/indian-express-malayalam/media/media_files/uploads/2018/04/abba.jpg)
35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത സ്വീഡിഷ് മ്യൂസിക് ബാന്റായ അബ്ബ പുതിയ ഗാനവുമായി തിരിച്ച് വരുന്നു. തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയിലൂടെയാണ് തിരിച്ചു വരവ് അബ്ബ ആരാധകരുമായി പങ്കുവെച്ചത്.
''35 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കാനും റെക്കോര്‍ഡിംഗ് സ്റ്റുഡിയോയിലേക്ക് പോകാനും രസമായിരിക്കുമെന്ന് ഞങ്ങള്‍ നാല് പേര്‍ക്കും തോന്നി. ചെയ്തു. കുറച്ച് നേരത്തേക്ക് കാലം നിശ്ചലമായെന്ന് തോന്നി. വിട്ടു നിന്നിട്ട് വളരെ കുറച്ചേ ആയുള്ളൂവെന്ന് തോന്നി. വളരെ സന്തോഷം നല്‍കിയ അനുഭവമായിരുന്നു അത്,'' അബ്ബ പറയുന്നു.
രണ്ട് പുതിയ പാട്ടുകളുമായാണ് വീണ്ടുമെത്തുന്നതെന്നും അതിലൊന്നായ 'സ്റ്റില്‍ ഹാവ് ഫെയ്ത് ഇന്‍ യു' ബിബിസിയില്‍ സംപ്രേക്ഷണം ചെയ്യുമെന്നും അവര്‍ അറിയിച്ചു. തങ്ങള്‍ക്ക് പ്രായമായെങ്കിലും പാട്ടുകള്‍ക്ക് ചെറുപ്പമായിരിക്കുമെന്നും അബ്ബ ഉറപ്പു നല്‍കുന്നു. ഗ്രൂപ്പിന്റെ മാനേജറും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
1970 കളിലും 80 ന്റെ തുടക്കത്തിലും സംഗീത ലോകത്ത് തരംഗം സൃഷ്ടിച്ച സംഘമാണ് അബ്ബ. ബെന്നി ആന്റേഴ്‌സണ്‍, ബോണ്‍ ഉലാവെയ്‌സ്, ആനി-ഫ്രിഡ് ലിങ്ക്‌സ്റ്റാഡ്, അഗ്നെതാ ഫാള്‍റ്റ്‌സ്‌കോഗ് എന്നിവരാണ് സംഘത്തിലെ അംഗങ്ങള്‍. നാല് പേരുടേയും പേരിന്റെ ആദ്യത്തെ അക്ഷരങ്ങള്‍ ചേര്‍ത്താണ് ബാന്റിന്റേ പേര് രൂപികരിച്ചിരിക്കുകയാണ്.
യുകെ 1974-80 കാലഘട്ടത്തില്‍ ഒമ്പത് നമ്പര്‍ വണ്‍ ഹിറ്റ് ഗാനങ്ങള്‍ അബ്ബയുടേതായിട്ടുണ്ടായിരുന്നു. 1986 മുതല്‍ സംഘം സംഗീത ലോകത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഒരു സ്വകാര്യ പരിപാടിയിലും സംഘം പാടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.