ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ബി ടെക്കിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ജീവിച്ച് അഭിനയിച്ചതാണ് പ്രശ്നത്തിന് കാരണമായത്. ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ വിദ്യാര്‍ത്ഥികളുടെ ഒരു സമരം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.

കര്‍ണാടകയില്‍ നിന്നുള്ള 400ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് ചിത്രീകരണത്തിന് ഉണ്ടായിരുന്നത്. ഇതില്‍ കുറച്ചു പേര്‍ പൊലീസ് വേഷത്തിലുമായിരുന്നു. ലാത്തി കയ്യില്‍ കിട്ടിയതോടെ ഇവര്‍ യഥാര്‍ത്ഥ പൊലീസായി അഭിനയിച്ചതാണ് കയ്യാങ്കളിയിലേയ്ക്ക് എത്തിയത്. ലാത്തിചാര്‍ജ് സീനില്‍ ഇവരുടെ തല്ല് കാര്യമായതോടെ ആസിഫുള്‍പ്പെടെയുള്ള താരങ്ങള്‍ക്കെല്ലാം അടി കിട്ടിയെന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ മൃദുല്‍ നായര്‍ ഒരുക്കുന്ന ചിത്രമാണ് ബിടെക്.

അന്യഭാഷക്കാരായ ആര്‍ട്ടിസ്റ്റുകളായതിനാല്‍ സംഭവം നിയന്ത്രിക്കാന്‍ കഴിയാതെയും വന്നു. ഇതോടെ ഷൂട്ടിങ് നിര്‍ത്തിവച്ചു. സംഭവത്തിന് ശേഷം സംവിധായകന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ശകാരിക്കുകയും ചെയ്തു. ഇതോടെ പ്രകോപിതരായ സംഘം ലൊക്കേഷനിലെ വാഹനങ്ങളുടെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. പിന്നീട് പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ