ബാലതാരമായി തിളങ്ങി പിന്നീട് അഭിനയത്തോടും സിനിമയോടുമെല്ലാം എന്നേക്കുമായി വിട പറഞ്ഞുപോയ നിരവധി കുട്ടിത്താരങ്ങൾ മലയാളത്തിലുണ്ട്. വർഷങ്ങൾക്കു ശേഷമുള്ള അവരുടെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ഏറെ കൗതുകം സമ്മാനിക്കുന്നവയാണ്. പ്രശസ്തമായ ചിത്രങ്ങളിൽ ബാലതാരമായി പ്രത്യക്ഷപ്പെട്ടവർ ഇപ്പോൾ എവിടെയാണെന്ന് അറിയാനുള്ള കൗതുകത്തോടെ അവരെ അന്വേഷിച്ചു കണ്ടെത്തുന്നവരും ഏറെയാണ്. ‘മാളൂട്ടി’ എന്ന ചിത്രത്തിൽ കൈക്കുഞ്ഞായ മാളൂട്ടിയായി എത്തിയ കുട്ടിയെ കണ്ടെത്തിയിരിക്കുകയാണ് സിനിമാസ്വാദകരുടെ കൂട്ടായ്മയായ മലയാളം മൂവി മ്യൂസിക് ഡാറ്റ ബേസ് (m3db).
മലയാളികൾക്ക് ഒന്നടങ്കം സുപരിചിതയായ ഒരു ഗായിക തന്നെയാണ് ആ കുട്ടിത്താരം എന്നതാണ് ഇതിലെ മറ്റൊരു കൗതുകം. അഭയ ഹിരൺമയിയാണ് ആ ബാലതാരം. ആറുമാസം പ്രായമുള്ളപ്പോഴാണ് അഭയ ‘മാളൂട്ടി’യിൽ അഭിനയിക്കുന്നത്. മൗനത്തിൻ ഇടനാഴിയിൽ എന്നു തുടങ്ങുന്ന ഗാനരംഗത്തിന് അവസാനം കുഞ്ഞു അഭയേയും കാണാം.
വേറിട്ട ശബ്ദവും ആലാപനവും കൊണ്ട് ശ്രദ്ധ നേടിയ ഗായികമാരിൽ ഒരാളാണ് അഭയ ഹിരൺമയി. അധികം പാട്ടുകളൊന്നും അഭയ പാടിയിട്ടില്ല. എന്നാൽ ഗൂഢാലോചനയിലെ കോഴിക്കോടൻ പാട്ട് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.
പ്രൊഫ. നെയ്യാറ്റിൻകര മോഹനചന്ദ്രന്റെ ശിഷ്യയും സംഗീതത്തിൽ ബിരുദാനന്തര ബിരുദധാരിയുമായ അമ്മ ലതികയിൽ നിന്നാണ് അഭയ സംഗീതത്തിന്റെ പ്രാഥമിക പാഠങ്ങൾ പഠിച്ചത്. സ്വാതി തിരുനാൾ മ്യൂസിക് കോളേജ് ഓഫ് മ്യൂസിക്കിലെ പ്രൊഫസറായ അച്ഛന്റെ സഹോദരനിൽ നിന്നും സംഗീതത്തെ കുറിച്ച് കൂടുതൽ അറിന് നേടി. അഭയയുടെ പിതാവ് ജി. മോഹൻ ദൂരദർശൻ കേന്ദ്രയുടെ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്നു. നടൻ കൊച്ചുപ്രേമന്റെ അനന്തരവൾ കൂടിയാണ് അഭയ.
തിരുവനന്തപുരത്ത് കാർമൽ സ്കൂളിലായിരുന്നു അഭയയുടെ വിദ്യഭ്യാസം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ആയിരുന്നു. എന്നാൽ സംഗീതം കരിയറായി തിരഞ്ഞെടുത്ത് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു.
ഏറെകാലം സംഗീത സംവിധായകൻ ഗോപി സുന്ദറുമൊത്തെ ലിവിംഗ് റിലേഷനായിരുന്നു അഭയ. എന്നാൽ അടുത്തിടെ ഇരുവരും വേർപിരിഞ്ഞു.
2014ൽ മലയാളം ചലച്ചിത്രഗാനങ്ങൾക്ക് പിന്നണി പാടിക്കൊണ്ടാണ് ഹിരൺമയി തന്റെ കരിയർ ആരംഭിച്ചത്. നാക്കു പെന്റ, നാകു ടാക്ക എന്ന ചിത്രത്തിൽ സ്വാഹിലി ഭാഷയിൽ പിന്നണി പാടിയായിരുന്നു അഭയയുടെ അരങ്ങേറ്റം. വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചന എന്ന ചിത്രത്തിലെ കോയിക്കോട് ഗാനമാണ് അഭയയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. ഈ പാട്ട് വലിയ ഓളം സൃഷ്ടിച്ച ഒന്നായിരുന്നു.