുഖങ്ങളാണ്.ഏഴ് ഗാനങ്ങളുള്ള ഈ ചിത്രത്തിന്റെ സംഗീത സംവിധാനം ഇ.വി.എം അലി തന്നെ നിര്‍വഹിച്ചിരിക്കുന്നു. കലാഭവന്‍ അബിക്ക് പുറമെ കൊച്ചു പ്രേമന്‍, നീന കുറുപ്പ്, പ്രിയങ്ക,ശിവജി ഗുരുവായൂര്‍, റസാക്ക് പാരടെയ്സ്, പ്രശാന്ത്‌ ഐസക്ക്,രശിധ് ബോസ് ,നാരായണന്‍ പയ്യന്നൂര്‍, സൈനുദ്ദീന്‍,ദിലീപ് കോഴിക്കോട് ,സാന്ദ്ര ,അലി ഖാൻ , ഉമ്മർ ഖാൻ , ജിബിൻ ചാക്കോ , മിലന്‍,ദീപു രാമശ്ശേരി , കലാഭവന്‍ അന്‍സാരി ,സ്വാമി നാഥന്‍,പ്രശാന്ത് കോട്ടയം ,മാസ്റ്റർ നിരഞ്ജൻ , ബേബി ലിയാന , എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

കൃഷ്ണ ദാസ്‌പള്ളത്തേരി ഇ.വി.എം അലി എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നതും കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്ന അലിയാനെന്ന പ്രത്യേകത കൂടിയുണ്ട്. വിജയ്‌ യേശുദാസ്‌, കണ്ണൂര്‍ ഷെരിഫ്, വിഷ്ണു ദാസ്‌ , ജാഫര്‍, ഹര്‍ഷ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ചായാഗ്രഹണം സന്തോഷ്‌ കോട്ടയത്തിന്റേതാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ